Crisis | ആര്‍എസ്എസ് ബന്ധം ആടിയുലയുന്നു; എല്‍ഡിഎഫില്‍ 'പൂരം കലക്കലോ'?

 
ADGP's meeting with RSS leader causes political storm
ADGP's meeting with RSS leader causes political storm

Photo Credit: Facebook/ M R Ajith Kumar IPS

* തൃശൂരിലെ പരാജയത്തിന് പിന്നാലെ എഡിജിപി വിഷയത്തില്‍ സിപിഐയുടെ വിമർശനം.

ആദിത്യൻ ആറന്മുള 

(KVARTHA) ഇ.ടിയെ പുറത്താക്കി ടിപിയെ കണ്‍വീനറാക്കിയതോടെ ഇടത് മുന്നണിയിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്നാണ് പ്രവര്‍ത്തകരും നേതാക്കളും കരുതിയിരുന്നത്. എന്നാല്‍ നടന്നത് സാമ്പിള്‍ വെടിക്കെട്ടാണെന്നും യഥാര്‍ത്ഥ വെടിക്കെട്ട് ഇനി നടക്കാനിരിക്കുന്നേയുള്ളൂ എന്നുമാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി സര്‍ക്കാരിന് മാത്രമല്ല മുന്നണിക്കും തലവേദനയായി മാറിയിരിക്കുകയാണ്. പൂരം കലക്കാന്‍ മുഖ്യമന്ത്രി എഡിജിപിയെ ഉപയോഗിച്ചെന്ന് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ സിപിഐ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. 

 

Crisis

സര്‍ക്കാര്‍ ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അത്തരം നിലപാടുകള്‍ സ്വീകരിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആര്‍എസ്എസ് നേതാവിനെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണെന്ന് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കില്‍ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതില്‍ ആര്‍എസ്എസിന് പങ്കുണ്ട്. അങ്ങനെയുള്ള സംഘടനയുടെ നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് കേരളത്തിനറിയണമെന്നും ആവശ്യപ്പെട്ടു. 

അതിനര്‍ത്ഥം തൃശൂരിലെ പരാജയത്തില്‍ സിപിഐ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ്. അവരുടെ നിലപാടിനോട് തണുത്ത സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. താമസിയാതെ ഇത് പൊട്ടിത്തെറിയായി മാറിയേക്കും.

പൂരം കലക്കലുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷണം വേണമെന്ന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടു. രണ്ട് പേരും സിപിഎമ്മിനെ കുറ്റപ്പെടുത്താനോ, ആരോപണം ഉന്നയിക്കാനോ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടില്ലേ എന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് ശ്രമിച്ചത്. ഈ വിഷയം ഇവിടെ അവസാനിക്കില്ലെന്ന് അദ്ദേഹത്തിനുമറിയാം. എഡിജിപിയുടെ കസേര തെറിക്കാതെ പ്രശ്‌നം അടങ്ങില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പി.വി അന്‍വര്‍ എഡിജിപിക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചെങ്കിലും അതില്‍ ഏറെ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നത് ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും പൂരം കലക്കലുമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിയാണ് നടന്നത്. അത് വളരെ ഗൗരവതരമായ വിഷയമാണ്. അക്കാര്യം അന്വേഷിക്കാതിരിക്കാന്‍ ഇടതുമുന്നണിക്കാകില്ല. പ്രതിപക്ഷം ഈ ആരോപണത്തിന് മൂര്‍ച്ച കൂട്ടുന്നതിന് മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളില്‍ ചില വസ്തുതകളുണ്ട്. 

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം നിലച്ചമട്ടാണ്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണവും ഏതാണ്ട് അതുപോലെ തന്നെ. അതിന് വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎമ്മിനും ബിജെപിക്കും കഴിയുന്നില്ല. പൂരം അലങ്കോലമാക്കിയതിന്റെ കാരണം പറഞ്ഞ്  സിറ്റി പൊലീസ് കമ്മിഷ്ണറെ മാറ്റിയിരുന്നു. അന്ന് രാത്രി ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. 

എന്നിട്ടും പൊലീസിനെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണ്? ഇടത് മുന്നണിക്ക് വലിയ നാണക്കേടായി മാറിയതാണ് തൃശൂരിലെ പരാജയം. അതിന് കാരണക്കാരന്‍ എഡിജിപി ആണെങ്കില്‍ നടപടി വേണമെന്ന നിലപാടിലാണ് സിപിഐ. എന്നാല്‍ സിപിഎം ഇപ്പോഴും ഇതിനോട് യോജിച്ചിട്ടില്ല. പാര്‍ട്ടി ഇപ്പോഴും ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, സംസ്ഥാന സെക്രട്ടറിയോ തയ്യാറാകുന്നില്ല.

പൊലീസില്‍ സംഘപരിവാര്‍ സാനിധ്യം ശക്തമാണെന്ന ആരോപണം കെ മുരളീധരന്‍ അടക്കം ഉന്നയിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ മൗനാനുവാദം ഉണ്ടെന്ന ആക്ഷേപവുമുണ്ട്. സമീപകാലത്ത് ആര്‍എസ്എസ് അനുകൂല നിലപാട് പൊലീസില്‍ നിന്ന് ഉണ്ടാകുന്നെന്ന് വ്യാപകമായ പരാതിയുണ്ട്. അത് സിപിഎം പ്രവര്‍ത്തകരടക്കം ഉന്നയിച്ചിട്ടുമുണ്ട്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ കൊടുത്തിട്ടുണ്ട്, ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും സംശയമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു. 

സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ സിപിഎം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. എഡിജിപിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐയ്ക്ക് സംശയവുമുണ്ട്. അതിനൊക്കെ ബലംപകരുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ വിവാദങ്ങളോട് മുഖ്യമന്ത്രിയും മുഖംതിരിക്കുകയാണ്. മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയാല്‍ വിവാദം അവസാനിക്കും. എന്നാല്‍ വാര്‍ത്താകുറിപ്പിലൂടെ മറുപടി പറയാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിന് എംആര്‍ അജിത് കുമാറോ, മുഖ്യമന്ത്രിയോ വിശദീകരണം നല്‍കണം. സ്വകാര്യ സന്ദര്‍ശമെന്ന് പറഞ്ഞ് എഡിജിപിക്ക് ഒഴിഞ്ഞുമാറാനാകില്ല. പുരോഗമന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടു, അതാണ് ചോദ്യം. അതിന് വ്യക്തവും കൃത്യവുമായ ഉത്തരം പൊതുസമൂഹത്തിന് ലഭിച്ചെങ്കില്‍ മാത്രമേ ഇടത് മുന്നണിയിലെ പൂരം കൊടുങ്കാറ്റ് അവസാനിക്കൂ.

#ADGP, #RSS, #CPI, #KeralaPolitics, #LeftFront, #PoliticalControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia