Controversy | മൂന്നും നാലും വിക്കറ്റ് വീഴുമോ? അൻവറും ജലീലും അപ്പോഴും പറയണം ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി എന്ന്
• മലപ്പുറം എസ്‌പി ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി.
• കെ.ടി. ജലീൽ ഇതിനെ 'രണ്ടാം വിക്കറ്റ്' എന്നാണ് വിശേഷിപ്പിച്ചത്.
• മലപ്പുറം പൊലീസിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) ജലീൽ മാഷേ, വിക്കറ്റ് വീണു എന്ന് പറയാൻ അയാളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതൊന്നുമല്ലല്ലോ. ഇതിപ്പോ, കുളത്തിൽ നിന്ന് ചാടിയാ വലയിലേക്ക്, വലയിൽ നിന്ന് ചാടിയാകുളത്തിലേക്ക് എന്ന് പറഞ്ഞ പോലെയായി. ഇപ്പോൾ കെ ടി ജലീൽ എം.എൽ.എ കുറിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. എസ്പിയെ മാറ്റിയതോടെ രണ്ടാം വിക്കറ്റും വീണെന്ന് കെടി ജലീൽ പോസ്റ്റിൽ പറയുന്നു. മലപ്പുറം എസ്പി ശശിധരൻ സംഘി മനസുള്ള 'കൺഫേഡ് എൈപിഎസു'കാരനാണ്. ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവിന്റെ കുറ്റി, അതും വൈകാതെ തെറിക്കും. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിടാൻ കാരണമുണ്ട്. മലപ്പുറം പൊലീസിൽ സര്‍ക്കാര്‍ വന്‍ അഴിച്ച് പണി നടത്തിയിരുന്നു. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റിയതിന് പുറമെ മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റിയിരുന്നു. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് ബെന്നി. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം വി മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധ പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസിൽ നിന്നായിരുന്നു. മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വര്‍ മലപ്പുറം എസ്‍ പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതില്‍ നിന്നാണ് ചില പ്രശ്നങ്ങള്‍ മറനീക്കി പുറത്തേക്ക് വരുന്നത്. പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും നീങ്ങുകയുണ്ടായി.
ഇതിന് പിന്നാലെയാണ് മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണി നടത്തിയത്. ഇതിനെ ആഘോഷമാക്കിയായിരുന്നു കെ.ടി.ജലീൽ എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ്. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം അത്ര വലിയ ശിക്ഷയോ, ആരെ പറ്റിക്കാനാണ് ഈ പ്രഹസനം, എന്തായാലും അൻവറിന് ജലീലിനും പൂർണ തൃപ്തിയായി, അല്ലാതെ മറ്റുവഴി ഇല്ലല്ലോ. ആർഎസ്എസിന് വേണ്ടി ചരട് വലിച്ചവന് ഒരു സ്ഥലം മാറ്റം കൊണ്ട് എല്ലാം അവസാനിച്ചു എന്നാണ് നമ്മളെ ജലീൽ കരുതുന്നത്, മൂന്നും നാലും വിക്കറ്റ് - അൻവറും ജലീലും അപ്പോഴും പറയണം ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി എന്ന് ഇങ്ങനെയുള്ള വിമർശനങ്ങളാണ് കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പിനു നേരെ കമൻ്റുകളായി പ്രവഹിക്കുന്നത്.
ഇത് പോലീസിലെ സ്വാഭാവിക നടപടിയുടെ ഭാഗമായ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലം മാറ്റ നടപടി മാത്രമാണെന്ന് ഓർക്കണം. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാത്രമാണോ മാറ്റിയിട്ടുള്ളത്. അല്ല, പത്തോളം ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിൽ എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ആർക്കും പണിഷ്മെന്റ് ട്രാൻസ്ഫർ ആയിട്ടല്ല ട്രാൻസ്ഫർ നൽകിയിട്ടുള്ളത് എന്നതും മറക്കരുത്. ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റിയതിന് ഇത്രക്ക് ആഘോഷിക്കാനുണ്ടോ?. ഇവരെ നയിക്കുന്ന സംഘികളുടെ നേതാവും ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയെ മാറ്റിയതിനാണ് ഈ വാഴ്ത്തുപ്പാട്ടെങ്കിൽ നമുക്ക് അത് അംഗീകരിക്കാമായിരുന്നുവെന്നും പ്രതികരണങ്ങളുണ്ടായി.
ഇതിപ്പോൾ വാഴ്ത്തുപ്പാട്ട് മാത്രമായി ഒതുക്കാൻ ഓച്ചു ചെപ്പടി വിദ്യ, അത്രകണ്ടാൽ മതി. വിക്കറ്റിന് വേണ്ടി പന്ത് എറിയുമ്പോൾ വിക്കറ്റ് വീഴുമ്പോൾ ആ പന്ത് ചെന്ന് കൊള്ളുന്നത് ആ വകുപ്പ് നിയന്ത്രിക്കുന്നവരുടെ നെഞ്ചത്താണ്. വകുപ്പ് കൃത്യമായി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇവർ ഇങ്ങനെ അഴിഞ്ഞാടുമായിരുന്നോ. ഇതാണ് ജലീലിനെപ്പോലുള്ള വിദ്യാഭ്യസമുള്ളവർ ചിന്തിക്കേണ്ടത്. അല്ലെങ്കിൽ ജനങ്ങളുടെ വെറും പരിഹാസകൻ ആകുമെന്നതാണ് സത്യം. ഇതിൽ ചിരിക്കാൻ ഉള്ളത് ഈ വിക്കറ്റ് തെറിക്കുന്ന കളിക്കാരൊക്കെ പിണറായിയുടെ ടീമിൽ ആണെന്നുള്ളതാണ്.
ജലീൽ മാഷേ, നിങ്ങളുടെ ക്യാപ്റ്റൻ ഐ ജി ലക്ഷമണയെ തിരിച്ചു സർവീസിൽ എടുത്തത് മറക്കണ്ട. സുജിത്ദാസിനും ശശിധരനും അജിത്കുമാറും ഇതേ പാതയിൽ വൈകാതെ തിരിച്ചുവരുമെന്ന് ആർക്കാണ് അറിയാത്തത്. അപ്പോഴും കാണണം ഈ ആവേശവും ആഹ്ളാദവും. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറി എന്ന് പറഞ്ഞാൽ മതിയില്ലേ?
#KTJaleel #MalappuramPolice #PoliceTransfers #KeralaPolitics #Controversy #PoliticalAnalysis