ചരിത്രത്തിന്റെ പുനരാഖ്യാനങ്ങൾക്കു പിന്നിലെ ലക്ഷ്യങ്ങൾ എന്താണ്? കാമ്പസുകളിൽ വിഭജന ഭീതിദിനം ആചരിക്കുന്നതിനു പിന്നിലെ ഗവർണറുടെ രഹസ്യ അജണ്ടകൾ

 
A conceptual image representing the political debate and controversy around the observance of Partition Horrors Remembrance Day.
A conceptual image representing the political debate and controversy around the observance of Partition Horrors Remembrance Day.

Representational Image Generated by Gemini

● നെഹ്‌റുവിനെയും കോൺഗ്രസിനെയും ലക്ഷ്യമിടുന്നുവെന്നാണ് പ്രധാന വിമർശനം.
● 2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദിനം പ്രഖ്യാപിച്ചത്.
● ഇത് ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമമാണെന്ന് ആരോപണം.
● കാമ്പസുകളെ വലതുപക്ഷവത്കരിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.

നവോദിത്ത് ബാബു

(KVRTHA) ഇന്ത്യയുടെ ചോര പൊടിയുന്ന ചരിത്രങ്ങളിലൊന്നാണ് രാജ്യവിഭജനവും അത് സൃഷ്ടിച്ച മുറിവുകളും. മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചത് ബ്രിട്ടീഷുകാരാണ്. അതിന് അന്നത്തെ ദേശീയ നേതാക്കളിൽ ചിലർ കൂട്ടുനിൽക്കുകയും ചെയ്തു. മഹാത്മാഗാന്ധി വിഭജനത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. 

Aster mims 04/11/2022

എന്നാൽ രാഷ്ട്രപിതാവിന്റെ വാക്കുകൾ സ്വാതന്ത്ര്യലബ്ധിയുടെ ആവേശത്തിൽ മുങ്ങിപ്പോയി. മതാടിസ്ഥാനത്തിൽ പ്രത്യേക രാജ്യം പിടിച്ചുവാങ്ങിയ പാകിസ്താനും ജിന്നയും ചരിത്രത്തിലെ ഇരുണ്ട ഫലിതങ്ങളിലൊന്നായി മാറി. ഒരേ മതമായിട്ടും പാകിസ്താന് ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യത്തിന് വഴിമാറേണ്ടിവന്നു. 

ഇന്ന് ഇന്ത്യയ്ക്ക് തീരാത്തലവേദനകളാണ് ഈ രണ്ട് സഹോദര രാഷ്ട്രങ്ങളും. പാകിസ്താൻ ഇന്ത്യയിലേക്ക് മതഭീകരവാദം കടത്തിവിടാൻ മത്സരിക്കുന്നു. ഇന്ത്യ വിരുദ്ധ സർക്കാരാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. ഇന്ത്യയിലാകട്ടെ, ഭൂരിപക്ഷവാദത്തിൽ അധിഷ്ഠിതമായ ഒരു സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ചരിത്രത്തിന്റെ അടരുകളെ പുറത്തെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അവർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യമാകെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പടർത്താൻ ഭരണകൂടംതന്നെ മുൻകൈയെടുക്കുന്നു.

കേരളത്തിലെ സർവകലാശാലകളിൽ ഓഗസ്റ്റ് 14 'വിഭജന ഭീതിദിന'മായി ആചരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയത് ഈ പശ്ചാത്തലത്തിൽ വേണം വായിച്ചെടുക്കാൻ. സെമിനാറുകൾ സംഘടിപ്പിക്കണം, നാടകം കളിക്കണം, തുടങ്ങി വിഷയത്തിൽ എങ്ങനെ ഇടപെടാമോ അതെല്ലാം വേണമെന്ന് ഗവർണർ പുറത്തിറക്കിയ സർക്കുലറിലുണ്ട്. 

ഇതിനെതിരെ വലിയ പ്രതിഷേധം ഇപ്പോൾത്തന്നെ കോൺഗ്രസ് - ഇടതു ക്യാമ്പുകളിൽനിന്ന് ഉയർന്നുവന്നുകഴിഞ്ഞു. ഇത് ആർ.എസ്.എസ്. പരിപാടിയാണ്, എന്തിനാണ് ഇത് ക്യാമ്പസുകളിൽ എന്ന വിമർശനങ്ങളാണ് പല കോണുകളിൽനിന്നും ഉയരുന്നത്. വിഭജന ഭീതിദിനത്തെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനുമാണ് ബി.ജെ.പി. അടക്കമുള്ള സംഘപരിവാർ ശക്തികൾ ശ്രമിച്ചുപോന്നിട്ടുള്ളത്. 

അവരുടെ ലക്ഷ്യം എന്നും ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും കോൺഗ്രസുമായിരുന്നു. കാലങ്ങളായി സംഘപരിവാർ നടത്തിവരുന്ന ആ 'ഓപ്പറേഷൻ' കേരളത്തിലേക്കെത്തുകയാണ്. ഇതാദ്യം എത്തുന്നത് നമ്മുടെ ക്യാമ്പസുകളിലേക്കാണ്.

2021-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 14 'വിഭജന ഭീതി ദിന'മായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്ത വർഷം, 2022 മുതൽ ഈ ദിനം ആചരിച്ചുതുടങ്ങി. എന്നാൽ ഈ ദിനത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. രണ്ട് രാജ്യങ്ങൾ പിറന്ന ആ വിഭജനകാലത്തെ, സംഘപരിവാർ നരേറ്റീവിലൂടെ അപഗ്രഥിക്കുക, വെറുപ്പുണ്ടാക്കുക, പാകിസ്താന്റെ പേരിൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തുകയെന്ന അജണ്ടയാണ് ഇതിന് പിന്നിൽ. 

2022-ൽ തുടങ്ങി ഇന്നേവരെ അത് മാത്രമാണ് ബി.ജെ.പി.യുടെ തന്ത്രം. ഉത്തരേന്ത്യയിലടക്കം ഓഗസ്റ്റ് 14 യഥാർഥത്തിൽ വിഭജന ഭീതി ദിനമല്ല, 'വെറുപ്പ് പടർത്തൽ' ദിനമാണ്. ഹിന്ദുക്കൾ ഹിന്ദുക്കളുടെ രാജ്യത്തും മുസ്‌ലിങ്ങൾ അവരുടെ രാജ്യത്തുമെന്നുള്ള വിഭജന പ്രസ്താവനകൾക്കുള്ള ദിനമാണ്. വെറുപ്പ് പടർത്താൻ കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുവദിച്ചുനൽകിയ ഒരു ദിവസം. 

എന്തിനും ഏതിനും നെഹ്‌റുവിനെയും കോൺഗ്രസിനെയും കുറ്റം പറയുന്ന സംഘപരിവാറിന്, വീണ്ടും മുൻ പ്രധാനമന്ത്രിയെ പഴിക്കാനുള്ള ഒരു ദിനം മാത്രമാണ് ഓഗസ്റ്റ് 14. അതിൽ സംശയമില്ല. പാകിസ്താന്റെ സ്വാതന്ത്ര്യദിനംകൂടിയാണ് ഓഗസ്റ്റ് 14 എന്നതും ഓർക്കണം. 2022-ൽ ആദ്യത്തെ വിഭജന ഭീതി ദിനാചരണത്തിൽ, ബി.ജെ.പി. പുറത്തിറക്കിയ വീഡിയോയിലെ ചിത്രം പോലും നെഹ്‌റുവും ജിന്നയുമായിരുന്നു. 
ലക്ഷ്യം കോൺഗ്രസ് ആണ്, നെഹ്‌റുവാണ് എന്നത് വ്യക്തമാണ്. ഒളിയും മറയുമില്ലാതെ രാജ്യത്തെ പല ബി.ജെ.പി. സംഘപരിവാർ നേതാക്കളും ഈ അവസരം മുതലെടുക്കുന്നുണ്ട്. വിഭജനഭീതി ദിനം ആചരിച്ചില്ലെങ്കിൽ പോലും നെഹ്‌റുവിനെ ചീത്തപറയാതെ ബി.ജെ.പി. നേതാക്കൾക്ക് ഉറക്കം വരാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായാൽ പോലും അങ്ങനെത്തന്നെ. 

ഇതിപ്പോൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത കുറച്ചുപേർക്ക്, രാജ്യത്തിന്റെ നിർണായക രാഷ്ട്രീയ ചരിത്രമെഴുതിയ കോൺഗ്രസിനെയും നെഹ്‌റുവിനെയും പഴിക്കാൻ ഔദ്യോഗികമായി കിട്ടിയ ഒരു സുവർണാവസരം മാത്രമാണ്.

അതിതീവ്ര ദേശീയതയാണ് എന്നും സംഘപരിവാറിന്റെ രാഷ്ട്രീയ ഇന്ധനം. വിഭജന ഭീതി ദിനാചരണം എന്നതും കൂടുതൽ ഭിന്നിപ്പിക്കുകയെന്ന രാഷ്ട്രീയ പദ്ധതിക്കു പുറമേ തീവ്രദേശീയത ഉദ്ബോധിപ്പിച്ച്, രാഷ്ട്രീയ അധികാരം കൈയാളാനുള്ള ഒരു പദ്ധതിതന്നെയാണ്. 

അന്നേ ദിവസം ഉയർന്നുവരുന്ന പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും എന്താണ് ആ ദിവസത്തിന്റെ യഥാർഥ ലക്ഷ്യമെന്ന്. എന്തിനാണ് ആ ദിവസം പ്രഖ്യാപിച്ചതെന്ന്. രാജ്യത്തിന്റെ ഒരു പ്രധാനപ്പെട്ട ചരിത്രംതന്നെയാണ് വിഭജനം, അതിൽ തർക്കമില്ല. പക്ഷെ ബി.ജെ.പി. കൊണ്ടുവന്ന വിഭജന ഭീതി ദിനമെന്നത് ഒരു പൊളിറ്റിക്കൽ പ്രോജക്റ്റാണ്. അതിന് തെളിവ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലുമുണ്ട്. അതിനെയാണ് നമ്മുടെ ക്യാമ്പസുകളിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ ശ്രമം നടക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ക്യാമ്പസുകളെയും വലതുപക്ഷവത്കരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. യൂണിവേഴ്സിറ്റികളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭാരതമാതാവിന്റെ ചിത്രം കടന്നുവരുന്നു. ആർ.എസ്.എസ്. വിദ്യാഭ്യാസ സമ്മിറ്റുകളിൽ നമ്മുടെ സ്വന്തം സർവകലാശാലകളുടെ വി.സി.മാർ പങ്കെടുക്കുന്നു. 

വിദ്യാഭ്യാസത്തിലൂടെ കേരളം നേടിയ മുന്നേറ്റങ്ങളെയും സാമൂഹിക പുരോഗതിയെയും പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി നടക്കുന്നുണ്ട്. അതിലേക്കുള്ള പുതിയ നീക്കംകൂടിയാണ് വിഭജന ഭീതിദിനം ആചരിക്കണമെന്ന ഗവർണറുടെ നിർദേശം. ചരിത്രം നമ്മുടെ വിദ്യാർഥികൾ പഠിക്കുകതന്നെ വേണം, അറിഞ്ഞിരിക്കുക തന്നെ വേണം. പക്ഷേ അതൊരിക്കലും വികലമാക്കപ്പെട്ട ചരിത്രമാകരുതെന്നാണ് പൊതുവേ ഉയർന്നുവരുന്ന അഭിപ്രായം.

 

'വിഭജന ഭീതി ദിനം' ആചരിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A critical analysis of Kerala Governor's directive to observe 'Partition Horrors Remembrance Day' in university campuses.

#KeralaPolitics, #PartitionHorrors, #KeralaGovernor, #CampusPolitics, #BJP, #History

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia