Politics | അൻവറിനൊപ്പമോ പിൻമാറ്റമോ, കെ ടി ജലീൽ എന്തു പറയും? നിലപാടറിയുന്നതിനായി രാഷ്ട്രീയകേരളം കാതോർക്കുന്നു

 
kt jaleels stand on pv anvars allegations kerala watc
kt jaleels stand on pv anvars allegations kerala watc

Photo Credit: Arranged

● പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.
● കെ.ടി. ജലീലിന്റെ നിലപാട് എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
● അൻവറിനെ പിന്തുണയ്ക്കുകയാണെങ്കിൽ സിപിഎമ്മിൽ വിള്ളൽ വീഴും.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) പി വി അൻവർ ഉയർത്തുന്ന ആരോപണങ്ങൾ സിപിഎമ്മിനും സർക്കാരിനും വള്ളിക്കെട്ടായി മുറുകിയിരിക്കെ തുടക്കത്തിലെ പിൻതുണയുമായെത്തിയ തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ കെ ടി ജലീലിൻ്റെ നിലപാട് എന്തായിരിക്കുമെന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. ഡോ. കെ ടി ജലീൽ എഴുതിയ സ്വർഗസ്ഥനായ ഗാന്ധിജിയെന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ രണ്ടിന് മലപ്പുറം പാറക്കൽ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ജോൺ ബ്രിട്ടാസ് എം.പിയാണ് പത്മശ്രീ റാസിയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നത്. 

ജില്ലാ ലൈബ്രറി കൗൺസിലാണ് പരിപാടിയുടെ സംഘാടകർ. പി വി അൻവർ വിഷയത്തിൽ തൻ്റെ നിലപാട് ഗാന്ധി ജയന്തി ദിനത്തിൽ നടക്കുന്ന പുസ്തക പ്രകാശനത്തിന് ശേഷം വ്യക്തമാക്കുമെന്നാണ് കെ.ടി ജലീൽ തൻ്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിവാദ വിഷയങ്ങളിൽ എന്തായിരിക്കും ജലീലിൻ്റെ നിലപാടെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യമായിട്ടുണ്ട്.
പൊലീസിൻ്റെ അഴിമതി വൽക്കരണവും എ.ഡി.ജി പി എം ആർ അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടികാഴ്ച്ചയുമൊക്കെ തുടക്കത്തിലെ എതിർത്ത ഇടതു സ്വതന്ത്ര എം.എൽ.എയാണ് കെ.ടി ജലീൽ.

ഉദ്യോഗസ്ഥരുടെ അഴിമതിയെ എതിർക്കുന്ന കാര്യത്തിൽ താൻ അൻവറിനൊപ്പമാണെന്നും ഉദ്യോഗസ്ഥ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നീതിക്കായി പോരാടുമെന്നും ജലീൽ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അൻവർ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം കെ.ടി ജലീലാണെന്നത് ഇരുവരും നടത്തിയ കൂടിക്കാഴ്ചകളുടെ പുറത്തുവന്നചിത്രങ്ങളിൽ നിന്നും വ്യക്തമാണെന്നും പറയുന്നവരുണ്ട്. എന്നാൽ അൻവർ തൻ്റെ വിമർശനം കടുപ്പിച്ചു മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ ഒളിയമ്പായി എയ്തു തുടങ്ങിയതോടെ സംഗതി പന്തികേടിലേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ ജലീൽ സീൻ വിടുകയായിരുന്നു. 

എന്നാൽ അൻവർ നടത്തുന്ന പോരാട്ടങ്ങൾക്ക് കണ്ണുമടച്ച് പിൻതുണ നൽകിയാൽ കെ.ടി ജലീലും സി.പി.എമ്മിൻ്റെ ശത്രുപാളയത്തിലേക്ക് എത്തിച്ചേരും. ഇതോടെ രണ്ട് സ്വതന്ത്ര എം.എൽഎമാർ നഷ്ടപ്പെടുന്ന സാഹചര്യം എൽ.ഡിഎഫിനുണ്ടാകും. അൻവർ രൂപീകരിക്കുന്ന പുതിയ പാർട്ടിയിൽ ജലീലും ചേരുകയാണെങ്കിൽ മലപ്പുറത്ത് അതു പുതുചലനങ്ങൾ തന്നെ സൃഷ്ടിച്ചേക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാക്കളിൽ ഒരാളാണ് കെ.ടി ജലീൽ. ഒന്നാം പിണറായി സർക്കാരിൽ പ്രത്യേക സ്ഥാനവും പരിഗണനയും അദ്ദേഹത്തിന് മുഖ്യമന്ത്രി നൽകിയിരുന്നു. 

ക്ലിഫ് ഹൗസിൽ വിശേഷദിവസം വെച്ച പായസം പോലും ജലീൽ താമസിക്കുന്ന മന്ത്രി മന്ദിരത്തിക്കാനുള്ള വാത്സല്യം പിണറായി കാണിച്ചിരുന്നു. മാത്രമല്ല സി.പി.എം നടത്തിയ സംസ്ഥാന ജാഥയിൽ മുഖ്യമന്ത്രിയോടൊപ്പം മുൻനിരയിൽ പങ്കെടുത്ത സ്വതന്ത്ര എം.എൽ എ കൂടിയാണ് കെ.ടി ജലീൽ.
സി പി.എം അംഗമല്ലാതിരുന്നിട്ടും ഒരു സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ സ്ഥാനമാണ് പാർട്ടി അദ്ദേഹത്തിന് ഇതുവരെ നൽകിയിരുന്നത്. സി.പി.എമ്മിനെതിരെ അൻവർ നടത്തിവരുന്ന കടന്നാക്രമണങ്ങളിൽ ഏറെ പ്രതിരോധത്തിലാണ് സി.പി.എംനേതൃത്വം. അൻവർ നടത്തിയ മലപ്പുറത്തെയും കോഴിക്കോട്ടെയും വൻജനപങ്കാളിത്തം പാർട്ടിക്ക് മുൻപിൽ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ മറ്റൊരു ഇടത് സ്വതന്ത്ര എംഎൽഎ യായ കെ.ടി ജലീൽ വിവാദ വിഷയങ്ങളിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയാൻ പാർട്ടി നേതൃത്വത്തിന് ആകാംക്ഷയുണ്ട്. അൻവറിനൊപ്പമാണ് താനെന്ന് ജലീൽ പ്രഖ്യാപിക്കുകയാണെങ്കിൽ മലപ്പുറത്ത് അതു സി.പി.എമ്മിന് ഏറെ ദോഷം ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന ഇടത് അനുകൂല ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാകും. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ഉൾപ്പെടെയുള്ള മലബാറിലെ ജില്ലകളിലെ പല പഞ്ചായത്തുകളിലും കാറ്റു വീഴ്ചയുണ്ടായേക്കാം. എന്നാൽ അൻവറിനോപ്പമല്ല തൻ്റെ നിലപാടെങ്കിൽ ജലീലിനും ഏറെ പ്രതിസന്ധി നേരിടേണ്ടിവരും. 

അൻവർ പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സ്വർണക്കടത്തുകൾ റെയ്ഡു നടത്തി പിടികൂടുന്നതിനാലാണെന്ന ആരോപണം മുഖ്യമന്തി പച്ചയായി തന്നെ പറയുമ്പോൾ മലപ്പുറത്തെ ന്യൂനപക്ഷ വികാരത്തെ മറികടന്നുകൊണ്ടു ജലീൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കിയേക്കാം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർ.എസ്.എസ് പക്ഷപാതിയാണെന്ന വിമർശനം അൻവർ ഉന്നയിക്കുമ്പോൾ തൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറത്തെ പാർട്ടിയെ നയിച്ചയാൾ അങ്ങനെയാണോയെന്നു പറയാനുള്ള ധാർമ്മിക ഉത്തരവാദിത്വവും ജലീലിൽ വന്നുചേർന്നിട്ടുണ്ട്. 

ചുരുക്കത്തിൽ ചെകുത്താനും കടലിനും നടുക്കായ അവസ്ഥയിലാണ് ജലീൽ. അതുകൊണ്ടുതന്നെ എങ്ങും തൊടാത്ത അഴകൊഴമ്പൻ നിലപാട് അദ്ദേഹം സ്വീകരിക്കുമോ അതോ അൻവറിനെയോ പാർട്ടിയെയോ തള്ളി പറയുമോയെന്നതാണ് ഉയരുന്ന ചോദ്യം.

#KeralaPolitics #CPIM #KTJaleel #PVAnvar #Controversy #IndependentMLA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia