തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കണ്ണൂരിൽ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു; സുധാകര പക്ഷം പ്രതിരോധത്തിലോ?


● സുധാകര പക്ഷത്തെ നേതാക്കളെ ആകർഷിക്കാൻ ശ്രമം.
● തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ വാഗ്ദാനം.
● സുധാകരൻ്റെ സ്വാധീനം കുറയ്ക്കാൻ ശ്രമം.
കണ്ണൂർ: (KVARTHA) പുതിയ കെ.പി.സി.സി അധ്യക്ഷൻ ആവേശമില്ലാതെ ചുമതലയേൽക്കുന്നു. കെ. സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയത് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് പോലും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
എല്ലാവരോടും ഒത്തുപോകുന്ന അഴകൊഴമ്പൻ നിലപാടുള്ള വ്യക്തിയും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്ന നേതാവുമാണ് സണ്ണി ജോസഫ് എന്ന് കോൺഗ്രസിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിലയിരുത്തപ്പെടുന്നു.
സുധാകരന്റെ അടുത്ത അനുയായിയായിരിക്കുമ്പോഴും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായുള്ള സൗഹൃദമാണ് പുതിയ സ്ഥാനത്തിന് പിന്നിലെന്നാണ് കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. സണ്ണി ജോസഫ് ഡി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് പി. രാമകൃഷ്ണൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ വിവാദമായിരുന്നു. എന്നാൽ അന്ന് പി.ആറിനെതിരെ ശക്തമായി നിലകൊണ്ടത് സുധാകരനായിരുന്നു.
സണ്ണി ജോസഫ് ഉൾപ്പെടെയുള്ള സുധാകര വിശ്വസ്തരാണ് ആദ്യം പി.ആറിനെയും പിന്നീട് കെ.പി നൂറുദ്ദീൻ ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളെയും ഒതുക്കാൻ മുൻകൈയെടുത്തത്.
1991-ലെ സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ മേധാവിത്വം നേടിയ കെ. സുധാകരൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റായതോടെയാണ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ ഭാവി മെച്ചപ്പെടുന്നത്. ഡി.സി.സി അധ്യക്ഷനായിട്ടും പി. രാമകൃഷ്ണന് ഓഫീസിൽ പ്രവേശിക്കാൻ പോലും സുധാകര വിഭാഗം അനുവദിച്ചില്ല. കെ.സി ജോസഫിന് ഇരിക്കൂർ സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞതൊഴിച്ചാൽ മറ്റു എ ഗ്രൂപ്പുകാരെല്ലാം ഒതുക്കപ്പെട്ടു.
ഏകദേശം കാൽനൂറ്റാണ്ടുകാലമായി കെ. സുധാകരനാണ് കണ്ണൂർ കോൺഗ്രസിലെ ശക്തനായ നേതാവ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സി വേണുഗോപാലിന്റെ തന്ത്രപരമായ നീക്കത്തിൽ സുധാകരന് ഒഴിയേണ്ടിവന്നെങ്കിലും പാർട്ടിയിൽ അദ്ദേഹത്തിന് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്.
അതുകൊണ്ടാണ് സുധാകരന്റെ നിഴൽ പോലെ നിന്നിരുന്ന സണ്ണി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കി കെ.സി വേണുഗോപാൽ പുതിയ തന്ത്രം മെനഞ്ഞത്. ഈ നീക്കത്തോടെ കണ്ണൂരിലെ സുധാകര വിഭാഗം ശിഥിലമായിരിക്കുകയാണ്. ഇപ്പോൾ ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും തൻ്റെ പക്ഷക്കാരനെ നിയമിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാൽ.
മാർട്ടിൻ ജോർജിന് പകരം രാജീവൻ എളയാവൂരിനെ ഡി.സി.സി അധ്യക്ഷനാക്കാൻ നീക്കം നടക്കുന്നു. ഇത് കണ്ണൂരിലെ സുധാകര വിഭാഗത്തിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കാം. സ്വന്തം പക്ഷത്തുള്ളവരെക്കൂടാതെ എ.ഐ.സി.സി ആസ്ഥാനത്തിരുന്ന് കെ.സി വേണുഗോപാൽ നടത്തുന്ന രഹസ്യ നീക്കങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് സുധാകരൻ.
മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് കെ.സി വേണുഗോപാൽ പക്ഷത്തേക്ക് സുധാകര വിഭാഗത്തിലെ നേതാക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. സുധാകര വിഭാഗത്തെ ദുർബലമാക്കി പിളർത്തി തന്നോടൊപ്പം ചേർക്കുക എന്നതാണ് കെ.സി വേണുഗോപാലിൻ്റെ തന്ത്രം. ഇതിൻ്റെ ആദ്യ പടിയാണ് സണ്ണി ജോസഫിൻ്റെ കെ.പി.സി.സി അധ്യക്ഷ സ്ഥാനം.
കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Summary: Congress politics in Kannur is turbulent as elections approach. The appointment of Sudhakaran's confidant as KPCC president has caused disputes within the party. 1 K.C. Venugopal's moves are weakening the Sudhakaran faction, with attempts to install his loyalist as DCC president.
#KannurPolitics, #CongressKerala, #KCSudhakaran, #KCVenugopal, #KeralaElections, #PoliticalNews