കേരളത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് സാധ്യമാക്കാൻ ഹൈക്കമാൻഡ് നേരിട്ടിറങ്ങുന്നു; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ദീപാദാസ് മുൻഷി കേരളത്തിൽ തുടരും.
● സംഘടനാ പുനഃസംഘടന ഉടൻ പൂർത്തീകരിക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചു.
● പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയെത്തും.
● യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.
നവോദിത്ത് ബാബു
(KVARTHA) കേരളത്തിൽ ഇനി ഒരിക്കൽ കൂടി എൽഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ കോൺഗ്രസിൻ്റെ വിനാശവും സംഭവിച്ചേക്കാം. അത്രമാത്രം അതിതീവ്ര പരിചരണ വിഭാഗത്തിലാണ് പാർട്ടി. കോൺഗ്രസിന് ഏറെക്കാലം അധികാരമില്ലാതെ പിടിച്ചുനിൽക്കാനാവില്ല. കോൺഗ്രസ് ദുർബലമായാൽ യുഡിഎഫ് ശിഥിലമായേക്കാം.

നേരത്തെ ഇടതു പാളയത്തിൽ കണ്ണും നട്ടിരിക്കുന്ന മുസ്ലിം ലീഗ് മറുകണ്ടം ചാടിയേക്കാം. മറ്റു ചെറുപാർട്ടികളെ കൊത്തിയെടുക്കാൻ ബിജെപിയും കാത്തുനിൽക്കുകയാണ്. പരമ്പരാഗതമായി തങ്ങളെ പിന്തുണച്ചിരുന്ന എസ്എൻഡിപിയും എൻഎസ്എസും ഇപ്പോൾ കോൺഗ്രസിനൊപ്പമില്ല. അയ്യപ്പ സംഗമത്തോടെ അവരും എൽഡിഎഫ് പാളയത്തിലെത്തിയിരിക്കുകയാണ്.
ക്രിസ്ത്യൻ സമുദായത്തിൽ ഒരു വിഭാഗം ബിജെപിയോട് ചായ്‌വുള്ളവരാണ്. പ്രതികൂല സാഹചര്യങ്ങൾ ഒട്ടേറെ കടന്നുവേണം കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചു വരാൻ. ഗ്രൂപ്പ് പോരുകൊണ്ട് തളർന്ന കേരളത്തിലെ പാർട്ടിയെ ഊർജസ്വലമാക്കാൻ ദേശീയ നേതൃത്വം പല ചികിത്സകൾ നടത്തിനോക്കിയെങ്കിലും ഇതുവരെയൊന്നും വേണ്ടത്ര ഗുണം ചെയ്തിട്ടില്ല.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ പാർട്ടിയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ള കർമ്മപദ്ധതിയാണ് എഐസിസി വിഭാവനം ചെയ്യുന്നത്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അഞ്ചുവർഷത്തെ ഇടവേളകളിൽ അധികാരത്തിൽ തിരിച്ചെത്തിയിരുന്ന കേരളത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി അധികാരത്തിന് പുറത്താണ് കോൺഗ്രസ്.
കഴിഞ്ഞ തവണ അധികാരം നഷ്ടപ്പെട്ടത് കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള വടംവലിയാണെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ച റിപ്പോർട്ട്. സുനിൽ കനഗോലുവിൻ്റെ നിർദേശപ്രകാരമാണ് ദേശീയ നേതാക്കൾ കേരളത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള വടംവലി വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് അധികാരത്തിൽ വരാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് എഐസിസിക്ക് ലഭിച്ച റിപ്പോർട്ട്.
ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നേരിട്ട് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പിന് കോൺഗ്രസിനെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി 2026 ജനുവരി-ഫെബ്രുവരി മാസത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പദയാത്ര നടത്താനാണ് തീരുമാനം. ബിഹാർ മാതൃകയിൽ ‘വോട്ടു ചോരിയാത്ര’യാണ് പ്ലാൻ ചെയ്യുന്നത്.
സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബൂത്ത് തലത്തിൽ പ്രവർത്തകരെ ഏകോപിപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ ആരംഭിക്കും. ജില്ലാ, സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ആസ്ഥാനത്ത് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും നീക്കമുണ്ട്.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു തിരഞ്ഞെടുപ്പ് സമിതി ഓഫീസ് കെപിസിസി ആസ്ഥാനത്ത് പ്രവർത്തിക്കും. സോഷ്യൽ മീഡിയ മാനേജ്മെൻ്റ് വിപുലീകരിക്കാനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നീക്കവും ഇതോടൊപ്പമുണ്ടാവും.
നേതാക്കൾ തമ്മിലുള്ള അകൽച്ചയും അനൈക്യവും എല്ലാ സീമകളും ലംഘിച്ചെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ റിപ്പോർട്ട്. നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമില്ലാത്തതിനാൽ സംഘടനാ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ എല്ലാ മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയമാണ് കോൺഗ്രസിനുണ്ടായത്.
എന്നാൽ ഓരോ തിരഞ്ഞെടുപ്പ് വിജയം കഴിയുമ്പോഴും നേതാക്കൾ തമ്മിലുള്ള പോര് കടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ പൊലിമ നഷ്ടപ്പെടുത്തുന്ന തരത്തിൽ നേതാക്കൾ തമ്മിൽ പരസ്പരം ചെളിവാരിയെറിയുന്നത് പതിവായി.
മുതിർന്ന നേതാക്കൾപോലും ഗ്രൂപ്പിസത്തിൻ്റെ പേരിൽ കലഹിക്കുന്നതായാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയതോടെ പ്രതിപക്ഷനേതാവുമായുള്ള സംസ്ഥാന അധ്യക്ഷൻ്റെ പോര് അവസാനിച്ചിരുന്നു.
ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നായിരുന്നു നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ഗ്രൂപ്പിസം കൂടുതൽ ശക്തമാവുകയാണുണ്ടായത്. ഇതാണ് ഹൈക്കമാൻഡിനെ ഇടപെടാൻ പ്രേരിപ്പിക്കുന്ന ഘടകവും.
സംസ്ഥാനത്തിൻ്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിൽ തുടരും. പാർട്ടിയിൽ ഉടലെടുക്കുന്ന തർക്കങ്ങളും മറ്റും അപ്പപ്പോൾ പരിഹരിക്കുന്നതിനാണ് എഐസിസി ദീപാദാസ് മുൻഷിയെ കേരളത്തിൽ സ്ഥിരമായി നിർത്തുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ദീപാദാസ് മുൻഷി ക്യാമ്പ് ചെയ്യുക. രണ്ടിടങ്ങളിലും വാടക വീടുകൾ ഇതിനകം തയ്യാറായെന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിലെ സംഘടനാ വിഷയങ്ങൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
കെപിസിസി അധ്യക്ഷനുമായും പ്രതിപക്ഷ നേതാവുമായും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. ഡിസിസി, കെപിസിസി പുനഃസംഘടന ഉടൻ പൂർത്തീകരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന നിർദേശം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ചർച്ചകളിലൂടെ തീരുമാനിക്കാനും ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുക്കാതെ രമ്യമായി തീരുമാനത്തിലെത്തണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.
നേതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കെപിസിസി, ഡിസിസി പുനഃസംഘടനാ ചർച്ചകൾ മാറ്റിവച്ചത്. ഡൽഹിയിൽ കഴിഞ്ഞ മാസം മൂന്നു ദിവസം നീണ്ട ചർച്ച ഫലംകാണാതെ വന്നതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു. ഇനി ചർച്ച സംസ്ഥാനത്ത് നടത്താനും അന്തിമ തീരുമാനം എഐസിസിയെ അറിയിക്കണമെന്നായിരുന്നു ഹൈക്കമാൻഡ് നിർദേശം.
എന്നാൽ പുനഃസംഘടനയിൽ നേരത്തെ നേതാക്കൾ ഉന്നയിച്ച നിർദേശങ്ങളിൽ എല്ലാ വിഭാഗവും ഉറച്ചുനിന്നതോടെ ചർച്ചകളുമായി മുന്നോട്ടുപോകാൻ പറ്റാതെ വരികയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണങ്ങളിൽ പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വം ഒഴിയേണ്ടിവന്നതോടെ നേതാക്കൾ തമ്മിലുള്ള അനൈക്യം വീണ്ടും രൂക്ഷമായി. ഇതോടെയാണ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെടാനുള്ള വഴിയൊരുങ്ങിയത്.
കേരളത്തിൽ കോൺഗ്രസിൻ്റെ ഈ തിരിച്ചുവരവ് സാധ്യമാകുമോ? നിങ്ങളുടെ വിലയിരുത്തലുകൾ കമൻ്റ് ചെയ്യൂ. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.
Article Summary: Congress High Command intervenes in Kerala for political revival.
#KeralaPolitics #Congress #RahulGandhi #AssemblyElections #UDF #Kerala