Strike | ആശാവർക്കർമാരുടെ സമരം സംഘപരിവാർ സ്പോൺസർഡ് പരിപാടിയെന്ന് കെ കെ ഷാഹിന; 'എസ്‌യുസിഐ സംഘപരിവാറിന്റെ ബി ടീം ആയി പ്രവർത്തിക്കുന്ന സംഘടന'


● ആശമാർക്ക് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളമാണ്.
● ആശമാരുടെ അടിസ്ഥാന പ്രശ്നം അവരെ തൊഴിലാളികളായി അംഗീകരിക്കാത്തതാണ്.
● സമരം ചെയ്യുന്നവരുടെ ലക്ഷ്യം ആശമാരുടെ ക്ഷേമമല്ല, അവരുടെ താല്പര്യങ്ങൾ വേറെയാണ്.
തിരുവനന്തപുരം: (KVARTHA) ആശാവർക്കർമാരുടെ സമരം എന്ന പ്രയോഗം തന്നെ തെറ്റാണെന്നും, എസ്‌യുസിഐ നേതൃത്വം നൽകുന്ന ആശാവർക്കർമാരുടെ ട്രേഡ് യൂണിയൻ നടത്തുന്ന സമരം എന്ന് തന്നെ പറയണമെന്നും മാധ്യമ പ്രവർത്തക കെ കെ ഷാഹിന. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആശമാർ സമരം ചെയ്യുമ്പോൾ സി.ഐ.ടി.യുവിന്റെ സമരം എന്ന് വിശേഷിപ്പിക്കുന്നവർ, ഇപ്പോൾ സ്വതന്ത്ര ആശമാർ - ഗവൺമെന്റ്/ സിപിഎം എന്ന ഒരു നരേറ്റീവ് സൃഷ്ടിച്ചെടുക്കുന്നത് അത്ര നിഷ്കളങ്കമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അവർ ആരോപിച്ചു.
ഇപ്പോൾ എസ്‌യുസിഐ യുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒരു സംഘപരിവാർ സ്പോൺസർഡ് പരിപാടി ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടെന്നും സാമാന്യ രാഷ്ട്രീയ ജാഗ്രത മതിയെന്നും ഷാഹിന കെ കെ പറയുന്നു. കേരളത്തിൽ കഴിഞ്ഞ കുറെ കാലമായി സംഘപരിവാറിന്റെ ബി ടീം ആയി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്‌യുസിഐ. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ ആർഎസ്എസിന്റെ ആലയിൽ കൊണ്ട് കെട്ടാനുള്ള കാലാൾ പട ആയിരുന്നു അവർ. ഇത് ഒരു ആരോപണം ഒന്നുമല്ല. വസ്തുതയാണ്. അവരുടെ സേവ് യൂണിവേഴ്‌സിറ്റി ഫോറം അതിനായി അച്ചാരം വാങ്ങി പ്രവർത്തിച്ചിരുന്ന സംഘടനയാണെന്നും അവർ കൂട്ടിച്ചേർത്തു.
ആശമാരുടെ സമരത്തിൽ ശോഭ സുരേന്ദ്രനും മുരളീധരനും സുരേഷ്‌ഗോപിക്കുമൊക്കെ കിട്ടിയ സ്വീകാര്യത ശ്രദ്ധേയമാണ്. ആശ സ്കീം തുടങ്ങിയ കാലത്ത് നിന്ന് നയാപൈസ വർധിപ്പിച്ചിട്ടില്ലാത്ത, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സ്ഥിരമായി കുടിശിക ഇടുന്ന, സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറക്കുന്ന യൂണിയൻ സർക്കാറിനോടും അവരുടെ വക്താക്കളോടും, സമരം ചെയ്യുന്ന എസ്‌യുസിഐക്ക് ഒരു പ്രശ്നവുമില്ലെന്നും നല്ല സൗഹൃദമാണെന്നും ഷാഹിന കെ കെ ചൂണ്ടിക്കാട്ടി.
ആശമാർക്ക് ഏറ്റവും ഉയർന്ന ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. രാജ്യമെമ്പാടും -കേരളത്തിലടക്കം ആശമാർക്ക് കിട്ടുന്ന തുക തുച്ഛമാണ് എന്ന കാര്യത്തിൽ സംശയമേയില്ല. അത് കൂട്ടണം. പക്ഷേ ഏറ്റവും ഉയർന്ന ഒണറേറിയം കൊടുക്കുന്നത് കേരളമാണ് എന്ന വസ്തുത തമസ്കരിക്കുന്നതിന് പിന്നിൽ വേറെ അജണ്ട ഉണ്ടെന്നും അവർ പറയുന്നു.
കെ കെ ഷാഹിനയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആശാവർക്കർമാരുടെ സമരം എന്ന പ്രയോഗം തന്നെ തെറ്റാണ്.
SUCI നേതൃത്വം നൽകുന്ന ആശാവർക്കർമാരുടെ ട്രേഡ് യൂണിയൻ നടത്തുന്ന സമരം എന്ന് തന്നെ പറയണം.
CITU വിന്റെ നേതൃത്വത്തിൽ ആശമാർ സമരം ചെയ്യുമ്പോൾ CITU വിന്റെ സമരം എന്ന് വിശേഷിപ്പിക്കുന്നവർ,ഇപ്പോൾ സ്വതന്ത്ര ആശമാർ Vs ഗവൺമെന്റ്/ സിപിഎം എന്ന ഒരു നരേറ്റീവ് സൃഷ്ടിച്ചെടുക്കുന്നത് അത്ര നിഷ്കളങ്കമല്ല.
ഇപ്പോൾ SUCI യുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒരു സംഘപരിവാർ സ്പോൺസർഡ് പരിപാടി ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട. സാമാന്യ രാഷ്ട്രീയ ജാഗ്രത മതി.
കേരളത്തിൽ കഴിഞ്ഞ കുറെ കാലമായി സംഘപരിവാറിന്റെ ബി ടീം ആയി പ്രവർത്തിക്കുന്ന സംഘടനയാണ് SUCI. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ
RSS ന്റെ ആലയിൽ കൊണ്ട് കെട്ടാനുള്ള കാലാൾ പട ആയിരുന്നു അവർ. ഇത് ഒരു ആരോപണം ഒന്നുമല്ല. വസ്തുതയാണ്.
അവരുടെ സേവ് യൂണിവേഴ്‌സിറ്റി ഫോറം അതിനായി അച്ചാരം വാങ്ങി പ്രവർത്തിച്ചിരുന്ന സംഘടനയാണ്.
ആശമാരുടെ സമരത്തിൽ ശോഭ സുരേന്ദ്രനും മുരളീധരനും സുരേഷ്‌ഗോപിക്കുമൊക്കെ കിട്ടിയ സ്വീകാര്യത കണ്ടല്ലോ. ആശ സ്കീം തുടങ്ങിയ കാലത്ത് നിന്ന് നയാപൈസ വർധിപ്പിച്ചിട്ടില്ലാത്ത, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സ്ഥിരമായി കുടിശിക ഇടുന്ന, സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറക്കുന്ന യൂണിയൻ സർക്കാറിനോടും അവരുടെ വക്താക്കളോടും, സമരം ചെയ്യുന്ന SUCI ക്ക് ഒരു പ്രശ്നവുമില്ല. നല്ല സൗഹൃദമാണ് താനും.
ആശമാർക്ക് ഏറ്റവും ഉയർന്ന ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. അതിവിടെ പറയേണ്ടി വരുന്നത്, മറിച്ചുള്ള കള്ളപ്രചാരണങ്ങൾ ഇവർ നടത്തുന്നത് കൊണ്ടാണ്. രാജ്യമെമ്പാടും -കേരളത്തിലടക്കം ആശമാർക്ക് കിട്ടുന്ന തുക തുച്ഛമാണ് എന്ന കാര്യത്തിൽ സംശയമേയില്ല. അത് കൂട്ടണം.
പക്ഷേ ഏറ്റവും ഉയർന്ന ഒണറേറിയം കൊടുക്കുന്നത് കേരളമാണ് എന്ന വസ്തുത തമസ്കരിക്കുന്നതിന് പിന്നിൽ വേറെ അജണ്ട ഉണ്ട്.
ആശമാർ നേരിടുന്ന അടിസ്ഥാന പരമായ പ്രശ്നം അവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല എന്നതാണ്.
അവരെ തൊഴിലാളികളായി അംഗീകരിക്കണം എന്ന ആവശ്യം CITU വർഷങ്ങളായി മുന്നോട്ട് വെക്കുന്നുണ്ട്. തൊഴിലാളികളായി അംഗീകരിച്ചാൽ മാത്രമാണ് മിനിമം വേതനം അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റൂ. അത് ചെയ്യേണ്ടത് ആരാണ്? അത് ചെയ്യേണ്ടത് യൂണിയൻ ഗവണ്മെന്റാണ്. കാരണം ഇതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. അങ്ങനെ ഒരു ആവശ്യം ഈ സമരക്കാർ മുന്നോട്ട് വെക്കുന്നുണ്ടോ? ഇല്ല. എന്താണ് കാരണം? അങ്ങനെ ആവശ്യപ്പെട്ടാൽ സമരപ്പന്തലിൽ വരുന്ന സുരേഷ് ഗോപിക്ക് പാട്ട് പാടി കൊടുക്കാൻ പറ്റുമോ? ഇല്ല. ഇപ്പോൾ സമരം ചെയ്യുന്ന ഈ സംഘടനയുടെ ലക്ഷ്യം ആശമാരുടെ ക്ഷേമമല്ല എന്നുറപ്പാണ്. അവരുടെ താല്പര്യങ്ങൾ വേറെയാണ്.
സംസ്ഥാന സർക്കാറിനോടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയോടും എനിക്ക് ധാരാളം വിമർശനങ്ങൾ ഉണ്ട്. പക്ഷേ സംഘപരിവാറുമായി ചേർന്ന് നടത്തുന്ന സമരനാടകങ്ങൾ കണ്ട് കയ്യടിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം എനിക്കുണ്ട്. സമരം ചെയ്യുന്ന മുഴുവൻ ആശമാരും ഈ നാടകത്തിലെ കഥാപാത്രങ്ങൾ ഒന്നുമല്ല. പാവപ്പെട്ട മനുഷ്യരാണ്. ഈ സമരം കൊണ്ട് ജീവിതത്തിൽ എന്തെങ്കിലും മെച്ചം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു വന്നവർ. അവരെ നയിക്കുന്ന സംഘടനയുടെ യഥാർത്ഥ അജണ്ട എന്താണെന്ന് അറിയാത്ത മനുഷ്യരാണ്. അവരെ പാട്ടപിരിവുകാർ എന്നൊക്കെ അധിക്ഷേപിക്കുന്നത് തോന്നിവാസമാണ്. പാട്ടപിരിവിലൂടെ തന്നെയാണ് ഇടത് പക്ഷ രാഷ്ട്രീയം വളർന്നത്.
നട്ടാൽ കുരുക്കാത്ത നുണകളാണ് സമരത്തെ നയിക്കുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ഇറക്കി വിട്ടു എന്നായിരുന്നു ആദ്യത്തെ നുണ. അദ്ദേഹം തിരുവനന്തപുരത്തെ വിട്ടീൽ ഉണ്ടായിട്ടേ ഇല്ലെന്ന് മന്ത്രി പറയുന്നു. കള്ളം പറഞ്ഞു വ്യക്തി ഹത്യ നടത്തിയതിന് അവർ നോട്ടീസ് അയക്കുകയും ചെയ്തു.
ആശമാരുടേത് സന്നദ്ധ സേവനം എന്നത് മാറ്റി നിർബന്ധിത സേവനം ആക്കി കൊണ്ട് കഴിഞ്ഞ LDF സർക്കാർ ഉത്തരവ് ഇറക്കി എന്നായിരുന്നു സമര നേതാവ് എസ് മിനി പറഞ്ഞ മറ്റൊരു കള്ളം. ആ ഉത്തരവിന്റെ കോപ്പി പുറത്ത് വിട്ട് സംസ്ഥാന സർക്കാരിന്റെ വായടപ്പിക്കാൻ ഇവർ തയ്യാറാവട്ടെ. അതെന്ത് കൊണ്ടാണ് അവർ ചെയ്യാത്തത്?
ഇപ്പോൾ നടക്കുന്ന സമരത്തെ പിന്തുണച്ചു കൊണ്ട് കേരള ഫെമിനിസ്റ്റ് ഫോറം പ്രസ്താവന ഇറക്കിയിരുന്നു. ആ ഫോറത്തിന്റെ ഭാഗമാണ് ഞാനും. പക്ഷേ ആ പ്രസ്താവനക്ക് ഞാൻ അനുകൂലമല്ല. അത് ഫോറത്തിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സമരത്തിൽ പങ്കാളികളായ സാധാരണക്കാരായ ആശമാരോട് ഒന്നേ പറയാനുള്ളൂ. നാളെ നടക്കുന്ന നിയമ സഭാ മാർച്ചിൽ സംഘർഷം ഉണ്ടാക്കണം എന്നും അതിന് യു ഡി എഫ് പോരാ, ബിജെപി തന്നെ വേണം എന്നുമൊക്ക വാട്സപ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്യുന്നവരെ നിങ്ങൾ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
KK Shaheen critiques SUCI-led strike, calling it politically motivated and linked to Sangh Parivar, pointing out the hypocrisy in their narrative about workers’ rights.
#SanghParivar, #KKShaheen, #SUCI, #KeralaProtests, #WorkersRights, #KeralaPolitics