വികസന സദസ് വെറും തട്ടിക്കൂട്ട് പരിപാടി; കോടികൾ ചെലവഴിച്ച നവകേരള സദസ്സിന്റെ അവസ്ഥ എന്തായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്


● തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ പരാജയം ജനങ്ങൾ തിരിച്ചറിയും.
● വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിനെതിരെ വിധിയെഴുതും.
● ഇരിട്ടിയിൽ മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്.
കണ്ണൂർ: (KVARTHA) വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്.
സർക്കാർ നടത്താൻ പോകുന്നത് വെറും തട്ടിക്കൂട്ട് പരിപാടിയാണെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം, കോടിക്കണക്കിന് രൂപ ചെലവഴിച്ച നവകേരള സദസ്സിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ഒരു പദ്ധതിപോലും കേരളത്തിൽ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പിരിച്ചെടുത്തും സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചും 2023-ൽ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നല്ലോ. അതിന് എത്ര രൂപ ചെലവാക്കി? ആ യാത്രയുടെ പേരുപോലും നിങ്ങളും ഞാനുമടക്കം മറന്നുപോയി. ഒരു രൂപയുടെ പദ്ധതിപോലും അതിന്റെ പേരിൽ നടപ്പാക്കിയിട്ടുണ്ടോ? ഒരു കടുകുമണിയുടെ നേട്ടംപോലും കേരളത്തിന് ഉണ്ടായിട്ടുണ്ടോ?’ അദ്ദേഹം ചോദിച്ചു.
രണ്ടാമത് മുഖ്യമന്ത്രി വീണ്ടും ഒരു ജനസമ്പർക്ക പരിപാടി നടത്തിയല്ലോ. ഇതൊരു തട്ടിപ്പാണ്. ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കലാണ്. ഇതാണോ വികസനം? ഒരു പഞ്ചായത്തിന്റെ കാലാവധി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോവുകയാണ്.
ഈ സർക്കാരിന്റെയും അവരുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനെതിരായ വിധിയെഴുത്തിന് ജനങ്ങൾ കാത്തിരിക്കുകയാണ്. അതിനെ എന്തെങ്കിലും പുകമറ കൊണ്ട് തടയാമെന്ന് കരുതുന്നത് നടക്കില്ലെന്ന് സണ്ണി ജോസഫ് ഇരിട്ടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കൂടുതൽ ചർച്ചകൾക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യൂ.
Article Summary: KPCC chief Sunny Joseph criticizes govt's 'Vikasana Sadas' as a gimmick.
#KeralaPolitics #PinarayiVijayan #SunnyJoseph #KPCC #KeralaElection #LDF