Legal Battle | സുധാകരനെ നിയമക്കുരുക്കിലാക്കാന്‍ സിപിഎം വീണ്ടുമിറങ്ങുന്നു; നിയമയുദ്ധമുഖത്ത് ഇ പി- സുധാകര യുദ്ധത്തിന്റെ ബാക്കിപത്രം
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രംഗത്തു വന്നതോടെ കണ്ണൂരില്‍ സിപിഎം -സുധാകരന്‍ പോര് ശക്തമായേക്കും. കാല്‍നൂറ്റാണ്ടായി തുടരുന്നു നിയമയുദ്ധം തങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് കെ സുധാകരന് പിണറായി സര്‍ക്കാരും സി.പി.എമ്മും നല്‍കിയിരിക്കുന്നത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ നിയമപോരാട്ടവും കടുത്തേക്കും. സുധാകരന് വിശാല ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ശക്തമായ തെളിവ് സുധാകരനെതിരെയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സുധാകരനെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശാല ഗൂഢാലോചനയില്‍ സുധാകരന് നേരിട്ട് പങ്കുണ്ടെന്നാണ് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്.
ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം. 1995 ഏപ്രില്‍ 12നാണ് ഇ പി ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ മടങ്ങവേയാണ് അക്രമമുണ്ടായത്.
ഇതിനു ശേഷം മാസങ്ങള്‍ നീണ്ട ചികിത്‌സയിലൂടെ ഇ പി ജയരാജന്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും അദ്ദേഹത്തെ ജീവിക്കുന്ന രക്തസാക്ഷിയായാണ് പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. തന്റെ പിന്‍കഴുത്തില്‍ വെടിയുണ്ട ഇപ്പോഴുമുണ്ടെന്ന് ഇ പി ജയരാജന്‍ പറയുമ്പോള്‍ വെടിയുണ്ടപോയിട്ടു തരിയുണ്ട പോലുമില്ലെന്നായിരുന്നു കെ സുധാകരന്റെ പരിഹാസം.
ഇ പി ജയരാജന്‍ വധക്കേസില്‍ കുറ്റവിമുക്തനായതിനു ശേഷമാണ് കെ സുധാകരന്‍ പിന്നീട് കണ്ണൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് വമ്പന്‍ വിജയങ്ങള്‍ നേടിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരനാവാനും സുധാകരന് കഴിഞ്ഞു. സുധാകരനെതിരെ സി.പി.എം നടത്തിയ ഒളിയുദ്ധങ്ങള്‍ അദ്ദേഹത്തെ പനപോലെ വളര്‍ത്തിയെന്നതാണ് കണ്ണൂരിലെ രാഷ്ട്രീയ ചരിത്രം പറയുന്നതെന്നും സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നു.