LDF | എല്‍ഡിഎഫില്‍ 'ഉഷ്ണതരംഗം'; പിണറായി മാറേണ്ടി വരുമോ? തിരിച്ചടികള്‍ പോസ്റ്റുമോര്‍ട്ടത്തിന്

 
Kerala LS polls: Internal conflict in LDF
Kerala LS polls: Internal conflict in LDF


അമിതമായ ന്യൂനപക്ഷ പ്രീണനമാണ് പിണറായിക്കും സിപിഎമ്മിനും എതിരെ മറ്റുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നിന്നില്ല എന്നതും തിരിച്ചടിയായി. 

ആദിത്യൻ ആറന്മുള

(KVARTHA) തമ്പ്രാന്റെ തിരുവായ്ക്ക് എതിര്‍വായില്ല- എന്നത് പോലെ, സിപിഎമ്മില്‍ പിണറായിക്ക് നേരെ ആരും അനങ്ങില്ല എന്നായിരുന്നു സ്ഥിതി, അത്  മാറുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഇത് മാറ്റത്തിന്റെ കൊടുങ്കാറ്റാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വി സിപിഎമ്മിന് പുത്തരിയല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം ചരിത്രത്തിലെ നാണംകെട്ട അടയാളമായി. ഇതോടെ മുന്നണിയിലും പാര്‍ട്ടിയിലും ഉടലെടുത്ത ഉഷ്ണതരംഗം തിളച്ചുമറിയുകയാണ്. അനന്തരഫലം എന്താണെന്ന് കാലാവസ്ഥ പ്രവചനം പോലെ മുന്‍കുട്ടി അറിയിക്കാനാകില്ല. സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാരായ എം.വി ഗോവിന്ദനും ബിനോയ് വിശ്വവും മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിലേക്കാണ് കുരമ്പുകള്‍ എയ്തത്. 

സാധാരണ ഗതിയില്‍ ഇടതുമുന്നണിയിലോ, സിപിഎമ്മിലോ ഇത് പതിവുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ വിഷയം ഗൗരവമാണ്. 'തെരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചൂന്ന് പറയുന്നതില്‍ കാര്യമുണ്ട?' എന്നത് ഗോവിന്ദന്‍ മാഷുടെ സ്വയംവിമര്‍ശനമാണെങ്കിലും കൃത്യമായി അത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. മോദിയെ ഭയന്നാണ് കേരളത്തിലെ ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നിരത്തിയ ക്യാപ്‌സ്യൂള്‍ തവിടുപൊടിയാക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പി. ജയരാജന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരും സര്‍ക്കാരിനെതിരെ രംഗത്തെത്തി. 

സര്‍ക്കാരെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി!  മോദി മികച്ച ഭരണാധികാരിയാണെന്ന് പറഞ്ഞ ജി.സുധാകരന്‍, രണ്ടാം പിണറായി സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനും മറന്നില്ല. എന്ത് കൊണ്ട് നമ്മള്‍ തോറ്റു എന്നതിനുള്ള ഉത്തരം വളരെ ലളിതമായി ഇവരെല്ലാം പറഞ്ഞു കഴിഞ്ഞു. അടുത്തയാഴ്ചയാണ് സിപിഎം സംസ്ഥാന സമിതി. തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്യും.  പരസ്യപ്രതികരണം നടത്തിയ നേതാക്കളെല്ലാം സംസ്ഥാന കമ്മിറ്റിയില്‍ എന്ത് പറയുമെന്നത് വളരെ കൗതുകകരമായ കാര്യമാണ്. ഒരു കാലത്ത് പിണറായിക്കൊപ്പം അടിയുറച്ച് നിന്നവരാണ് ഇപ്പോള്‍ വാളോങ്ങിയിരിക്കുന്നത്. സിപിഎമ്മില്‍ പുതിയ 'ഭൗമരാഷ്ട്രീയ' അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണെന്നതിന്റെ സൂചനകളാണിതൊക്കെ.

നാം എല്ലാം തികഞ്ഞവരാണെന്ന് കരുതരുതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത്. അത് പിണറായി വിജയനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ പിണറായി വിജയനെ നിലംതൊടാതെ വിമര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗണ്‍സില്‍ അംഗങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ രൂക്ഷമായതോടെ, അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് വാർത്താക്കുറിപ്പിറക്കേണ്ടിവന്നു. അമിതമായ ന്യൂനപക്ഷ പ്രീണനമാണ് പിണറായിക്കും സിപിഎമ്മിനും എതിരെ മറ്റുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നിന്നില്ല എന്നതും തിരിച്ചടിയായി. 

ദളിതരും ഈഴവരും മറുകണ്ടം ചാടി. തൃശൂരില്‍ ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്തു. സഭകളോട് സര്‍ക്കാരും സിപിഎമ്മും കാണിച്ച കടുത്ത അവഗണനകള്‍ക്കുള്ള മറുപടിയായി വേണം ഇതിനെ വിലയിരുത്താന്‍. സഭ എക്കാലവും അധികാരത്തിനൊപ്പമേ നിന്നിട്ടുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പെട്ടെന്ന് ഇത്തരത്തിലൊരു മാറ്റം ആരും പ്രതീക്ഷിച്ചില്ല. ഇരുമുന്നണികളെയും ജയിച്ച ബിജെപിയെയും സഭ ഞെട്ടിച്ചുകളഞ്ഞു. റബറിന്റെ താങ്ങുവില 200 രൂപയാക്കുമെന്ന് പറഞ്ഞാണ് 2016ല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം നല്‍കിയത്. അത് പാലിക്കാത്തതിലുള്ള അമര്‍ഷം സഭകള്‍ക്കിടയില്‍ ശക്തമാണ്. തങ്ങള്‍ക്കൊപ്പം നിന്നാല്‍ ബിജെപിക്ക് ഒരു എം.പിയെ തരാമെന്ന താമരശ്ശേരി ബിഷപ്പിന്റെ പ്രഖ്യാപനം തൃശൂരില്‍ അതേപടി നടപ്പായി. അന്ന് ബിഷപ്പിനെ പുച്ഛിച്ച് തള്ളിയവരാണ് പിണറായിയും സംഘവും.

സിപിഎമ്മിന്റെ വിപ്ലവമണ്ണായ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും വോട്ട് ചോര്‍ന്നു. മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന്‍ ഒന്നരലക്ഷത്തോളം കൂടുതല്‍ വോട്ടാണ് പിടിച്ചെടുത്തത്. പല പഞ്ചായത്തുകളിലും ബിജെപി ഒന്നാമതെത്തി. നേതൃത്വം ഇതിന് മറുപടി പറയണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉജ്ജ്വലമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യം എന്താകും? പാര്‍ട്ടി എന്ത് ചെയ്താലും അന്തംവിട്ട ന്യായീകരണം നടത്തിയിരുന്ന പോരാളി ഷാജി വരെ കലിപ്പിലായി. അതോടെ 'ശുംഭന്‍' ജയരാജന്‍ ഷാജിക്കെതിരെ കൊടുവാളെടുക്കുകയാണ് ചെയ്തത്. 

അല്ലാതെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. സിപിഎം നേതാക്കളുടെയും മക്കളുടെയും മാത്രം തറവാട്ട് സ്വത്തല്ല. ഈ പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പതിനായിരക്കണക്കിനാളുകളുണ്ട്. നേതൃത്വത്തിന് വഴിതെറ്റുമ്പോള്‍ അവര്‍ വടിയെടുക്കും. അതിനെതിരെ കുറുവടിയെടുത്തിട്ട് കാര്യമില്ല. എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി, വേണ്ട തിരുത്തലുകള്‍ വരുത്തണം. ന്യായീകരണങ്ങള്‍ ദയവായി നിരത്തരുത്. അത് കേള്‍ക്കുന്തോറും ജനം കൂടുതല്‍ കുപിതരാകും. ജനവികാരം മനസ്സിലാക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പ്രാഥമിക കടമ.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് സംഭവിച്ചതെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി എല്‍ഡിഎഫ് തിരിച്ചുവന്നെന്ന പിണറായിയുടെ ക്യാപ്‌സ്യൂളിന് നയാപൈസായുടെ വിലയില്ല. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ജനം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയായിരുന്നു. അന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മോശമായിരുന്നില്ല. നിലവിലെ അവസ്ഥ അങ്ങനെയല്ല, ഇതുപോലെ നാറിയൊരു ഭരണം മുമ്പുണ്ടായിട്ടില്ല. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, സപ്ലൈകോയില്‍ അവശ്യസാനങ്ങളുടെ അഭാവം, ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, ലോകകേരള സഭയും നവകേരള സദസ്സും പോലുള്ള ധൂര്‍ത്തുകള്‍,  സംഭരിച്ച നെല്ല് അരിയാക്കി ഇരട്ടിവിലയ്ക്ക് വിറ്റിട്ടും കര്‍ഷകര്‍ക്ക് പണം കൊടുക്കാതിരിക്കുക തുടങ്ങിയ നിരവധി വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

Kerala LS polls: Internal conflict in LDF 

വിമര്‍ശനങ്ങളുയരുമ്പോഴും അതിനെയെല്ലാം ശത്രുതാമനോഭാവത്തോടെ മാത്രമാണ് കണ്ടത്. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ലതിക മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. സപ്ലൈകോയിലെ കുടിശിക പണം ആവശ്യപ്പെട്ട് മന്ത്രി, മുഖ്യമന്ത്രിക്ക് കത്തെഴുതി കൈകഴച്ചു എന്നായിരുന്നു വിമര്‍ശനം. ഇതിനൊക്കെയിടയിലും മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ് സ്ഥാപിച്ചു, കാലിത്തൊഴുത്തും നീന്തല്‍ക്കുളവും നവീകരിച്ചു. ഇതൊക്കെ പൊതുമരാമത്ത് വകുപ്പാണ് ചെയ്യുന്നതെങ്കിലും പഴി മുഖ്യമന്ത്രിയുടെ തലയിലായി. അനാവശ്യ പദ്ധതികളും പരിപാടികളും നടത്തിയത് കൊണ്ടാണ് കാലിത്തൊഴുത്തും ലിഫ്റ്റും ചര്‍ച്ചയായത്. ജനഹിതമറിഞ്ഞ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതിന് പാര്‍ട്ടി എന്ത് നിലപാടാണ് മുന്നോട്ട് വയ്ക്കുന്നത്, മുഖ്യമന്ത്രിയെ മാറ്റുമോ? അതോ അദ്ദേഹം മാറുമോ? രണ്ടായാലും സിപിഎമ്മിന് ഗുണം ചെയ്യും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia