K Sudhakaran | ടിപി കേസിലെ പ്രതികളെ ജയിലില്‍ നിന്നും വിട്ടയക്കാനുള്ള തീരുമാനത്തിന് ബോംബ് നിര്‍മാണവുമായി ബന്ധമെന്ന് കെ സുധാകരന്‍


കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റേത് അസ്വാഭാവിക നടപടി
കേരളത്തില്‍ ഇനിയും ആരുടെയൊക്കെയോ രക്തം ഒഴുക്കാനാണ് നീക്കം
കണ്ണൂര്‍: (KVARTHA) ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ നിന്നും വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മാണവും തമ്മില്‍ ബന്ധമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ സിപിഎമിനുള്ളില്‍ എതിര്‍ ശബ്ദം ഉയര്‍ന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹവും നിഗൂഢവുമാണെന്ന് സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റേത് അസ്വാഭാവിക നടപടിയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ഉന്നത സിപിഎം ഇടപെടലില്ലാതെ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യില്ല. ഇനിയും കേരളത്തില്‍ ആരുടെയൊക്കെയോ രക്തം ഒഴുക്കാനാണ് നീക്കമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ടി പി കേസ് പ്രതികളോട് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. ഇതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പര്യമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.