Political Leader | കെ കെ രാമചന്ദ്രൻ മാസ്റ്റർ വിട വാങ്ങിയിട്ട് 4 വർഷം; രാഷ്ട്രീയത്തിൽ തിളങ്ങിയ അധ്യാപകൻ

 
 KK Ramachandran Master during his political career in Kerala
 KK Ramachandran Master during his political career in Kerala

Image Credit: Facebook/ KK Ramachandran Master

● എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു രാമചന്ദ്രൻ മാസ്റ്റർ.
● തലശേരിക്കടുത്ത ചൊക്ലി  നിടുമ്പ്രത്ത് 1936 ഡിസംബർ 11 നു ആയിരുന്നു  ജനനം. 
● 1957-ൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. ● 1980-ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

(KVARTHA) കൽപറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് വയനാട്ടിൽ നിന്ന്  തുടർച്ചയായി 26 വർഷം കേരള നിയമസഭയിലെ ജനപ്രതിനിധിയും  കോൺഗ്രസ് നേതാവും അധ്യാപകനും രണ്ടു ഘട്ടങ്ങളിലായി സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ വിടവാങ്ങിയിട്ട് ജനുവരി ഏഴിന് നാല് വർഷം. എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിലാണ് അംഗമായത്. 

തലശേരിക്കടുത്ത ചൊക്ലി  നിടുമ്പ്രത്ത് 1936 ഡിസംബർ 11 നു ആയിരുന്നു  ജനനം. വയനാട്ടിൽ  അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചെങ്കിലും പിന്നീട്  അധ്യാപക വൃത്തി ഉപേക്ഷിച്ച് തൊഴിലാളി സംഘടന  പ്രവർത്തനം വഴി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. 1954-ൽ യൂത്ത് കോൺഗ്രസിൻ്റെ നെടുമ്പ്രം വില്ലേജ് കമ്മറ്റി സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. 1957-ൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 

അധ്യാപക ജീവിതം തുടർന്നു എങ്കിലും 1979ൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി അധ്യാപക ജോലി രാജിവച്ചു. 1969 മുതൽ 1974 വരെ വയനാട് ഉൾക്കൊള്ളുന്ന അവിഭക്ത ജില്ലയായിരുന്ന കോഴിക്കോട് ഡിസിസിയുടെ സെക്രട്ടറിയായ രാമചന്ദ്രൻ മാസ്റ്റർ പിന്നീട് 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചുനിന്നു.

1988ൽ കെ മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനത്തോടെ ലീഡർ കെ കരുണാകരനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രാമചന്ദ്രൻ മാസ്റ്റർ ഐ ഗ്രൂപ്പ് ഉപേക്ഷിച്ച് എ ഗ്രൂപ്പിൻ്റെ നേതാവായി. 1970-1971 കാലത്ത് കെപിസിസി അംഗമായും കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

1980-ൽ കോഴിക്കോട് ഡിസിസി പ്രസിഡൻറായ രാമചന്ദ്രൻ മാസ്റ്റർ 1984-ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് 1982-ലും 1987-ലും സുൽത്താൻ ബത്തേരിയിൽ നിന്ന് തന്നെ വീണ്ടും എം.എൽ.എ ആയി. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപറ്റയിൽ നിന്നു നിയമസഭ അംഗമായ മാസ്റ്റർ 1996-ലും 2001-ലും വീണ്ടും കൽപറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1995-1996-ലെ എ കെ ആൻറണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2006-ൽ കൽപറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും ജനതാദളിലെ എം വി ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടു.

2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ട് വച്ച് തന്റെ 84-ാമത് വയസിൽ നാല് വർഷം മുൻപ്  ഇതേ ദിവസം  അന്തരിച്ചു.


#KKRamachandran, #KeralaPolitics, #CongressLeader, #SultanBathery, #Wayanad, #PoliticalLegacy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia