കാണാൻ പോയത് നാട്ടുകാരിയായതുകൊണ്ട്; കോടതി ശിക്ഷിച്ചത് മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതികൾ കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് കെ കെ ശൈലജ എംഎൽഎ


● ജയിലിൽ പോകേണ്ടി വന്നതോടെ കുടുംബം വിഷമത്തിലാണെന്ന് ശൈലജ.
● കോടതി വിധിയെ തള്ളപ്പറയുന്ന സമീപനം സ്വീകരിച്ചിട്ടില്ല.
● 30 വർഷത്തിനു ശേഷമാണ് സി.പി.എം. പ്രവർത്തകരെ ശിക്ഷിച്ചത്.
● സംഭവം വിവാദമായതിനെ തുടർന്നാണ് എം.എൽ.എ.യുടെ പ്രതികരണം.
കണ്ണൂർ: (KVARTHA) ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ എം.പി.ക്കെതിരെ നടന്ന വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടവർ പാർട്ടി പ്രവർത്തകരായതുകൊണ്ടാണ് അവരെ കാണാൻ പോയതെന്ന് കെ.കെ. ശൈലജ എം.എൽ.എ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പ്രതിചേർക്കപ്പെട്ടവർ ആ കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ അക്കാലത്ത് സ്കൂൾ അധ്യാപകനും മറ്റൊരാൾ സർക്കാർ ജീവനക്കാരനുമാണ്. അവർ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും വിശ്വാസം.

അവരെ അറിയുന്നവർ അങ്ങനെ പറയില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. ജയിലിൽ പോകേണ്ടി വന്നതോടെ അവരുടെ കുട്ടികളും കുടുംബാംഗങ്ങളും വലിയ വിഷമത്തിലാണ്. എന്നാൽ, താൻ കോടതി വിധിയെ തള്ളപ്പറയുന്ന സമീപനം സ്വീകരിച്ചിട്ടില്ല. തന്റെ പ്രദേശത്തെ പാർട്ടി പ്രവർത്തകരും ശിക്ഷിക്കപ്പെട്ടവരുടെ കുടുംബവും സങ്കടത്തിലായിരുന്നു. അവർക്കൊപ്പം പാർട്ടി പ്രവർത്തകയെന്ന നിലയിൽ പങ്കുചേരുകയാണ് ഉണ്ടായതെന്നും കെ.കെ. ശൈലജ പറഞ്ഞു.
പ്രതികൾക്ക് യാത്രയയപ്പ് നൽകിയതിനെ അവർ ന്യായീകരിച്ചു. നാട്ടുകാരിയെന്ന നിലയിലാണ് താൻ യാത്രയയപ്പിൽ പങ്കെടുത്തത്. നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരാണവർ. താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാണ്, അവരും പാർട്ടി പ്രവർത്തകരാണ്.
തന്റെ അറിവിൽ നാട്ടിലെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ്, മാന്യമായി ജീവിതം നയിക്കുന്നവരാണവർ. ഏതെങ്കിലും കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ല പോയത്. പക്ഷേ, കോടതി വിധിയെ മാനിക്കുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. അവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എം.പിയുമായ സി. സദാനന്ദൻ മാസ്റ്ററെ ഉരുവച്ചാൽ ടൗണിൽവെച്ച് ആക്രമിക്കുകയും ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്ത കേസിൽ 30 വർഷത്തിനു ശേഷമാണ് എട്ട് സി.പി.എം. പ്രവർത്തകരെ ഏഴുവർഷം തടവിന് ശിക്ഷിച്ചത്.
ഹൈകോടതിയും സുപ്രീംകോടതിയും വിടുതൽ ഹരജി തള്ളിയതിനു ശേഷമാണ് പ്രതികളെ തലശ്ശേരി സെഷൻസ് കോടതി ജയിലിലടച്ചത്. ഇവർക്ക് തിങ്കളാഴ്ച സി.പി.എം. പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ നൽകിയ യാത്രയയപ്പിലാണ് കെ.കെ. ശൈലജ എം.എൽ.എ. ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് കെ.കെ. ശൈലജയുടെ പ്രതികരണം.
രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: KK Shailaja defends attending farewell for convicted party workers.
#KKSailaja, #CPM, #SadanandanMaster, #KeralaPolitics, #Kannur, #Controversy