Allegation | 'സുപ്രഭാതത്തിലെ പരസ്യത്തിൽ ജാഗ്രതക്കുറവുണ്ടായി'; കുറ്റക്കാർക്കെതിരെ ഉചിതമായ തീരുമാനം ഉടനെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്
● 'പരസ്യത്തിലെ വിഷയങ്ങളോട് യോജിക്കാൻ കഴിയില്ല'
● 'അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നു'
● 'സമസ്ത നേതാക്കൾ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'
കോഴിക്കോട്: (KVARTHA) പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതത്തിൽ വന്ന എൽഡിഎഫിന്റെ വിവാദ പരസ്യത്തിൽ പ്രതികരണവുമായി സുപ്രഭാതം മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. പരസ്യത്തിലെ വിഷയങ്ങളോട് തങ്ങൾക്ക് യാതൊരു നിലയിലും യോജിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യം സംബന്ധിച്ച് സമസ്ത നേതാക്കൾ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിലെ വിഷയവുമായി യാതൊരു യോജിപ്പുമില്ലെന്നും ബന്ധമില്ലെന്നും സുപ്രഭാതം ചെയർമാൻ തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയതാണെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.
എല്ലാവരുടേയും പരസ്യങ്ങൾ നൽകുന്നത് പോളിസിയുടെ ഭാഗമാണെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. നേതാക്കൾ ഈ വിഷയത്തിന് പരിഹാരം കാണാൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്നും അബ്ദുൽ ഹമീദ് ഫൈസി അഭ്യർഥിച്ചു.
#LDFadcontroversy #Suprabhatam #Palakkadbyelection #KeralaNews #MalayalamNews #PoliticalAdvertisement