വർഗീയതയെ കൂട്ടുപിടിക്കുന്ന ശീലം കോൺഗ്രസിനില്ല; ഞങ്ങളുടെ സിരകളിലുള്ളത് മതേതര രക്തം: കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന് പഠിക്കുകയാണെന്ന് പരിഹാസം.
● സജി ചെറിയാൻ അധികാരത്തിൽ തുടരാൻ യോഗ്യനല്ല; പുറത്താക്കണമെന്ന് ആവശ്യം.
● മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ട് ചെയ്യുന്നതെന്ന് കെ.സി.
● ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു.
● കുറ്റപത്രം വൈകിപ്പിക്കുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ.
കണ്ണൂർ: (KVARTHA) നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള 'ഇലക്ഷൻ സ്പോൺസേർഡ് ഡ്രാമ'യുടെ ഭാഗമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്. ഗവർണർക്ക് വെട്ടാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും, അത് തിരുത്തി വായിക്കാൻ പിണറായി വിജയന് അവസരം നൽകുകയുമാണ് ചെയ്തത്. ഗവർണർ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് മുൻപ് ഇത് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു.
മുൻ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഇതുപോലെ വലിയ വെട്ടലുകൾ നയപ്രഖ്യാപനത്തിൽ നടത്തിയപ്പോൾ കൈയും കെട്ടി നിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു.
സജി ചെറിയാൻ പിണറായിക്ക് പഠിക്കുന്നു
മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സാമൂഹിക അന്തരീക്ഷം തകർക്കുന്ന വൈകൃതമാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് പഠിക്കുകയാണ് മന്ത്രി. സാംസ്‌കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത് എന്നത് ഗൗരവകരമാണ്.
വോട്ടിന് വേണ്ടി വർഗീയത പറയുന്നതിനെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോട് ചേർന്നുനിൽക്കുന്നതാണ് മന്ത്രിയുടെ നിലപാടും. ഇദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആർജ്ജവം ഉണ്ടെങ്കിൽ ഈ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതതീവ്രവാദികൾ പോലും ഇത്തരത്തിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ട് ചെയ്യുന്നത്. മുസ്ലിം ഭൂരിപക്ഷ ഇടങ്ങളിൽ ഹിന്ദു സ്ഥാനാർത്ഥികളും, ഹിന്ദു ഭൂരിപക്ഷ ഇടങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താൻ ഉൾപ്പെടെയുള്ളവർ ലോക്സഭയിലേക്ക് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല കേസ് അട്ടിമറിക്കുന്നു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം വൈകിപ്പിക്കുന്നത് അന്വേഷണം മന്ദഗതിയിലാക്കാനാണെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും.
എസ് ഐ ടി ഇതിന് ഒത്താശ ചെയ്യുകയാണ്. സർക്കാരിന്റെ സമ്മർദ്ദം ഇതിന് പിന്നിലുണ്ടെന്നതിന് തെളിവാണിത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് ഒത്താശ നൽകിയ ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല.
കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഫോറൻസിക് പരിശോധനയിൽ സ്വർണ്ണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇ ഡി അന്വേഷണത്തിന് കോൺഗ്രസ് എതിരല്ല. എന്നാൽ യഥാർത്ഥ പ്രതികൾ പുറത്തുവരണമെങ്കിൽ കോടതി നിരീക്ഷണം അനിവാര്യമാണ്.
കോടതി നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജൻസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതി നിർദ്ദേശാനുസരണമുള്ള എല്ലാ പരിശോധനകളും ശബരിമലയിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് മതേതര മുഖം
ഒരു വർഗീയതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോൺഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോൺഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്.
മുന്നോക്ക, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവരുമായും ആശയവിനിമയം നടത്തി അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാറുണ്ട്. അവരുടെ വികാരങ്ങൾ ഉൾക്കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നത്. അതേസമയം, നിലപാടുകൾ തന്റേടത്തോടെ കോൺഗ്രസ് പറയുകയും ചെയ്യും.
ഫാസിസ്റ്റ് ശക്തികൾക്കെതിരെ നെഞ്ചുവിരിച്ച് പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ നയമാണ് കോൺഗ്രസിന്റേത്. സമുദായങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുകയെന്നത് കോൺഗ്രസ് ശൈലിയല്ല.
'വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക' എന്നതാണ് തങ്ങളുടെ നിലപാട്. മറിച്ച് വിദ്വേഷത്തിന്റെ കടകൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആര് നടത്തിയാലും അതിന് കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: AICC General Secretary K.C. Venugopal criticizes the Kerala government, terming the policy address incident an "election-sponsored drama" and demanding the removal of Minister Saji Cherian over his controversial remarks. He also alleges sabotage in the Sabarimala gold theft case.
#KCVenugopal #KeralaPolitics #PinarayiVijayan #SajiCherian #SabarimalaCase #Congress #UDF
