Controversy | ശൈലജ ടീച്ചറുടെ പരാമർശത്തെ തള്ളി എൽഡിഎഫ് കൺവീനർ; കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തതിൽ തെറ്റില്ലെന്ന് ഇ പി ജയരാജൻ
'കോടതിയിൽ എല്ലാം അവതരിപ്പിക്കും. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചു'
കണ്ണൂർ: (KVARTHA) വടകരയിലെ വിവാദ കാഫിർ വിഷയത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തി. കെ കെ ശൈലജ എം.എൽ.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്ന് ജയരാജൻ പ്രതികരിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്.
കോടതിയിൽ എല്ലാം അവതരിപ്പിക്കും. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചു. കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു.
ദേശാഭിമാനിക്കെതിരെ നൽകിയ മാനനഷ്ട കേസിൽ ഹാജരാകുന്നതിനായി കണ്ണൂർ കോടതിയിൽ എത്തിയപ്പോഴാണ് ഇ.പി ജയരാജനെ മാധ്യമങ്ങൾ കാഫിർ വിഷയത്തിൽ പ്രതികരണത്തിനായി കണ്ടത്. കെ.കെ. ശൈലജയെ പരസ്യമായി തള്ളി പറഞ്ഞു കൊണ്ടാണ് ഇപി ജയരാജൻ പ്രതികരിച്ചത്.