Modi Govt | മൂന്നാമൂഴത്തില്‍ ചോര്‍ച്ചയും തകര്‍ച്ചയും; മോദി സർക്കാർ നേരിടുന്ന വെല്ലുവിളികൾ
ദക്ഷ മനു
(KVARTHA) മൂന്നാമൂഴത്തിന് മുമ്പ് 'സ്വയം ദൈവമായി അവതരിച്ച' വിശ്വമഹാഗുരു നരേന്ദ്രമോദിക്ക് അടിമുടി തെറ്റുന്നുവെന്ന് പ്രതിപക്ഷ വിമർശനം. സ്വന്തം ഭരണത്തിലെന്താണ് സംഭവിക്കുന്നതെന്നും അതിനുള്ള ശാശ്വതപരിഹാരം എന്താണെന്നും അദ്ദേഹത്തിന് തിരിച്ചറിയാനാകുന്നില്ലെന്നാണ് ആക്ഷേപം. രാജ്യത്തെ പ്രമുഖ ജ്യോത്സ്യന്മാര്‍ സമയം നോക്കിയും ഗണിച്ചും നിര്‍മിച്ച രാമക്ഷേത്രം ചോര്‍ന്നൊരിക്കുന്നു. 1800 കോടിയിലധികം രൂപ ചെലവാക്കി നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു അനാസ്ഥയുണ്ടായിട്ട് ഒരു പ്രതികരണം നടത്താന്‍ പോലും പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. രാമന്റെ പേരില്‍ ഭൂരിപക്ഷ ധ്രുവീകരണം നടത്തി നാനൂറ് സീറ്റ് മറികടക്കാനായിരുന്നു മോഹം. അയോധ്യയിലെ ശ്രീരാമനും അദ്ദേഹത്തിന്റെ ഭക്തജനങ്ങളും പുതിയ അവതാരപുരുഷനെയും പരിവാരങ്ങളെയും കൈവെടിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
അതിന് പിന്നാലെയാണ് ശ്രീകോവിലിലും ഗര്‍ഭഗൃഹത്തിലും വെള്ളം ചോര്‍ന്നൊലിക്കുന്നെന്ന് പ്രധാന പൂജാരി ദാസ് വെളിപ്പെടുത്തിയത്. ഇതേക്കുറിച്ചും ബിജെപി നേതാക്കളോ, പ്രധാനമന്ത്രിയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണ ബിജെപിയായിരുന്നു വിജയിച്ചത്. ഇത്തവണ സമാജ് വാദി പാര്‍ട്ടി ആ മണ്ഡലം വളരെ തന്ത്രപരമായി തിരിച്ചുപിടിച്ചു. ജനറല്‍ സീറ്റായ ഫൈസാബാദില്‍ ദളിത് നേതാവിനെ നിര്‍ത്തിയാണ് സീറ്റ് പിടിച്ചെടുത്തത്. സീറ്റുപോയതും അവിടെയൊരു ദളിതന്‍ വിജയിച്ചതും ബിജെപിയുടെ മുഖത്തേറ്റ അടിയായിമാറി. ഇതോടെ അയോധ്യനിവാസികളെ കുറ്റപ്പെടുത്തി രണ്ടാംനിര ബിജെപി നേതാക്കളെത്തി. എന്നാല്‍ അയോധ്യക്കാരുടെ വിഷമങ്ങള്‍ ഒരു ബിജെപിനേതാവും അന്വേഷിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. അതിനുള്ള മറുപടിയാണ് അവിടുത്തെ പരാജയം.
ക്ഷേത്രത്തിലേക്കുള്ള രാമ പാതയ്ക്കായി 13 കിലോമീറ്ററിന് ഇരുവശങ്ങളിലുമുള്ള 1,100 കടകളും വീടുകളുമാണ് യുപി ഭരണകൂടം ഇടിച്ചുനിരത്തിയതെന്ന് ആരോപണമുണ്ട്. അന്ന് തങ്ങളനുഭവിച്ച മാനസികാഘാതം ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ വീടും ജീവിതമാര്‍ഗമായ കടകളും ബുള്‍ഡോസറില്‍ തകര്‍ന്നടിയുന്നത് നോക്കിനില്‍ക്കാനേ ഇവര്‍ക്കായുള്ളൂ. ഇതുവരെ മാന്യമായ നഷ്ടപരിഹാരം പോലും കൊടുത്തിട്ടില്ല, ഭൂമി ഏറ്റെടുത്തെങ്കിലും മാര്‍ക്കറ്റ് വില നല്‍കിയില്ല. ഇത്രയും അനീതി നടന്നിട്ടും ഒരു ബിജെപി നേതാവും ഇവര്‍ക്ക് വേണ്ടി സംസാരിച്ചില്ല. പകരം പരാജയത്തിന് ശേഷം ഒറ്റുകാരെന്ന് മുദ്രകുത്തുകയാണ് ഉണ്ടായതെന്നും പ്രദേശവാസികൾ പരിതപിക്കുന്നു.
അയോധ്യയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമായത്. അവരെല്ലാം വാടകയ്‌ക്കോ, റോഡരികില്‍ കുടില്‍ കെട്ടിയോ ആണ് താമസിക്കുന്നത്. തലമുറകളായി ജീവിച്ചിരുന്ന വീടുകളും പരമ്പരാഗതമായി കൈമാറി കിട്ടിയ കടകളുമാണ് നിലംപരിശാക്കിയത്. ശ്രീരാമക്ഷേത്രം വന്നതില്‍ ഇവരെല്ലാം സന്തോഷിച്ചു, പക്ഷെ, അതിന് അവരുടെ ഉപജീവനവും വീടുകളും നല്‍കേണ്ടിവരുമെന്ന് കരുതിയില്ല. മാര്‍ക്കറ്റ് വിലയേക്കാള്‍ ആറിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന 2019ലെ സുപ്രീംകോടതി ഉത്തരവിന് ശേഷം മാര്‍ക്കറ്റ് വില പത്തിരട്ടി വര്‍ദ്ധിച്ചു. എന്നിട്ടും യോഗി സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ.
പാതി പൊളിച്ച വീടുകളും കടകളും നന്നാക്കാനായി ബന്ധുക്കളുടെ കയ്യില്‍ നിന്ന് വാങ്ങിയ കടം തിരിച്ച് കൊടുക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് നാട്ടുകാരില്‍ പലരും. രാമന്റെ പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കച്ചവടക്കാരില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. രാംനവമിയാണ് അയോധ്യയിലെ ഏറ്റവും വലിയ ഉത്സവം. ആ ഒരാഴ്ച കൊണ്ട് രണ്ട് മാസത്തേക്കുള്ള വരുമാനം ലഭിക്കും. ഇത്തവണത്തെ രാംനവമിക്ക് പ്രദേശവാസികളെയോ, പുറത്തുനിന്നുള്ള ഭക്തരെയോ അധികാരികള്‍ അടുപ്പിച്ചില്ല, വിഐപികളും ബിജെപി നേതാക്കളും അടക്കമാണ് ദര്‍ശനത്തിനെത്തിയത്. ഇതോടെ കച്ചോടം പൊളിഞ്ഞു. ജനം പോളിംഗ് ബൂത്തിലും 'പൊളിച്ചു'വെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മോദി സര്‍ക്കാര്‍ 2017ല്‍ ആരംഭിച്ച സ്വയംഭരണ ബോഡിയായ ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) നിലവില്‍ വന്ന ശേഷം 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നതെന്ന് ആരോപണമുണ്ട്. ഇതില്‍ ആറ് പ്രധാനപ്പെട്ട പരീക്ഷകളില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായാണ് പരാതി. ഇതില്‍ പലതിനും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന നീറ്റ്, നെറ്റ് പരീക്ഷയുടെയും നടക്കാനിരുന്ന നീറ്റ് യുജിയുടെയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. ഇതിലൊക്കെ ഭരണകക്ഷിയുമായി ബന്ധമുള്ളവരുടെ പങ്കാളിത്തം വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.
ശക്തമായ നടപടിയെടുക്കേണ്ടതിന് പകരം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് രാഷ്ട്രപതി പറയുന്നത്. ഹരിയാനയിലെ ജിജ്ജാര്‍ ജില്ലയിലെ ഹര്‍ദയാല്‍ സ്‌കൂളാണ് നീറ്റ് പരീക്ഷ തട്ടിപ്പിന്റെ പ്രധാനകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പരീക്ഷയെഴുതിയ ആറ് പേര്‍ക്ക് 720ല്‍ മുഴുവന്‍ മാര്‍ക്കും കിട്ടിയതോടെയാണ് സംശയം ബലപ്പെട്ടത്. യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റിന്റെ കുടുംബ സ്‌കൂളാണിതെന്ന് മനസിലായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. എന്‍ടിഎ ഡയറക്ടറെ മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് നോക്കിയതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വകലാശാല ജീവനക്കാരും ഉത്തരവാദിത്തത്തോടെ നടത്തിയിരുന്ന പരീക്ഷകള്‍ സ്വയംഭരണ ബോഡിയായ എന്‍ടിഎ ഏല്‍പ്പിച്ചതോടെയാണ് എല്ലാം അവതാളത്തിലായതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
പ്രവേശന പരീക്ഷകള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനെതിരെ പല സംസ്ഥാനങ്ങളില്‍ നിന്നും വ്യാപക എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ക്രമക്കേടുകളുണ്ടായകുമ്പോള്‍ പരീക്ഷ റദ്ദാക്കേണ്ടിവരും. കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്ക് വാങ്ങിയ ധാരാളം വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഇതിലൂടെ തകര്‍ന്നടിയുന്നത്. അതൊന്നും ഭരിക്കുന്നവര്‍ക്കൊരു പ്രശ്‌നമേയല്ല, കോടികള്‍ മുടക്കി പരീക്ഷാ പേ ചര്‍ച്ച നടത്തുന്നതിനാണ് അവര്‍ക്കൊക്കെ ഉത്സാഹമെന്നാണ് വിമർശനം.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ, ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു ടാക്‌സി ഡ്രൈവര്‍ മരിച്ചു. ഇതാണ് മോദി ഗ്യാരണ്ടി എന്ന വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. റൂഫ് ഷീറ്റും ബീമുകളും തകര്‍ന്നു. പല കാറുകള്‍ക്കും കേടുപാട് സംഭവിച്ചു. വിമാനത്താവളങ്ങള്‍ പോലെ തന്ത്രപ്രധാനമായ ഇടങ്ങളിലെ അവസ്ഥ ഇതാണ്. ഭരണനേതൃത്വം ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നുവരുന്നു.
ഇത്തരത്തില്‍ അടിമുടി അനാസ്ഥകളും കെടുകാര്യസ്ഥതകളും നിറഞ്ഞ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് ഇൻഡ്യ സഖ്യം നേതാക്കൾ പറയുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും മിന്നല്‍വേഗത്തില്‍ വളരുന്ന ലോകത്ത്, ചെങ്കോലും കിരീടവും പ്രതിഷ്ഠിച്ചും സ്വയം ദൈവമായി അവതരിച്ചും രാജ്യത്തെ ത്രേതായുഗത്തിലേക്ക് നയിക്കുന്ന ഭരണകര്‍ത്താക്കളെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും അല്ലാതെ തല്‍ക്കാലം വേറെ വഴിയില്ലെന്നുമാണ് നെറ്റിസൻസ് പ്രതികരിക്കുന്നത്.