Criticism | 'സാധാരണക്കാരായ സഖാക്കളാണ് പാര്‍ടി', അൻവറിനെ തള്ളിയ സിപിഎം നിലപാടിനെതിരെ അണികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനം
● സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അൻവറിന്റെ നിലപാടുകളെ തള്ളി
● പാർടി നേതൃത്വത്തെ വിമർശിച്ച് നിരവധി പോസ്റ്റുകൾ
● അൻവറിന്റെ ആരോപണങ്ങൾ സത്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു
● നേതൃത്വം വിഷയം ഗൗരവമായി കണക്കാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: (KVARTHA) പി വി അൻവർ എംഎൽഎയുടെ വിവാദ ആരോപണങ്ങൾക്ക് പിന്നാലെ സിപിഎം സ്വീകരിച്ച നിലപാട് സാമൂഹ്യ മാധ്യമങ്ങളിൽ അണികളുടെ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കി. അൻവറിന്റെ നിലപാടുകൾ പാർടിയെയും സർകാരിനെയും ആക്രമിക്കാൻ ശത്രുക്കൾക്ക് ആയുധമായി മാറിയെന്നും അദ്ദേഹം തന്റെ നിലപാട് തിരുത്തി പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പാർടിയുടെയും നേതാക്കളുടെയും സാമൂഹ്യ മാധ്യമ പേജുകളിൽ അണികളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. അൻവറിനെ തള്ളിപ്പറഞ്ഞ നടപടി പാർടിക്ക് തിരിച്ചടിയാകുമെന്നും ഇത് പാർടിയിൽ അതൃപ്തിക്ക് ഇടയാക്കുമെന്നുമാണ് അണികൾ ആരോപിക്കുന്നത്. 'അണികളാണ് പാർടി, അണികളില്ലെങ്കിൽ നേതാക്കന്മാർ വീട്ടിലിരിക്കേണ്ടി വരും', എന്ന് ചിലർ ഓർമിപ്പിക്കുകയും ചെയ്തു.
സിപിഐഎം കേരള, അഡ്വ. സച്ചിൻ ദേവ് എംഎൽഎ, അഡ്വ. എ രാജ് എംഎൽഎ തുടങ്ങിയ പേജുകളിലെല്ലാം രൂക്ഷ കമന്റുകൾ കാണാം. 'തിരുത്താനുള്ളത് തിരുത്തുക തന്നെ വേണം, പറഞ്ഞത് അൻവർ ആയത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല, ഈഗോ മാറ്റിവെച്ച് തെമ്മാടികളെ വലിച്ച് പുറത്തേക്കിടൂ നേതൃത്വമേ, എന്നായിരുന്നു ഒരു കമന്റ്.
അണികളുടെ ചില പ്രതികരണങ്ങൾ:
'നാട്ടിലെ പൊതുവികാരം ഇനി എങ്കിലും മനസിലാകണം. പിവി അൻവർ പറയുന്നത് പല പാർട്ടി അനുഭാവികൾ പറയാൻ ആഗ്രഹിച്ച കാര്യം ആണ്. അത് കൊണ്ട് തന്നെ ആണ് പിവി അൻവറിന് പാർട്ടികാരുടെ ഇടയിൽ തന്നെ നല്ല പിന്തുണ ഉള്ളത്.
നല്ല കാര്യം പറയുന്നവരെ ഒറ്റപ്പെടുത്തുന്നു രീതി ഇനിയും തുടർന്നാൽ അത് പാർട്ടിയെ തന്നെ ആണ് ബാധിക്കുന്നത്.
ഇങ്ങനെ തന്നെ പോകണം, എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പിൽ 8 നിലയിൽ പൊട്ടണം. അടുത്ത തവണ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
അദ്ദേഹമാണ് ശരി, ഞങ്ങളെപ്പോലുള്ള സാധാരണ പാർട്ടി പ്രവർത്തകർക്ക് പാർട്ടി നന്നായി കാണണം എന്നുണ്ട്. പി ശശിയെ പോലുള്ളവർക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകുന്നു. 40 വർഷമായി ഈ പാർടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു, ഇനിയില്ല, നിർത്തുന്നു.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി അദ്ദേഹത്തോട് കൂടി ഒന്നു പറയൂ അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണമെന്ന്.
അൻവർ ആരോപണമുയർത്തിയ രീതിയെ വിമർശിച്ചോളൂ. പക്ഷേ, അൻവർ പറഞ്ഞ കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്.അതിന്റെ സത്യാവസ്ഥ പുറത്ത് വരണമെങ്കിൽ ആർഎസ്എസ് ഏജന്റ് എഡിജിപി അജിത് കുമാറിനെയും,പി ശശിയെയും ആ സ്ഥാനത്ത് നിന്ന് മാറ്റി നല്ല ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കുകയാണ് വേണ്ടത്'.
പി വി അൻവറിനോട് വിയോജിക്കുന്നവരും
അതേസമയം, പി വി അൻവറിന്റെ നിലപാടുകളോട് വിയോജിക്കുന്ന പാർടി അംഗങ്ങളും ഉണ്ട്. പാർടി ഫോറങ്ങളിലാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതെന്ന് അവർ അഭിപ്രായപ്പെടുന്നു. പാർടിയിൽ നിലവിലുള്ള നടപടിക്രമങ്ങൾ ഉപയോഗിച്ച് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ശരിയായ മാർഗമെന്നാണ് അവർ വാദിക്കുന്നത്.
എന്നിരുന്നാലും, അൻവർ ഉന്നയിച്ച വിഷയങ്ങളോട് പാർടിയിലെ മിക്ക അംഗങ്ങളും യോജിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആശങ്കകളും നിരീക്ഷണങ്ങളും പ്രസക്തമാണെന്നും പാർടി നേതൃത്വം ഇത് ഗൗരവമായി കണക്കാക്കണമെന്നുമാണ് അവരുടെ അഭിപ്രായം. 'പാര്‍ടി അന്‍വറുമല്ല ശശിയുമല്ല, സാധാരണക്കാരായ സഖാക്കളാണ്. പാര്‍ടി ശത്രുക്കളെയും സംഘപരിവാരത്തിന് കുഴലൂതുന്ന പൊലീസിലെ സെന്‍കുമാറിന്‍റെ അവശിഷ്ടങ്ങളെയും തുരത്തേണ്ടതുണ്ട്', എന്ന ഒരു കമന്റ് ഇതിന് അടിവരയിടുന്നു.
#CPM #KeralaPolitics #PVAnvar #Controversy #SocialMedia #PartyMembers