ശബരിമല സ്വർണ്ണക്കൊള്ള; അമ്പലക്കള്ളന്മാരെ യുഡിഎഫ് സർക്കാർ അകത്തിടും: കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് കാസർകോട് കുമ്പളയിൽ തുടക്കമായി
● പിണറായി വിജയനും എം വി ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്നും ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചാൽ ശാപം കിട്ടുമെന്നും കെ മുരളീധരൻ.
● അയ്യപ്പന്റെ പൊന്ന് കൊണ്ടുപോയത് ഒരിക്കലും പൊറുക്കാനാവില്ലെന്നും ഫൈനലിൽ കപ്പുമായി യുഡിഎഫ് വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി.
● കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ജെ ജോസഫ്, രമേശ് ചെന്നിത്തല, ഷിബു ബേബി ജോൺ, പി വി അൻവർ തുടങ്ങിയവർ സംസാരിച്ചു.
കാസർകോട്: (KVARTHA) കേരളത്തിൽ സെമിഫൈനലിൽ കൈവരിച്ച വിജയം യുഡിഎഫ് ഫൈനലിലും ആവർത്തിക്കുമെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസ് എത്ര നീട്ടിക്കൊണ്ടുപോയാലും അടുത്ത യുഡിഎഫ് സർക്കാർ അമ്പലക്കള്ളന്മാരെ ജയിലിലടയ്ക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ കേസുകൾ കെട്ടടങ്ങുമെന്നാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഓരോരുത്തരായി ജാമ്യം കിട്ടി പുറത്തുവരികയാണ്. നേതാക്കൾ 90 ദിവസം ജയിലിൽ കിടന്നാലും സിപിഎം അവർക്കെതിരെ നടപടിയെടുക്കില്ല. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് കേസ് നിലവിൽ മുന്നോട്ട് പോകുന്നത്. എസ്‌ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തി ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന നേതാക്കളെ ഉൾപ്പെടെ കേസിൽ നിന്ന് ഒഴിവാക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെങ്കിലും ഇങ്ങനെയൊരു പ്രസ്ഥാനം വേണോ എന്ന് ചിന്തിക്കുന്നത് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച സഖാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്കകത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് സിപിഎം തുടരുന്നത്. ബംഗാളിലെ പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായ ധാർഷ്ട്യവും എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതിയും കേരളത്തിലും ആവർത്തിക്കുകയാണ്. സിപിഎമ്മിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും അവരുടെ പണി അവർ തന്നെ എളുപ്പമാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തെ കേന്ദ്രം പൂർണ്ണമായും അവഗണിക്കുകയാണ്. കേന്ദ്രം നൽകുന്നത് ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്. അത് പിടിച്ചുവാങ്ങാൻ കെൽപ്പുള്ള സർക്കാരായിരിക്കും അടുത്തതായി കേരളത്തിൽ വരികയെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ ക്ഷേമം ഉറപ്പാക്കുന്ന സമഗ്ര പരിപാടിയുമായി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിനനുസരിച്ച് കേരളത്തെ മാറ്റാനാണ് ഈ യാത്രയെന്നും ജനങ്ങളെ ഒന്നിച്ച് നിർത്തി പുരോഗതിയിലേക്ക് നയിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, പി ജെ ജോസഫ്, രമേശ് ചെന്നിത്തല, ഷിബു ബേബി ജോൺ, എൻ കെ പ്രേമചന്ദ്രൻ, പി വി അൻവർ, അനൂപ് ജേക്കബ്, സി പി ജോൺ, എ എൻ രാജൻ ബാബു, അടൂർ പ്രകാശ്, എൻ ഷംസുദ്ദീൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
'കേരളം വൃദ്ധസദനമാകാൻ വിടില്ല'; വർഗീയതയെ കുഴിച്ചുമൂടുമെന്നും യുവതലമുറയ്ക്കായി വിസ്മയിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും വി ഡി സതീശൻ
കേരളത്തിലെ പ്രതിപക്ഷം നിശ്ചയിക്കുന്ന അജണ്ട സംസ്ഥാനത്തിന്റെ ഭാവിയാണെന്നും അടുത്ത തലമുറയ്ക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുമ്പളയിൽ യുഡിഎഫ് പുതുയുഗ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മാറുന്നതിനനുസരിച്ച് കേരളത്തിലും മാറ്റമുണ്ടാകണമെന്നും അതിനായി യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികൾ ജനങ്ങളെ വിസ്മയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി തലമുറയുടെ കേരളം ഇപ്പോഴുള്ളത് പോലെയാകില്ലെന്നും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന കേരളമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയതയെ കുഴിച്ചുമൂടുകയെന്നതാണ് തങ്ങളുടെ ഒന്നാമത്തെ പരിഗണനയെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചു. ഏത് വർഗീയതയെയും നട്ടെല്ല് നിവർത്തി ചോദ്യം ചെയ്യുമെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎം സംഘപരിവാർ പാതയിലാണ് സഞ്ചരിക്കുന്നത്. വർഗീയവാദികളുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞുകൊടുക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നത്. അതിനെതിരെ യുഡിഎഫ് മുന്നിലുണ്ടാകുമെന്നും കേവലം തെരഞ്ഞെടുപ്പ് ജയിക്കാൻ നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായുള്ള ദുർഭരണത്തെ കേരളത്തിലെ ജനങ്ങൾ വെറുക്കുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകൾ പോലും എൽഡിഎഫിനെ അധികാരത്തിൽ നിന്നിറക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ യുഡിഎഫിന് വോട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യഥാർത്ഥ ഇടതുപക്ഷം യുഡിഎഫാണെന്നും ഇന്ന് ഭരണത്തിലിരിക്കുന്നവർ തീവ്ര വലതുപക്ഷമാണെന്നും അദ്ദേഹം പരിഹസിച്ചു. സകല മേഖലകളെയും തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സമർപ്പിച്ച കുറ്റപത്രം ജനമനസാക്ഷിയുടെ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതലമുറയെ കേരളത്തിൽ പിടിച്ചുനിർത്താനുള്ള പ്രത്യേക പദ്ധതികൾ യുഡിഎഫിനുണ്ട്. വിദഗ്ധരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഖജനാവ് നിറയ്ക്കുമെന്നും സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ പണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ കൈപിടിച്ചുയർത്തും. ലക്ഷക്കണക്കിന് കുട്ടികളാണ് വിദേശത്തേക്ക് പോകുന്നത്. ഇത് തുടർന്നാൽ കേരളം വൃദ്ധസദനമായി മാറും. കുട്ടികൾക്ക് നാട്ടിൽത്തന്നെ പഠിക്കാൻ മികച്ച സർവകലാശാലകളും പ്രോഗ്രാമുകളും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്നും വി ഡി സതീശൻ പറഞ്ഞു.
'ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചാൽ ശാപം കിട്ടും'; പിണറായി വിജയനും എം വി ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചെന്ന് കെ മുരളീധരൻ
ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചാൽ ദൈവശാപമേൽക്കുമെന്നും അത് പല രൂപത്തിൽ വരാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെയും രക്തസാക്ഷികളെയും ദൈവങ്ങളെയും ഒരുപോലെ വഞ്ചിച്ച സർക്കാരാണിതെന്നും സിപിഎം എല്ലായിടത്തും കൈയിട്ടുവാരിയെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ പ്രവർത്തനത്തെ മുരളീധരൻ രൂക്ഷമായി വിമർശിച്ചു. അന്വേഷണസംഘം ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണോ അതോ പിണറായിയുടെ നിയന്ത്രണത്തിലാണോ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിക്ക് നൽകുന്ന റിപ്പോർട്ടുകൾ രഹസ്യമായി മുഖ്യമന്ത്രിക്ക് ചോർത്തി നൽകുകയാണ്. എസ്‌ഐടി അതീവ നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നത്. താത്കാലിക കുറ്റപത്രം പോലും നൽകാൻ തയ്യാറാകാത്തതിനാൽ കേസിലെ കള്ളന്മാർ ഓരോരുത്തരായി പുറത്തിറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേസിൽ യുഡിഎഫ് നേതാക്കളെ കൂടി പ്രതിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അത് നടപ്പില്ലെന്നും 2019-ലാണ് സ്വർണ്ണം മോഷണം പോയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ കൈയിൽ കനമില്ലെന്നും കനം മുഴുവൻ പിണറായിക്കാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അഴിമതിയും കൊള്ളയും മുഖമുദ്രയാക്കിയ ഈ ഭരണകൂടത്തിന് ജനങ്ങൾ വൈകാതെ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കേസിലെ പ്രതികളെ പുറത്തിറങ്ങാൻ സർക്കാർ സഹായിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ ചെറിയ നടപടിയെടുക്കാൻ പോലും പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. കേരളത്തെ നശിപ്പിക്കുന്ന സർക്കാരിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് രാഷ്ട്രീയ സത്യസന്ധത ഉണ്ടായിരുന്നുവെങ്കിൽ തദ്ദേശ ജനവിധി മാനിച്ച് ഭരണം തിരുത്താൻ തയ്യാറാകണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
'അയ്യപ്പന്റെ പൊന്ന് കൊണ്ട് പോയത് പൊറുക്കാനാവില്ല'; സെമിഫൈനലിൽ ജയിച്ചു, ഫൈനലിൽ കപ്പുമായി വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കേരള രാഷ്ട്രീയത്തിലെ സെമിഫൈനലിൽ യുഡിഎഫ് വിജയിച്ചുകഴിഞ്ഞുവെന്നും ഫൈനലിലും കാണികൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും കപ്പും കൊണ്ട് തങ്ങൾ തിരിച്ചുവരുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുമ്പളയിൽ പുതുയുഗ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ അണികളെ ആവേശത്തിലാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
എല്ലാം പൊറുക്കാമെങ്കിലും അയ്യപ്പന്റെ പൊന്ന് കൊണ്ടുപോയത് ഒരിക്കലും പൊറുക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ എൽഡിഎഫ് ഇറക്കിയ പാരഡി ഗാനം 'പോറ്റിയേ ഇറക്കിയേ' എന്ന് മാറ്റിപ്പാടേണ്ട അവസ്ഥയിലാണ് നിലവിൽ ഭരണമുന്നണി എത്തിയിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആർക്കാണ് മനസ്സിലാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഗ്ദാന ലംഘനം നടത്തിയവർക്ക് ജനങ്ങൾ തക്കതായ തിരിച്ചടി നൽകണമെന്നും കേരളത്തിൽ പിണറായി വിജയൻ യുഗം അവസാനിക്കുകയാണെന്നും കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. വികസനമെന്ന് പറഞ്ഞ് എൽഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ സഹകരണ ബാങ്കുകളെ കവരുകയല്ലാതെ എന്ത് വികസനമാണ് നടന്നതെന്ന് അദ്ദേഹം ചോദിച്ചു. നാടിനെ മുടിച്ച സർക്കാരിനെതിരെയുള്ള പോരാട്ടമാണിതെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ കുട്ടികൾക്ക് നാട്ടിൽ പഠിക്കാനും ജീവിക്കാനും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ജാഥ അവസാനിക്കുമ്പോഴേക്കും കേരളത്തിലെ പിണറായിസവും മരുമോനിസവും അവസാനിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു. ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനങ്ങൾ വിധിയെഴുതുന്ന കാലം അതിദൂരമല്ലെന്നും നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി.
പുതിയ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: AICC General Secretary KC Venugopal inaugurated the Puduyuga Yatra in Kumbla, vowing to jail the culprits of the Sabarimala gold theft case.
#KCVenugopal #VDSatheesan #PuduyugaYatra #SabarimalaGoldCase #UDF #KeralaPolitics #KasaragodNews #LDFCriticismരോപണങ്ങൾ ഉറവിടത്തിൽ നൽകിയ പ്രകാരം ഉൾപ്പെടുത്തി.
