Criticism | സന്ദീപ് വാര്യരുടെ കൂടുമാറ്റം സ്വാഗതം ചെയ്ത് കെ ടി ജലീൽ, പക്ഷേ..!
● ജലീൽ സന്ദീപ് വാര്യരുടെ തീവ്രഹിന്ദുത്വ നിലപാടുകളെ ചൂണ്ടിക്കാട്ടി
● കോൺഗ്രസിന് പ്രത്യേക 'പ്രവിലേജ്' കിട്ടുന്നതായി ആരോപിച്ചു
● പഴയ നിലപാടുകൾ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി
മലപ്പുറം: (KVARTHA) ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ. തീവ്രഹിന്ദുത്വ പാർട്ടിയിൽ നിന്ന് മൃദുഹിന്ദുത്വ പാർട്ടിയിലേക്കുള്ള കൂടുമാറ്റം സ്വാഗതാർഹമാണെന്നും എന്നാൽ ശശികല ടീച്ചറും ഗോപാലകൃഷ്ണനും പറയുന്നത് പോലെ തനിവർഗീയത തുപ്പിയിരുന്ന സന്ദീപ് വാര്യർ ആ നിലപാടിൽ നിന്നെല്ലാം പിറകോട്ടു പോന്നോ എന്ന കാര്യം ഇനിയും വ്യക്തമാക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ലെന്നും ജലീൽ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.
സന്ദീപ് വാര്യർ ഫലസ്തീനിലെ അക്രമങ്ങളെ അപലപിക്കുന്നതിനു പകരം ഇസ്രാഈലിനെ പിന്തുണച്ചിരുന്നതായും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചിരുന്നതായും ജലീൽ ഓർമ്മിപ്പിച്ചു. കാശ്മീരിന് പ്രത്യേക അവകാശം നൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്തതും മുത്തലാഖ് ബില്ലിനെ പിന്തുണച്ചതും ബാബരി മസ്ജിദ് തകർത്തതിനെ അനുകൂലിച്ചതും സന്ദീപ് വാര്യരുടെ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് ഉദാഹരണങ്ങളാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി.
എന്തായാലും ചാനൽ റൂമുകളിലും എഫ്.ബിയിലും ഇരുന്നുള്ള മുസ്ലിംവിരുദ്ധ വിഷം ചീറ്റുന്ന ഒരാളെങ്കിലും കുറഞ്ഞുകിട്ടുമല്ലോ? അഡ്വ. ജയശങ്കറിനെയും ഗോപാലകൃഷ്ണനേയും വിനു വി ജോണിനെയും ശോഭാ സുരേന്ദ്രനെയും ശശികലട്ടീച്ചറെയും കൂടി മനം മാറ്റി മൃദുഹിന്ദുത്വ പാർട്ടിയായ കോൺഗ്രസിൽ എത്തിച്ചാൽ അത്രയും സാമൂഹ്യ വിപത്തിന് തടയിടാനാകുമെന്നും ജലീൽ പരിഹസിച്ചു.
കോൺഗ്രസിന് ലഭിക്കുന്ന പ്രത്യേക 'പ്രിവിലേജ്' കൊണ്ട് സന്ദീപിനെ ആരും ഭാവിയിൽ മുൻ ആർഎസ്എസുകാരനെന്ന് വിശേഷിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞതും പ്രസംഗിച്ചതും ഒരാളും പൊക്കിയെടുത്ത് കൊണ്ടുവരില്ലെന്നും ജലീൽ വിമർശിച്ചു.
കെ ടി ജലീലിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'സന്ദീപ് വാര്യരുടെ' പ്രിവിലേജ്!!!
സന്ദീപ് വാര്യർ ബി.ജെ.പിയിലെ മുസ്ലിംവിരുദ്ധ മുഖമായിരുന്നു. ഫലസ്തീനിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കൊപ്പമോ വധിക്കപ്പെടുന്ന സ്ത്രീപുരുഷൻമാർക്കൊപ്പെമോ അല്ല, കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൊന്നുതള്ളുന്ന ഇസ്രായേലിനെ ശക്തമായ പിന്തുണച്ച് നിന്നയാളാണ് സന്ദീപ് വാര്യർ. പൗരത്വ ഭേദഗതി നിയമത്തെ കയ്യും മെയ്യും മറന്ന് പിന്തുണച്ചയാൾ. കാശ്മീരിന് പ്രത്യേക അവകാശം നൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത മോദി സർക്കാരിൻ്റെ നിലപാടിനെ മനസ്സറിഞ്ഞ് സ്വാഗതം ചെയ്തയാൾ. മുത്തലാഖ് ബില്ലിനെ സഹർഷം വരവേറ്റയാൾ.
ബാബരി മസ്ജിദ് തകർത്തതിനെയും തൽസ്ഥാനത്ത് രാമക്ഷേത്രം പണിതതിനേയും ഹൃദയം കൊണ്ട് വരിച്ചയാൾ. കാശ്മീരികളെ വെടിവെച്ച് കൊന്ന് കുഴിച്ചുമൂടണമെന്ന് ആക്രോശിച്ചയാൾ. സന്ദീപിൻ്റെ നിലപാടുകൾ ഒരു ഘട്ടത്തിലും മിതവാദത്തിൽ ഊന്നിയതായിരുന്നില്ല. ബി.ജെ.പിയിലെ ശ്രീധരൻപിള്ളയുടെയും സി.കെ പത്മനാഭൻ്റെയും 'സ്കൂൾ ഓഫ് തോട്ടല്ല' സന്ദീപ് വാര്യറുടേത്. ശശികല ടീച്ചറും ഗോപാലകൃഷ്ണനും പറയുന്നത് പോലെ തനിവർഗ്ഗീയത തുപ്പിയിരുന്ന സന്ദീപ് വാര്യർ ആ നിലപാടിൽ നിന്നെല്ലാം പിറകോട്ടു പോന്നോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. അവയെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുമില്ല.
എന്തായാലും തീവ്രഹിന്ദുത്വ പാർട്ടിയിൽ നിന്ന് മൃദുഹിന്ദുത്വ പാർട്ടിയിലേക്കുള്ള അദ്ദേഹത്തിൻ്റെ കൂടുമാറ്റം സ്വാഗതാർഹമാണ്. ചാനൽ റൂമുകളിലും എഫ്.ബിയിലും ഇരുന്നുള്ള മുസ്ലിംവിരുദ്ധ വിഷം ചീറ്റുന്ന ഒരാളെങ്കിലും കുറഞ്ഞുകിട്ടുമല്ലോ? അഡ്വ: ജയശങ്കറിനെയും ഗോപാലകൃഷ്ണനേയും വിനു വി ജോണിനെയും ശോഭാ സുരേന്ദ്രനെയും ശശികലട്ടീച്ചറെയും കൂടി മനം മാറ്റി മൃദുഹിന്ദുത്വ പാർട്ടിയായ കോൺഗ്രസ്സിൽ എത്തിച്ചാൽ അത്രയും സാമൂഹ്യ വിപത്തിന് തടയിടാനാകും. ആർ.എസ്.എസ് ശാഖക്ക് കാവൽനിന്ന കെ.പി.സി.സി പ്രസിഡണ്ട് അതിനും കൂടി മുൻകയ്യെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സന്ദീപ് വാര്യറെപ്പോലുള്ള ഒരാൾക്ക് കിട്ടുന്ന 'പ്രത്യേക അവകാശം' അപാരം തന്നെ.
അദ്ദേഹത്തെ ആരും ഭാവിയിൽ മുൻ ആർ.എസ്.എസ്സുകാരനെന്ന് വിശേഷിപ്പിക്കില്ല. അദ്ദേഹം പറഞ്ഞതും പ്രസംഗിച്ചതും ഒരാളും പൊക്കിയെടുത്ത് കൊണ്ടുവരില്ല. ആ പ്രിവിലേജ് കിട്ടണമെങ്കിലുള്ള ആദ്യത്തെ യോഗ്യത 'സന്ദീപ് വാര്യർ' ആവണമെന്നുള്ളതാണ്. രണ്ടാമത്തേത് കോൺഗ്രസ്സിൽ തന്നെ ചേരണമെന്നുള്ളതാണ്.
#KeralaPolitics, #SandeepWarrier, #KTJaleel, #Congress, #BJP, #Hindutva