KSRTC | ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് കുടുങ്ങിയ കെഎസ്ആർടിസി ഡ്രൈവർ അതേ ഡിപ്പോയിൽ തന്നെ ജോലിയിൽ പുന:പ്രവേശിച്ചു; വിവാദം


സാധാരണയായി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്ന ജീവനക്കാരെ തെക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റുകയാണ് കോർപറേഷൻ ചെയ്യുന്നത്
കണ്ണൂർ: (KVARTHA) മദ്യപിച്ചു വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർ ബ്രീത്ത് അനലൈസറിൽ കുടുങ്ങിയാലും വകുപ്പ് തലത്തിൽ പേരിന് മാത്രം നടപടിയെടുക്കുന്നതായി ആരോപണം ഉയരുന്നു. യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയുയർത്തുന്ന രീതിയിൽ, കണ്ണൂർ-കാസർകോട് ദേശീയ പാതയിൽ ടൗൺ ടു ടൗൺ ബസുകൾ ഉൾപ്പെടെ ഓടിക്കുന്നവരിൽ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന ചില ഡ്രൈവർമാരുണ്ടെന്നാണ് വിവരം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിട്ടതോടെയാണ് വകുപ്പ് തലത്തിൽ ബ്രീത്ത് അനൈലസർ ഉപയോഗിച്ചു മേൽ ഉദ്യോഗസ്ഥൻമാരുടെ പരിശോധന തുടങ്ങിയത്.
രണ്ടു മാസം മുൻപ് പയ്യന്നൂർ ഡിപ്പോയിൽ നിന്നും അമിതമായി മദ്യപിച്ച ഒരു ഡ്രൈവറെ പിടി കൂടിയിരുന്നു. ഇയാളെ അന്വേഷണ വിധേയമായി കെ.എസ്.ആർ.ടി.സി എംഡിയുടെ ഉത്തരവിൽ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അതേ ഡിപ്പോയിൽ തന്നെ തിരിച്ചെടുത്തിരിക്കുകയാണ്. ഉയർന്ന ഉദ്യോഗസ്ഥരും യൂനിയൻ നേതാക്കളും നടത്തിയ ഒത്തുകളിയിലൂടെയാണ് ആരോപണ വിധേയന് അതേ ഡിപ്പോയിൽ തന്നെ ജോലിക്ക് കയറാൻ അവസരമൊരുങ്ങിയതെന്നാണ് ആരോപണം.
സാധാരണയായി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്ന ജീവനക്കാരെ തെക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റുകയാണ് കോർപറേഷൻ ചെയ്യുന്നത്. എന്നാൽ ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം പയ്യന്നൂർ ഡിപ്പോയിലേക്ക് ജീവനക്കാരൻ ബൂമറാങ്ങുപോലെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. ഈ സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അതൃപ്തി പുകയുന്നുണ്ട്. നേരത്തെ ഇതിനു മുൻപും സമാനമായി രീതിയിൽ പയ്യന്നൂർ ഡിപ്പോയിൽ മറ്റൊരു ജീവനക്കാരനെ കൂടി മൃദു ശിക്ഷ നൽകി തിരിച്ചെടുത്തിരുന്നു.
കെ.എസ്. ആർ.ടി.സി ദീർഘദൂര ബസുകളിൽ ഉൾപ്പെടെ ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിക്കുന്നതായാണ് ആരോപണം. ഇത് യാത്രക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് കെ സ്വിഫ്റ്റ് ബസ് ഡ്രൈവർ ഡ്യൂട്ടിയിലിരിക്കെ ബസിൻ്റെ ഡ്രൈവിങ് സീറ്റിൽ മദ്യം സൂക്ഷിക്കുകയും യാത്ര പുറപ്പെടാനായ നേരത്ത് മദ്യം കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് കരാർ ജീവനക്കാരനായ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു.
കണ്ണൂർ ജില്ലയില ചില ഡിപ്പോകളിൽ അനധികൃത ബാറുകൾ പ്രവർത്തിക്കുന്നതായി നേരത്തെ യാത്രക്കാരിൽ നിന്നും ആരോപണമുയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഗതാഗത വകുപ്പുമന്ത്രിയുടെ ഉത്തരവ് പ്രകാരം നടത്തുന്ന റെയ്ഡിൽ പുറത്തുവരുന്നതെന്നാണ് പറയുന്നത്.
രാത്രിയിൽ ഏറെ വൈകി ദീർഘദൂര ബസുകൾ ഓടിക്കുന്ന ഡ്രൈവർമാരാണ് മൂഡുണ്ടാക്കാൻ മദ്യത്തെ ആശ്രയിക്കുന്നത്. ഇതു വൻദുരന്തങ്ങൾ വിളിച്ചു വരുത്തുമെന്ന ആശങ്ക ശക്തമാണ്. സാധാരക്കാരായ ഇരു ചക്രവാഹനക്കാരെ ഓടിച്ചിട്ടു റോഡിൽ പിടിക്കുന്ന പൊലീസ് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും സർവീസ് നടത്തുന്ന ബസുകളിലും റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.