ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ബിജെപി വോട്ട് രാഷ്ട്രീയം കളിക്കുന്നുവെന്ന് കെ സി വേണുഗോപാൽ


-
കന്യാസ്ത്രീകൾക്ക് അന്ന് തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നു.
-
കേന്ദ്രസർക്കാർ വിഷയത്തിൽ ആത്മാർത്ഥ കാണിച്ചില്ല.
-
ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രം ന്യൂനപക്ഷങ്ങൾക്കെതിരാണ്.
-
ബി.ജെ.പി.യുടെ ഇരട്ടത്താപ്പ് ക്രൈസ്തവ സമൂഹം തിരിച്ചറിയും.
കണ്ണൂർ: (KVARTHA) ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പി. വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ആലക്കോട് ഉദയഗിരിയിൽ ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ വീട് സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പ്രത്യയശാസ്ത്രം വെറുപ്പിന്റെയും വോട്ട് രാഷ്ട്രീയത്തിന്റേതുമാണ്. ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിക്കാതെ ബി.ജെ.പി. വോട്ട് രാഷ്ട്രീയ നാടകം കളിക്കുകയാണ്. ക്രൈസ്തവ ഭവനങ്ങളിൽ വിതരണം ചെയ്ത ക്രിസ്മസ് കേക്കിനോട് നീതി പുലർത്തിയിരുന്നെങ്കിൽ ഛത്തീസ്ഗഢിൽ കന്യാസ്ത്രീമാർ അറസ്റ്റ് ചെയ്യപ്പെട്ട അന്ന് തന്നെ അവരുടെ മോചനത്തിന് കേരളത്തിലെ ബി.ജെ.പി. നേതാക്കൾ ഇടപെടുമായിരുന്നുവെന്നും കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി.
നിരപരാധികളായ കന്യാസ്ത്രീകളെ ഗുരുതരമായ വകുപ്പുകൾ ചുമത്തി എട്ട് ദിവസത്തോളം ജയിലിലിട്ട ശേഷം ഇപ്പോൾ അവരെ വിടാൻ പോകുന്നത് തങ്ങളുടെ ഇടപെടലാണെന്ന ബി.ജെ.പി. നേതാക്കളുടെ അവകാശവാദത്തിന്റെ യുക്തിയെന്താണെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ദിവസം തന്നെ കന്യാസ്ത്രീകൾക്ക് ന്യായമായ ജാമ്യത്തിന് അർഹതയുണ്ടായിരുന്നു. അത് നിഷേധിച്ചത് ബി.ജെ.പി. ഭരണകൂടമാണ്. കേന്ദ്രസർക്കാരിന് ആത്മാർത്ഥയുണ്ടായിരുന്നെങ്കിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം പോലുള്ള വകുപ്പുകൾ ഒഴിവാക്കാൻ ഛത്തീസ്ഗഢ് സർക്കാരിനോട് ആവശ്യപ്പെടാഞ്ഞത് എന്തുകൊണ്ട്? അങ്ങനെ ചെയ്തിരുന്നെങ്കിൽ കന്യാസ്ത്രീകൾക്ക് അന്ന് തന്നെ ജാമ്യം ലഭിക്കുമായിരുന്നു.
അവരെ മോചിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, കേസ് എൻ.ഐ.എ. കോടതിക്ക് വിടണമെന്ന് പറഞ്ഞ് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. ജയിലിൽ കിടക്കുന്ന കന്യാസ്ത്രീകൾക്ക് സ്വാഭാവികമായ ജാമ്യത്തിന് സാഹചര്യം ഒരുങ്ങിയപ്പോൾ ബി.ജെ.പി. അവകാശവാദം ഉന്നയിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സംഘപരിവാറിന്റെയും ആർ.എസ്.എസിന്റെയും അടിസ്ഥാനപരമായ ഡി.എൻ.എ. ന്യൂനപക്ഷങ്ങൾക്കെതിരാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഛത്തീസ്ഗഢിൽ നിന്നുള്ള ബി.ജെ.പി. എം.പി.മാർ പ്രകോപനപരമായ ഭാഷയിലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. രാജ്യത്ത് അത്യന്തം ഗൗരവകരമായ സാഹചര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാനെത്തിയ രണ്ട് നിരപരാധികളായ കന്യാസ്ത്രീകളെയാണ് അകാരണമായി ജയിലിലടച്ചത്.
കേസെടുക്കേണ്ട ഒരു കാര്യമില്ലാഞ്ഞിട്ടും അവർക്ക് ജാമ്യം ലഭിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് ബി.ജെ.പി. സർക്കാർ ശ്രമിച്ചത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബജ്‌റംഗ്ദളിന്റെ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇതെല്ലാം ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളത്തിലെ ബി.ജെ.പി. നേതാക്കൾ നാടകം കളിക്കുന്നത് ക്രൈസ്തവ വോട്ട് തട്ടാനാണ്. അവരെ ക്രൈസ്തവ സമൂഹം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.
മതേതരത്വം സംരക്ഷിക്കാൻ എല്ലാകാലത്തും നിലപാടെടുത്തവരാണ് ക്രൈസ്തവ സഭ. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ ഇരട്ട നിലപാട് വിശ്വാസികളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ സാധിക്കും. ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ക്രൈസ്തവ സമൂഹത്തിന് എതിരാണെന്ന് മധ്യപ്രദേശ്, മണിപ്പൂർ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിലെ ഇത്തരം സംഭവങ്ങളിലൂടെ പല പ്രാവശ്യം അവർ തെളിയിച്ചു.
കന്യാസ്ത്രീകളെ അകാരണമായി ഗുരുതര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത നിമിഷം തന്നെ അവരെ മോചിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി എന്നിവരോട് താൻ ആവശ്യപ്പെട്ടതാണ്. എം.പി.മാരുടെ പ്രതിനിധി സംഘത്തെ ഛത്തീസ്ഗഢിലേക്ക് അയച്ചു. എ.ഐ.സി.സി. നിർദ്ദേശപ്രകാരം ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ കന്യാസ്ത്രീകളെ ജയിലിലെത്തി സന്ദർശിച്ചു.
അവരുടെ മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലും കോൺഗ്രസ് നടത്തി. പാർലമെന്റിലെ ഇരുസഭകളിലും പുറത്തും ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും കോൺഗ്രസ് നടത്തി. ഇത്രയും ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും ബി.ജെ.പി. ഭരണകൂടം അവരെ മോചിപ്പിക്കാൻ തയ്യാറായില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: KC Venugopal criticizes BJP's 'vote politics' in Chhattisgarh nun arrest.
#ChhattisgarhNuns #KCVenugopal #BJP #VotePolitics #IndianPolitics #Congress