11 വർഷത്തിന് ശേഷം കണ്ണൂർ സിപിഐ ജില്ലാ സമ്മേളനത്തിന് ആതിഥേയരാകുന്നു!

 
CPI leaders at Kannur press conference
CPI leaders at Kannur press conference

Photo: Special Arrangement

● 1939-ൽ പിണറായി പാറപ്രത്താണ് സി.പി.ഐ. കേരളഘടകം രൂപീകരിച്ചത്.
● രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ തകർക്കുന്നതിനെതിരെ എൽ.ഡി.എഫ്.
● സമ്മേളനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും നടന്നു.
● പതാകജാഥയും കൊടിമര ജാഥയും ജൂലൈ നാലിന് നടക്കും.
● പൊതുസമ്മേളനം ജൂലൈ നാലിന് കാനം രാജേന്ദ്രൻ നഗറിൽ.


കണ്ണൂർ: (KVARTHA) സി.പി.ഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനം ജൂലൈ 4, 5, 6 തീയതികളിൽ കണ്ണൂരിൽ നടക്കും. 11 വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂർ നഗരം സി.പി.ഐ. ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കയ്യൂരും കരിവെള്ളൂരും കാവുമ്പായും തില്ലങ്കേരിയും പായവും പാടിക്കുന്നും മുൻയൻകുന്നും തുടങ്ങി സ്വന്തം ജീവരക്തം നൽകി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തി പകർന്ന ധീര സഖാക്കളുടെ പടനിലങ്ങളുടെ മണ്ണാണ് കണ്ണൂരിലേത്. 

1939-ൽ പിണറായി പാറപ്രത്ത് വെച്ചാണ് സി.പി.ഐയുടെ കേരളഘടകം രൂപീകരിച്ചത്. 1964-ൽ പാർട്ടി പിളർപ്പിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ സി.പി.ഐയുടെ സാന്നിദ്ധ്യം പരിമിതമായിരുന്നു. നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തെ അതിജീവിച്ചാണ് ജില്ലയിൽ പാർട്ടി മുന്നേറിയത്.


പാർട്ടിക്കൊപ്പം നിന്നവരുടെ പിൻതലമുറക്കാർ ഇന്നും പാർട്ടിയുടെ മുന്നേറ്റത്തിനായി വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇന്ന് പാർട്ടിക്ക് ഭൂരിപക്ഷം പ്രദേശങ്ങളിലും ഘടകങ്ങളുണ്ട്. പാർട്ടി അംഗങ്ങൾക്ക് പുറമെ വിവിധ വർഗ്ഗ ബഹുജന സംഘടനകളിലെ അംഗത്വത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 

വിവിധ പ്രദേശങ്ങളിൽ നിന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പേർ സി.പി.ഐയിലേക്ക് ഈ കാലയളവിൽ കടന്നുവന്നിട്ടുണ്ട്. ജില്ലയിൽ പ്രാദേശിക പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് അതിലൂടെ ജനമനസ്സുകളിൽ ഇടം നേടാൻ സി.പി.ഐ. പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം നിസംശയം പറയാം. 

നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതോടൊപ്പം തന്നെ കണ്ണൂരിലെ സി.പി.ഐയും. ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സി.പി.ഐക്ക് നേരെയും വസ്തുതാവിരുദ്ധമായ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും തുടർന്നുവരികയാണ്. 

രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ തകർത്ത് ഫാസിസം നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനെ എൽ.ഡി.എഫ്. സർക്കാർ ശക്തിയുക്തം എതിർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

കേരളത്തിന്റെ സാമൂഹ്യ വികസന മുന്നേറ്റത്തിൽ നവകേരളത്തിന്റെ സൃഷ്ടിക്കായുള്ള പാതയിലാണ് ഇടതുപക്ഷ സർക്കാർ. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സി.പി.ഐ. ജില്ലാ സമ്മേളനത്തിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ രചനാമത്സരങ്ങൾ, സെമിനാർ, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികൾ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു.

ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട പാറപ്രത്ത് നിന്ന് കൊണ്ടുവരും. ജൂലൈ നാലിന് രാവിലെ 11 മണിക്ക് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.വി. സാഗർ ജാഥാ ലീഡറും, എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി സി. ജസ്വന്ത് ഡെപ്യൂട്ടി ലീഡറും, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന ഡയറക്ടറുമായുള്ള പതാകജാഥ പാർട്ടി മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ പാറപ്രത്ത് ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ പതാക ഏറ്റുവാങ്ങും.

ജൂലൈ നാലിന് രാവിലെ 11 മണിക്ക് കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെടുന്ന എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ് ജാഥാ ലീഡറും, അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.കെ. മധുസൂദനൻ ഡെപ്യൂട്ടി ലീഡറും, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി കെ.വി. ബാബു ഡയറക്ടറുമായുള്ള കൊടിമര ജാഥ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ കാവുമ്പായിൽ ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ കൊടിമരം ഏറ്റുവാങ്ങും. എം. ഗംഗാധരൻ പതാക ഉയർത്തും.

ജൂലൈ നാലിന് കാനം രാജേന്ദ്രൻ നഗറിൽ (കണ്ണൂർ ടൗൺ സ്ക്വയർ) നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് നാലരക്ക് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ അധ്യക്ഷനാകും. 

നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ., സത്യൻ മൊകേരി, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, അഡ്വ. പി. വസന്തം, ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, സി.പി. മുരളി, സി.എൻ. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വെള്ളോറ രാജൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. ഉഷ നന്ദിയും പറയും.

ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം എം.കെ. ശശി നഗറിൽ (നവനീതം ഓഡിറ്റോറിയം) സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 

കെ.വി. ഗംഗാധരൻ പതാക ഉയർത്തും. സ്വാഗതസംഘം ചെയർമാൻ സി.പി. ഷൈജൻ സ്വാഗതവും വൈസ് ചെയർമാൻ കെ.വി. ഗോപിനാഥ് നന്ദിയും പറയും.

വാർത്താസമ്മേളനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌ കുമാർ, സി.പി. ഷൈജൻ, എ. പ്രദീപൻ, വെള്ളോറ രാജൻ, എം. അനിൽ കുമാർ, കെ.വി. സാഗർ എന്നിവർ പങ്കെടുത്തു.


കണ്ണൂരിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Kannur hosts CPI district conference after 11 years.


#CPIKerala #KannurPolitics #DistrictConference #CommunistParty #KeralaLeft #PoliticalMeet

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia