തന്നെ തോൽപ്പിക്കാൻ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് നേതാക്കൾ സി പി എമ്മുമായി അന്തർധാരയുണ്ടാക്കി: പി കെ രാഗേഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തോൽവി അഴിമതിക്കും സ്വജനപക്ഷപാതത്വത്തിനുമെതിരെ പ്രതിഷേധമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകരുടേതാണ്.
● കേരളത്തിലെ ഇടതു ഭരണത്തിനെതിരായ 'സുനാമി' കാരണമാണ് യു ഡി എഫിന് കോർപ്പറേഷൻ ഭരണം ലഭിക്കാൻ കാരണം.
● കോൺഗ്രസിന്റെ ഈറ്റില്ലമായ ടെംപിൾ വാർഡിൽ ബി ജെ പി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിലെ ചില നേതാക്കളുടെ പങ്കുണ്ട്.
● പടന്നപ്പാലത്തെ മലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തതും പയ്യാമ്പലം ശ്മശാനത്തിലെ അഴിമതിയും രഹസ്യധാരണയ്ക്ക് തെളിവാണ്.
കണ്ണൂർ: (KVARTHA) കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ താൻ നേതൃത്വം നൽകിയ ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ തോൽവിക്ക് പിന്നിൽ കോൺഗ്രസ്-സി പി എം അന്തർധാരയാണെന്ന് മുൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് വിമത നേതാവുമായ പി കെ രാഗേഷ് കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
താൻ ഇത്തവണത്തെ കോർപ്പറേഷൻ കൗൺസിലിൽ എത്തരുതെന്ന വാശിയോടെയാണ് കോൺഗ്രസും മുസ്ലിം ലീഗും സി പി എമ്മുമായി 'ചേട്ടൻ ബാവ അനിയൻ ബാവ' കഥാപാത്രങ്ങളെപ്പോലെ കളിച്ചത്. തന്റെ തോൽവി അഴിമതിക്കും സ്വജനപക്ഷപാതത്വത്തിനുമെതിരെ പ്രതിഷേധമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകരുടെതാണെന്നും ആരൊക്കെ എത്ര വലിയ കൂട്ടുകെട്ടുണ്ടാക്കിയാലും തന്നെ ഇല്ലാതാക്കാൻ കഴിയില്ലെന്നും പി കെ രാഗേഷ് പറഞ്ഞു.
കോൺഗ്രസുകാരനായി ജീവിക്കാൻ തനിക്ക് ഒരു നേതാവിന്റെയും തിട്ടൂരം ആവശ്യമില്ല. താനും സി പി എമ്മുമായി സഖ്യമുണ്ടെന്ന് പ്രചരിപ്പിച്ച് അവരുമായി രഹസ്യധാരണയുണ്ടാക്കിയ നേതാക്കളെ ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ തിരിച്ചറിയുക തന്നെ ചെയ്യും. കേരളത്തിലെ ഇടതു ഭരണത്തിനെതിരായുള്ള 'സുനാമി' കാരണമാണ് കോർപ്പറേഷൻ ഭരണം യു ഡി എഫിന് ലഭിക്കാൻ കാരണം. അതിൽ ഇവിടുത്തെ നേതാക്കൾ അഹങ്കരിക്കേണ്ട കാര്യമില്ല.
കണ്ണൂരിൽ ഒരു കൈകൊണ്ട് സി പി എമ്മിനെ തലോടുകയും മറുകൈകൊണ്ട് വളർത്തുകയും ചെയ്യുന്ന ഇരട്ടമുഖമുള്ള നേതാക്കളാണുള്ളത്. ഇതിനുള്ള തെളിവാണ് കോൺഗ്രസിന്റെ ഈറ്റില്ലമായ ടെംപിൾ വാർഡിൽ ബി ജെ പി വിജയിച്ചത്. ബി ജെ പി വിജയിച്ച വാർഡുകൾ പരിശോധിച്ചാൽ ചില നേതാക്കളുടെ പങ്ക് വ്യക്തമാകും.
താൻ മത്സരിച്ച അമ്പത്തിയാറാം ഡിവിഷനായ പഞ്ഞിക്കലിൽ 980 വോട്ടുണ്ടായിരുന്ന സി പി എമ്മിന് ഇക്കുറി 552 വോട്ടാണ് ലഭിച്ചത്. ബാക്കി 458 വോട്ട് എങ്ങോട്ടു പോയെന്ന് നേതൃത്വം വ്യക്തമാക്കണം. കണ്ണൂർ കോർപ്പറേഷനിൽ നേരത്തെ തന്നെ സി പി എമ്മുമായി കോൺഗ്രസിലെ ചില നേതാക്കൾ രഹസ്യധാരണ പുലർത്തിയിരുന്നു. അതിന്റെ തെളിവായിരുന്നു 2023 ഡിസംബർ 30-ന് പൂർത്തിയാകാത്ത പ്ലാന്റാണെന്ന് പരാതി നൽകിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പടന്നപ്പാലത്തെ മലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
പയ്യാമ്പലം ശ്മശാനത്തിൽ ശവദാഹത്തിന്റെ പേരിൽ 'തീവെട്ടിക്കൊള്ള' നടത്തിയിട്ടും സമരകോലാഹലം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്യാൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. ഈ കാര്യത്തിൽ താനാണ് വിജിലൻസിന് പരാതി നൽകിയത്.
കോർപ്പറേഷൻ നടത്തുന്ന അഴിമതിക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതികരിക്കുന്നതിനാലാണ് തന്നെ ഇരുമുന്നണികളും ഒത്തുചേർന്ന് തോൽപ്പിച്ചത്. എന്നിട്ടും 912 വോട്ടു നേടി ജനങ്ങളുടെ പിന്തുണ ചതുഷ്‌കോണ മത്സരത്തിലൂടെ തെളിയിക്കാൻ സാധിച്ചു.
കൗൺസിൽ അംഗമല്ലെങ്കിലും 2005-ലെ വിവരാവകാശ നിയമം ആയുധമാക്കി താൻ പോരാടും. 'വായമൂടിക്കെട്ടി അഴിമതി ഭരണം തുടരാമെന്ന് വ്യാമോഹിക്കേണ്ട', തങ്ങൾ ജനപക്ഷത്തു തന്നെയുണ്ടാകുമെന്നും പി കെ രാഗേഷ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഐക്യജനാധിപത്യ സംരക്ഷണ സമിതി നേതാക്കളായ എം വി പ്രദീപ് കുമാർ, ഇ പി മധുസൂദനൻ എന്നിവരും പങ്കെടുത്തു.
കണ്ണൂർ കോർപ്പറേഷനിലെ കോൺഗ്രസ്-സി പി എം രഹസ്യധാരണ ആരോപണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.
Article Summary: PK Ragesh alleges a Congress-CPM undercurrent led to his defeat in the Kannur Corporation election.
#PKRagesh #KannurCorporation #Congress #CPM #ElectionAllegations #KeralaPolitics
