മുസ്ലിം ലീഗ് മതപരമായ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നു; സമസ്ത വിഷയത്തിൽ കെ ടി ജലീലിൻ്റെ വിമർശനം


● സമസ്തയുടെ അധികാര പരിധിയിലേക്ക് ലീഗ് കടക്കുന്നു.
● മതസ്ഥാപനങ്ങളെ ലീഗ് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു.
● ലീഗിന്റെ നീക്കം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കും.
● പള്ളികളും മദ്രസ്സകളും ലീഗ് ഓഫീസുകളായി മാറും.
● ബിജെപി ഭൂരിപക്ഷ വികാരം ചൂഷണം ചെയ്യുന്നു.
● ലീഗ് ന്യൂനപക്ഷ വികാരം ചൂഷണം ചെയ്യുന്നു.
● സമസ്തയെ വരുതിയിൽ നിർത്താൻ ലീഗ് ശ്രമിക്കുന്നു.
മലപ്പുറം: (KVARTHA) മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധികാര പരിധിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. ലീഗിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മതസ്ഥാപനങ്ങളെ ഉപയോഗിക്കുന്നത് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ജലീലിന്റെ പോസ്റ്റിൽ, മുസ്ലിം ലീഗ് പള്ളികളും മദ്രസ്സകളും പ്രാദേശിക ലീഗ് ഘടകങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നു. ഇത് സമുദായത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കും. ലീഗിന്റെ ഈ നീക്കം ശരിയായി തടഞ്ഞില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമാകും. കാലക്രമേണ പള്ളികളും മദ്രസ്സകളും ലീഗിന്റെ ഓഫീസുകളായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മതപരമായ വിഷയങ്ങളിൽ ലീഗിന്റെ അമിതമായ ഇടപെടലിനെ ജലീൽ വിമർശിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം മതപരമായ കാര്യങ്ങളിൽ ഇത്രയധികം ഇടപെടുന്നത് കേരളത്തിൽ മുമ്പെങ്ങുമില്ലാത്തതാണെന്നും ഇത് അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ഭൂരിപക്ഷ മതവികാരത്തെ ബി.ജെ.പി ചൂഷണം ചെയ്യുന്നതുപോലെ, മുസ്ലിം ലീഗ് ന്യൂനപക്ഷ മതവികാരത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു എന്ന് ജലീൽ ആരോപിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ വരുതിയിൽ നിർത്താൻ ലീഗ് ശ്രമിക്കുന്നു എന്നും ജലീൽ ആരോപിച്ചു. ഇതിന്റെ ഭാഗമായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ അദ്ധ്യാപകനെ പുറത്താക്കിയെന്നും സമസ്തയുടെ പ്രസിഡന്റിനെ ലീഗ് നേതാക്കൾ പരിഹസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും ജലീൽ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ജലീലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
സമസ്ത, ലീഗിൻ്റെ കളിപ്പാവയല്ല.
സമസ്തയേയും ഇസ്ലാമിക മത സംവിധാനങ്ങളെയും മുസ്ലിം ലീഗിൻ്റെ സ്വാർത്ഥ രാഷട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് മുസ്ലിം സമുദായത്തിൽ ഭിന്നിപ്പിനും സംഘർഷത്തിനും വഴിവെക്കുമെന്നതിൽ സംശയമില്ല. പള്ളികളും മദ്രസ്സകളും പ്രാദേശിക ലീഗ് ഘടകങ്ങളുടെ നിയന്ത്രണത്തിലാക്കാൻ മുസ്ലിംലീഗുകാർ നടത്തുന്ന കൊണ്ടുപിടിച്ച നീക്കങ്ങൾ ആ ഭിന്നിപ്പിൻ്റെ ആഴം കൂട്ടും. ലീഗിൻ്റെ കുതന്ത്രം ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും. കുറച്ചുകൂടി കഴിയുമ്പോഴേക്ക് ലീഗിൻ്റെ ഓഫീസുകളായി പള്ളികളും മദ്രസ്സകളും മറ്റു മത സ്ഥാപനങ്ങളും സമ്പൂർണ്ണമായി മാറ്റപ്പെടും. അതോടെ പള്ളി-മദ്രസ്സാ തർക്കങ്ങൾക്ക് രാഷ്ട്രീയ മാനം കൈവരും. പള്ളിയങ്കണങ്ങൾ മനുഷ്യരുടെ ചോര വീണ് കുതിരും. മസ്ജിദുകളിൽ കൊലവിളി ഉയരും. മുമ്പെന്നപോൽ ആരാധനാലയങ്ങളുടെ മുറ്റത്ത് മയ്യിത്തുകൾ (മൃതദേഹങ്ങൾ) വീഴും. കുണ്ടൂർ ഉസ്താദിൻ്റെ മകൻ കുഞ്ഞുവിൻ്റെയും മലയമ്മയിലെ ഖാദറിൻ്റെയും മണ്ണാർക്കാട്ടെ സഹോദരങ്ങളുടെയും നിലവിളികൾ കൊണ്ട് നമ്മുടെ ഗ്രാമങ്ങൾ തേങ്ങും. നാടും വീടും നടുങ്ങും. ഒരേ വീട്ടിൽ നിന്ന് രണ്ടും മൂന്നും ശവശരീരങ്ങൾ ഒരുമിച്ച് ഖബർസ്ഥാനിലേക്ക് (ശ്മശാനം) എടുക്കപ്പെടന്ന സ്ഥിതി ആവർത്തിക്കപ്പെടും. പ്രതികാര ദാഹത്താൽ മനസ്സുകൾ ആളിക്കത്തും. മനുഷ്യരുടെ ആർത്തനാദം ചുറ്റുപാടുകളിൽ അലയൊലി കൊള്ളും.
ദൈനംദിന മത വിഷയങ്ങളിൽ ലീഗിനെപ്പോലെ ഇടപെടുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ വേറെ ഇല്ല. ഒരേ സമയം ലീഗിൻ്റെ പരമോന്നത നേതൃത്വം, മതാചാര്യ പദവിയായി വിശ്വസിക്കപ്പെടുന്ന ‘ഖാളി’ (വിധികർത്താവ്) സ്ഥാനങ്ങൾ കയ്യാളുന്നു. മത ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. അന്ത്യകർമ്മങ്ങൾക്ക് കാർമ്മിയാകുന്നു. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ഒരു ബിഷപ്പോ മഠാധിപതിയോ ആത്മീയാചാര്യനോ കൈകാര്യം ചെയ്യുന്നില്ല. അങ്ങിനെ ഉണ്ടായാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ!
മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയാൽ ഉണ്ടാകുന്ന അപകടമാണ് വർത്തമാന ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഭൂരിപക്ഷ മതവികാരത്തെ ബി.ജെ.പി ചൂഷണം ചെയ്യുന്ന രീതി മുസ്ലിം ലീഗ് ന്യൂനപക്ഷ മതവികാരത്തെ മറയാക്കി ചെയ്യുന്നത് പലപ്പോഴും കാണേണ്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ക്രൈസ്തവരും സിക്കുകാരും മറ്റു മതവിഭാഗങ്ങളും ആ മാർഗ്ഗം അവലംബിച്ചാലത്തെ സ്ഥിതി ഒന്ന് ചിന്തിച്ചു നോക്കൂ!
ഒന്നുകിൽ ലീഗൊരു രാഷ്ട്രീയ പാർട്ടിയാവുക. അതല്ലെങ്കിൽ ഒരു മത സംഘടനയാവുക. രണ്ടു തോണിയിൽ കാലും വെച്ചുള്ള ലീഗിൻ്റെ യാത്ര അധിക കാലം തുടരാൻ പറ്റില്ല. മതനേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ശക്തമായ പ്രതിഷേധം നാനാഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ രാഷ്ട്രീയ നേതാക്കൾ മത കർമ്മങ്ങൾ കൈകാര്യം ചെയ്താൽ ആരും ഒന്നും മിണ്ടാറില്ല. പരസ്പരം ഓരോരുത്തരും അവരവരുടെ അതിർവരമ്പുകൾ ലംഘിക്കാതെ നോക്കണം. ഒരു ബഹുസ്വര സമൂഹത്തിൽ അതാണ് ആരോഗ്യകരം.
ദൗർഭാഗ്യവശാൽ മുസ്ലിംലീഗ് ‘സമസ്ത’യുടെ അധികാര പരിതിയിലേക്ക് അതിക്രമിച്ചു കടന്നിരിക്കുന്നു. കാട്ടാന നാട്ടിലിറങ്ങി നാശം വിതക്കുന്ന പോലെ മതരംഗത്ത് നഷ്ടനഷ്ടങ്ങൾക്ക് ഹേതുവാകുന്നത് ആരും കണ്ടെന്ന് നടിച്ച മട്ടില്ല. മതേതര രാഷ്ട്രീയത്തിനു പകരം തികച്ചും ’മത രാഷ്ട്രീയത്തെ’യാണ് കുറച്ചു കാലമായി മുസ്ലിംലീഗ് കൊണ്ടാടുന്നത്. കരുതലോടെ ലീഗ് നീങ്ങിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ കേരള രാഷ്ടീയത്തിൽ ഉണ്ടാക്കാൻ അതിടവരുത്തും. ഉത്തേരേന്ത്യൻ രാഷ്ട്രീയത്തെ ബി.ജെ.പി ഹിന്ദുത്വവൽക്കരിച്ചതു പോലെ മലബാർ രാഷ്ട്രീയം പൂർണ്ണമായും മുസ്ലിം വൽക്കരിക്കാനാണ് ലീഗ് ശ്രമം. ഇത് ബഹുസ്വര രാട്രീയത്തിൻ്റെ സന്തുലിത സ്വഭാവം ദുർബലമാക്കും. മുസ്ലിം ലീഗ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിന് അടിപ്പെട്ട് തുടങ്ങിയത് മുതൽക്കാണ് ഇത്തരമൊരു മറയില്ലാത്ത നീക്കത്തിന് രണ്ടും കൽപ്പിച്ച് ലീഗ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്തുവില കൊടുത്തും മുസ്ലിം സമുദായം അത്തരം ശ്രമങ്ങളെ പ്രതിരോധിക്കണം. അല്ലെങ്കിൽ അതിൻ്റെ ദുരന്തം മുസ്ലിം സമുദായം ഒന്നിച്ച് അനുഭവിക്കേണ്ടി വരും.
സമസ്തയേയും അതിൻ്റെ നേതാക്കളെയും ചൊൽപ്പടിക്ക് നിർത്താൻ തീക്കൊള്ളി കൊണ്ടാണ് ലീഗ് തല ചെറിയുന്നത്. ഒരു മത സംഘടന ചെയ്യേണ്ടതാണ് ഹജ്ജ് ക്യാമ്പുകൾ നടത്തുക എന്നത്. എന്നാൽ കുറച്ചു കാലമായി ‘പൂക്കോട്ടൂർ ഹജ്ജ്’ എന്ന പേരിൽ ലീഗ് സംഘടിപ്പിച്ചു പോരുന്ന ‘മതചടങ്ങ്’ ഇതിനുദാഹരണമാണ്. ഏതാനും മാസങ്ങൾക്കു മുമ്പാണ് ‘ഹജ്ജ് തീർത്ഥാടക സേവാ സംഘം’ എന്ന പേരിൽ ഒരു ‘ഹജ്ജ് പരിവാറിന്’ ലീഗ് രൂപം നൽകിയത്. ‘ഹജ്ജ് സേവാ സേനയുടെ’ സഹ കമാൻ്റർ (ജനറൽ കൺവീനർ) ലീഗ് നേതാവ് ടി.വി ഇബ്രാഹിം എം.എൽ.എയാണ്. നമസ്കരിക്കുന്നവർക്കും റംസാൻ മാസത്തിൽ നോമ്പു നോൽക്കുന്നവർക്കും ‘സേവനം’ ചെയ്യാൻ ഒരു ‘നമസ്കാര സേവാ ഭാരതി’ വൈകാതെ ലീഗ് ഉണ്ടാക്കിയാൽ അൽഭുതപ്പെടേണ്ടതില്ല. അതിൻ്റെ കൺവീനറായി പി.കെ ബഷീർ എം.എൽ.എ ആയാലും ആരും ഞെട്ടരുത്. ഒരുപക്ഷെ അതിന് കളമൊരുക്കാനാകാം സമസ്തയുടെ അധികാരത്തലേക്കുള്ള മുസ്ലീംലീഗിൻ്റെ ബെല്ലും ബ്രേക്കുമില്ലാത്ത ഇരച്ചു കയറ്റം.
മുസ്ലിങ്ങളിലെ ഭൂരിപക്ഷങ്ങളായ സുന്നികളുടെ ശക്തമായ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അവരെ വരുതിയിൽ നിർത്താൻ പഠിച്ച പണി പതിനെട്ടും ലീഗ് പയറ്റി. എന്നാൽ എല്ലായിപ്പോഴുമെന്ന പോലെ ലീഗിൻ്റെ 'ഹൈജാക്കിംഗ്' ഇത്തവണ നടന്നില്ല. നട്ടെല്ലുള്ള നേതാക്കൾ സമസ്തക്കുണ്ടായതാണ് കാരണം. അതിൽ അരിശം പൂണ്ടാണ് പട്ടിക്കാട് ജാമിആ നൂരിയാ അറബിക് കോളേജിൽ നിന്ന് നൂറിൽ നൂറ് മാർക്കു കൊടുക്കാൻ യോഗ്യനായ മതാദ്ധ്യാപകൻ, അസ്ഗറലി ഫൈസിയെ നിഷ്കരുണം പുറത്താക്കിയത്. അതിൽ അരിശം പൂണ്ടാണ് സമസ്തയുടെ അദ്ധ്യക്ഷൻ സയ്യിദുനാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിക്കാനും ഇകഴ്ത്തിക്കെട്ടാനും ഒളിഞ്ഞും തെളിഞ്ഞും ലീഗ് നേതാക്കൾ ശ്രമിക്കുന്നത്. ലീഗ് നേതൃത്വത്തിന് അനഭിമതരായ സുന്നീ പണ്ഡിതന്മാരെ വേട്ടയാടുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല. 'സുപ്രഭാതം' പത്രത്തിൻ്റെ വരിക്കാരെ മുടക്കിയും, പരസ്യം തടഞ്ഞും സുന്നീ ശബ്ദത്തെ ഇല്ലാതാക്കാൻ നോക്കുന്നതിൻ്റെ ഹേതുവും വേറെയല്ലല്ലോ?.
പ്രയാസപ്പെടുന്നവരുടെ കൂടെനിൽക്കുക എന്നത് നീതിബോധമുള്ള ഏതൊരു മനുഷ്യൻ്റെയും ചുമതലയാണ്. ആ ദൗത്യമേ ഈ വിനീതനും ചെയ്യുന്നുള്ളൂ. എല്ലാ മനുഷ്യരും ഒന്നിച്ചു നിൽക്കണമെന്നാണ് എൻ്റെ ആഗ്രഹം. ആളുകളെ ഒന്നിൻ്റെ പേരിലും തട്ടുകളാക്കി വേർതിരിക്കാൻ പാടില്ല. നന്മ ചെയ്യുന്നവർക്കുള്ളതാണ് സ്വർഗ്ഗമെന്ന് എല്ലാ മതങ്ങളും പഠിപ്പിച്ചതും അതുകൊണ്ടാണ്. അന്യായത്തിന് കൂട്ട് നിൽക്കുന്നവർക്കും ചൂട്ടു പിടിക്കുന്നവർക്കും അവർ ഏത് ധാരയിലായാലും സ്വർഗ്ഗ ലബ്ധി സാദ്ധ്യമല്ല. സ്വർഗ്ഗം, നരകം, പരലോകം, ഇതൊക്കെ എല്ലാ മതക്കാർക്കും വെവ്വേറെയാണെന്ന അർത്ഥത്തിൽ സംസാരിച്ച ബഹുമാന്യനായ ഡോ: ബഹാവുദ്ദീൻ കൂരിയാട് അവർകൾ, ഓരോ മതക്കാർക്കും വെവ്വേറെ ദൈവങ്ങളാണെന്നും വാദിക്കുമോ? മുസ്ലിങ്ങൾക്ക് അള്ളാഹുവും, ഹൈന്ദവർക്ക് ഈശ്വരനും, ക്രൈസ്തവർക്ക് ഈശോയുമാണ് പ്രപഞ്ച നാഥൻ എന്നതല്ലേ വികല ചിന്ത! ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും പടച്ച തമ്പുരാൻ ഒന്നാണ്. ജീവിതത്തിൽ തിൻമയെക്കാൾ നന്മ ഒരംശം മുന്തിനിന്നാൽ അവനുള്ളതാണ് സ്വർഗ്ഗം. അതാണ് ഞാൻ പറഞ്ഞതിൻ്റെ പൊരുൾ. അതറിയാത്ത ആളല്ല ബഹാവുദ്ദീൻ സാഹിബ്.
എൻ്റെ നിരീക്ഷണവും സമസ്തയിലെ പ്രശ്നങ്ങളും തമ്മിൽ എന്താ ബന്ധം! കമ്മ്യൂണിസ്റ്റുകാരല്ലല്ലോ സമസ്തയിൽ കുഴപ്പമുണ്ടാക്കിയത്? വെറുതെ എന്തിനാ എന്നെപ്പോലുള്ള സാധുക്കളുടെ മേൽ ഇല്ലാത്ത ‘കഴിവ്’ ചാർത്തി നൽകുന്നത്? ഞാൻ ആരെയും ഭിന്നിപ്പിക്കാൻ നോക്കിയിട്ടില്ല. ന്യായത്തിൻ്റെയും സത്യത്തിൻ്റെയും കൂടെനിന്നുട്ടുണ്ട്. അത് പാപമാണെങ്കിൽ ആദരണീയനായ ബഹാവുദ്ദീൻ സാഹിബേ, നമുക്ക് വിധിനിർണ്ണയ നാളിൽ കാണാം. അങ്ങേക്കു സലാം.
കെ.ടി. ജലീലിന്റെ ഈ നിരീക്ഷണങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
KT Jaleel criticizes Muslim League for interfering in Samastha's affairs and using religious institutions for political gains, warning it could divide the community.
#KeralaNews #MuslimLeague #KTJaleel #Samastha #KeralaPolitics #ReligiousAffairs