Criticism | കേന്ദ്രമന്ത്രിയുടെ ആ വീഴ്ച കണ്ടില്ല, സംസ്ഥാന ആരോഗ്യമന്ത്രി പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാൻ മാധ്യമങ്ങള്‍ക്ക് ധൃതി; വിമർശനവുമായി വീണാ ജോർജ്


● കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയതിൽ വീഴ്ച വരുത്തിയെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം
● ചില മാധ്യമങ്ങൾ കൃത്യമായ അജണ്ടയോടെ വാർത്തകൾ നൽകുന്നു
● ആശാ പ്രവർത്തകർ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടപ്പോഴാണ് കേന്ദ്രമന്ത്രിയെ കാണാൻ ശ്രമിച്ചത്
തിരുവനന്തപുരം: (KVARTHA) കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങൾ കൃത്യമായ അജണ്ടയോടെ വാർത്തകൾ നൽകുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശനിയാഴ്ചത്തെ മാതൃഭൂമി പത്രത്തിലെ 'മുൻകൂർ അനുമതിയിൽ വിവാദം, തിരിച്ചടിയായി, വീണാ ജോർജിന്റെ ഡൽഹി യാത്ര' എന്ന വാർത്ത ഇതിനുദാഹരണമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
മുൻകൂർ അനുമതി തേടിയില്ലെന്നും ആശാ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാതൃഭൂമി ആദ്യവരികളിൽ തന്നെ തെറ്റായി നൽകി. എന്നാൽ തൊട്ടടുത്ത വരികളിൽ തന്നെ താൻ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഇ-മെയിൽ അയച്ചുവെന്ന് സമ്മതിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശാ പ്രവർത്തകർ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടപ്പോഴാണ് കേന്ദ്രമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് താൻ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. സമരക്കാരുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചത്. ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും അനുമതി ലഭിച്ചില്ലെന്നും പറഞ്ഞിരുന്നു. ഇതും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഈ വാർത്തയുടെ തൊട്ടടുത്തായി ഏഴാം പേജിൽ വന്ന ഒറ്റക്കോളം വാർത്ത ശ്രദ്ധേയമാണ്. 'വീണാ ജോർജിനെ കാണുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ' എന്ന തലക്കെട്ടോടെ വന്ന വാർത്തയിൽ, വീണാ ജോർജ്ജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താൻ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചതെന്ന് പറയുന്നു. ഒരു സംസ്ഥാനത്തെ ആരോഗ്യ മന്ത്രി കേന്ദ്ര സർക്കാർ സ്കീമിലെ സന്നദ്ധ പ്രവർത്തകർ സമരം ചെയ്യുമ്പോൾ, അത് നിരാഹാരത്തിലേക്ക് മാറുമ്പോൾ ആ വിഷയം ചർച്ച ചെയ്യാൻ അനുമതി തേടിയിട്ടും കേന്ദ്രമന്ത്രി അറിഞ്ഞില്ലെന്ന് പറയുമ്പോള്‍, അവിടെ ഉണ്ടായ വീഴ്ച മാധ്യമങ്ങള്‍ ചിന്തിക്കുന്നതേയില്ല. പകരം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതിയെന്നും വീണാ ജോർജ് ആരോപിച്ചു.
അതേ ഒറ്റക്കോളം വാർത്തയിൽ തന്നെ, വീണാ ജോർജിനെ കാണാൻ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന അഭ്യൂഹമുണ്ടെന്നും ഇതിൽ വ്യക്തത വരുത്താൻ കെ.സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്യുന്നു. ഈ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായ ഉത്തരം നൽകാതെ എം.പിയെ ചേംബറിലേക്ക് ക്ഷണിച്ചെന്നും വാർത്തയിൽ പറയുന്നു. ചില മാധ്യമപ്രവർത്തകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധതയാണ് യാഥാർത്ഥ്യങ്ങൾ കാണാത്തതിന് കാരണമെന്ന് വീണാ ജോർജ് കുറ്റപ്പെടുത്തി. സത്യം എന്തായാലും പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഇനി പറയാതെ വയ്യ ....
കൃത്യമായ അജണ്ടയുമായാണ് കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഇന്നത്തെ മാതൃഭൂമി പത്രത്തിലെ 'മുന്‍കൂര്‍ അനുമതിയില്‍ വിവാദം, തിരിച്ചടിയായി, വീണാ ജോര്‍ജിന്റെ ഡല്‍ഹി യാത്ര' എന്ന വാര്‍ത്ത പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. മുന്‍കൂര്‍ അനുമതി തേടിയില്ല,, ആശമാരെ പറഞ്ഞുപറ്റിച്ചു തുടങ്ങിയ തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ആദ്യ വരികളില്‍ തന്നെ കൊടുക്കാന്‍ അതിജാഗ്രത പുലര്‍ത്തിയ മാതൃഭൂമി, എന്നാല്‍ തൊട്ടടുത്ത വരികളില്‍ തന്നെ അറിയാതെ സത്യം പറഞ്ഞു പോകുന്നുമുണ്ട്. സന്ദര്‍ശനാനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ച സമയം ഞാന്‍ തന്നെ പുറത്ത് വിട്ടു എന്നും ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് മെയില്‍ അയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സന്തോഷം.
ആ വാര്‍ത്തയ്‌ക്കൊപ്പമുള്ള എന്റെ പ്രതികരണത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടതോടെയാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്ന്. സമരക്കാരുമായി നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നം അവതരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നുമാണ് ദില്ലിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് മാതൃഭൂമി.
ഈ വാര്‍ത്തയുടെ തൊട്ടടുത്തായി ഏഴാം പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളിലെ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്ന വാര്‍ത്ത. കേരളത്തിന് എതിരു നില്‍ക്കുന്ന മാധ്യമങ്ങള്‍ അത് തമസ്‌കരിക്കുകയോ, ഒറ്റക്കോളത്തിലേക്ക് ഒതുക്കുകയോ ചെയ്ത ആ വലിയ വാര്‍ത്ത. 'വീണാ ജോര്‍ജിനെ കാണുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ'യെന്ന തലക്കെട്ടില്‍ നടത്തിയ ആ വാര്‍ത്തയില്‍ വീണാ ജോര്‍ജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താന്‍ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിരിക്കുന്നതെന്ന് പറഞ്ഞു പോകുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രീമിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു സംസ്ഥാനത്ത് സമരം നടത്തുമ്പോള്‍, അത് നിരാഹാര സമരത്തിലേക്ക് മാറുമ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി അനുമതി തേടിയിട്ട് ആ വിഷയം അറിഞ്ഞില്ലെന്ന് ഒരു കേന്ദ്ര മന്ത്രി പറയുമ്പോള്‍, അവിടെ ഉണ്ടായ വീഴ്ച മാധ്യമങ്ങള്‍ ചിന്തിക്കുന്നതേയില്ല. പകരം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതി.
ആ ഒറ്റക്കോളം വാര്‍ത്തയില്‍ തന്നെയുണ്ട് മറ്റൊരു വരി. വീണാ ജോര്‍ജിനെ കാണാന്‍ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് അഭ്യൂഹമുണ്ടൈന്നും അതില്‍ വ്യക്തത വരുത്താന് ശ്രീ. കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടുവെന്നും. ആ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായി ഉത്തരം പറഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു മാതൃഭൂമി. സഭയില്‍ വ്യക്തമായി ഉത്തരം പറയാതെ ചേംബറിലേക്ക് എം.പിയെ ക്ഷണിച്ചെന്നും പ്രത്യേകം പറയുന്നു.
യാഥാര്‍ത്ഥ്യങ്ങള്‍ കാണാത്തത് ചില മാധ്യമപ്രവർതകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണ്. സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kerala Health Minister Veena George has accused certain mainstream media outlets of biased reporting, citing a Mathrubhumi news article about her Delhi visit. She stated that while the media highlighted her alleged lack of prior approval for meeting the Union Minister, they overlooked the Union Minister's statement in Parliament about not being aware of her request despite the urgency of the ASHA workers' strike.
#VeenaGeorge #KeralaHealthMinister #MediaBias #PoliticalCriticism #UnionMinister #ASHAWorkers