പിണറായിക്ക് വെല്ലുവിളിയായി സുധാകരൻ ധർമ്മടത്തേക്ക്? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

 
K Sudhakaran, Indian politician.
K Sudhakaran, Indian politician.

Photo Credit: Facebook/ K Sudhakaran, Pinarayi Vijayan

● സുധാകരനെ കെ.പി.സി.സിയിൽ നിന്ന് നീക്കിയത് വിവാദമായി.
● ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് സണ്ണി ജോസഫ് പ്രസിഡൻ്റായി.
● സുധാകരൻ്റെ നീക്കം കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകും.
● ധർമ്മടത്ത് മത്സരിച്ചാൽ അത് രാഷ്ട്രീയ പോരാട്ടത്തിന് വഴിതെളിക്കും.
● പിണറായി വിജയനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യത.

സോണി കല്ലറയ്ക്കൽ 

(KVARTHA) കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റിയിരിക്കുകയാണ്. പേരാവൂർ എം.എൽ.എ ആയ സണ്ണി ജോസഫാണ് പുതിയ പ്രസിഡൻ്റ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ പൊടുന്നനെ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം അമർഷത്തിലാണെന്നുള്ളതാണ് വ്യക്തം. 

വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്ന അനേകം പേർ കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്. അവരുടെ സ്വന്തം താല്പര്യമാണ് സുധാകരനെ നീക്കിയതിന് പിന്നിൽ എന്ന് വ്യക്തം. ഇന്ന് കേരളത്തിൽ പിണറായി വിജയനെതിരെ കൈ ചൂണ്ടി സംസാരിക്കാനും കോൺഗ്രസ് പ്രവർത്തകരിൽ ആവേശം വിടർത്താനും സുധാകരനല്ലാതെ മറ്റൊരു കോൺഗ്രസ് നേതാവില്ലെന്നതാണ് സത്യം. അത്രയും ധീരനായ സുധാകരനെ മാറ്റിയതിനുള്ള കാരണമായി കോൺഗസ് നേതാക്കൾ പറയുന്നത് അദ്ദേഹത്തിന് അനാരോഗ്യമാണെന്നാണ്. 

അങ്ങനെയെങ്കിൽ പടുകിഴവനും 85 വയസിൽ അധികമുള്ളയാളും ആരുടെയെങ്കിലും പരസഹായത്തോടെ എണീറ്റ് നടക്കുന്ന കോൺഗ്രസിൻ്റെ ദേശീയ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയെ അല്ലെ ആദ്യം നീക്കേണ്ടതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാവും. ധീരനായ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ ആ കാര്യവും കൂടി കോൺഗ്രസ് ഹൈക്കമാൻ്റ് ഒന്ന് ചിന്തിക്കേണ്ടതായിരുന്നു.

പിന്നെ ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ.പിയിൽ പോകാതെ കോൺഗ്രസിലെത്തിക്കാനാണ് തിടുക്കത്തിൽ സുധാകരനെ മാറ്റി സണ്ണി ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരിയെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് കൊണ്ടുവന്നതെന്ന് വ്യാഖ്യാനമുണ്ട്. ഈ സണ്ണി ജോസഫ് പ്രസിഡൻ്റ് ആയതുകൊണ്ട് ക്രിസ്ത്യൻ വോട്ടുകൾ മുഴുവൻ കോൺഗ്രസ് പാളയത്തിൽ എത്തിക്കാൻ പറ്റുമെന്ന് എങ്ങനെ പറയാൻ പറ്റും? 

മറുവശത്ത് ബി.ജെ.പിയിൽ കത്തോലിക്കാ അച്ചന്മാരുടെയും ബിഷപ്പുമാരുടെയും ഒക്കെ ആശിർവാദത്തോടെ നിൽക്കുന്ന പി.സി.ജോർജും മകൻ ഷോൺ ജോർജും കേന്ദ്രമന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്രമന്ത്രി അൽഫോൻ കണ്ണന്താനവും ഒക്കെയുണ്ട്. ഇവരെ ഒക്കെ കടത്തിവെട്ടി എങ്ങനെ സണ്ണി ജോസഫിന് ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസ് പാളയത്തിൽ എത്തിക്കാൻ പറ്റുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

സണ്ണി ജോസഫിന് മുൻപ് ഏ.കെ. ആൻ്റണി എന്ന ക്രിസ്ത്യൻ നാമധാരിയും കെ.പി.സി.സി പ്രസിഡൻ്റ് ആയി ഇരുന്നിട്ടുണ്ട്. ക്രിസ്ത്യൻ നാമധാരികളായ ഉമ്മൻ ചാണ്ടിയും ഏ.കെ.ആൻ്റണിയും ഇവിടെ മുഖ്യമന്ത്രിമാരായും ഇരുന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും ബെന്നി ബെഹനാനും യു.ഡി.എഫ് കൺവീനർമാരായും ഇരുന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ക്രിസ്ത്യാനികളെ കോൺഗ്രസ് പാർട്ടി അവഗണിച്ചു എന്ന് പറയുന്നതിൽ എന്ത് അർത്ഥമിരിക്കുന്നു? ഇങ്ങനെയൊക്കെ പറഞ്ഞ് വെറുതെ കെ.സുധാകരനെ ബലിയാടാക്കി എന്ന് മാത്രം. കെ.സുധാകരൻ ചെയ്തതിൽ അപ്പുറമൊന്നും ഇനി സണ്ണി ജോസഫിന് പാർട്ടിയിൽ ചെയ്യാനുണ്ടെന്നോ ചെയ്യുമെന്നോ തോന്നുന്നില്ല.

എന്തായാലും കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്തായ കെ.സുധാകരൻ ഇനി അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. പ്രവർത്തകരിൽ കൂടുതൽ ആവേശം കൊള്ളിക്കുന്ന നിലപാട് ആയിരിക്കും അദ്ദേഹം തുടരുക. സുധാകരൻ എന്നാൽ പ്രവർത്തകർക്ക് ആവേശമാണ്. അത് കെടാതെ നിലനിർത്താനാവും ഇനി സുധാകരൻ്റെ ശ്രമം. അതിനായി 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് അദ്ദേഹത്തിനെതിരെ കെ.സുധാകരൻ മത്സരിച്ചെന്നു വരാം. 

കെ.സുധാകരൻ എം.പി. ആയിരിക്കുന്ന കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെടുന്ന ഒരു നിയമസഭാ മണ്ഡലം കൂടിയാണ് ധർമ്മടം. ഇവിടെ സുധാകരൻ മത്സരിക്കാൻ ഇറങ്ങി പിണറായിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയാൽ അത് യു.ഡി.എഫ് സംവിധാനത്തിൽ മൊത്തം ഒരു ആവേശം ഉണർത്തും. പുറമേ നിന്ന് നോക്കിയാൽ സി.പി.എമ്മിന് വളരെ മുൻതൂക്കമുള്ള മണ്ഡലമാണ് ധർമ്മടം. എന്നാൽ പോലും പിണറായി ഇഷ്ടപ്പെടാത്ത ഒരുപാട് സഖാക്കൾ ഈ മണ്ഡലത്തിലുണ്ടെന്നതാണ് സത്യം. 

ഇനി എൽ.ഡി.എഫിനൊരു തുടർഭരണം ഉണ്ടായാൽ പാർട്ടി തന്നെ തകരുമെന്ന് ചിന്തിക്കുന്നവരും അവിടെ ഏറെയാണ്. ഇതൊക്കെ സുധാകരന് വോട്ടാക്കി മാറ്റാൻ പറ്റിയെന്നിരിക്കും. ഒപ്പം കെ.സുധാകരനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവരും കണ്ണൂർ സഖാക്കളുടെ ഇടയിൽ ഉണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്. അങ്ങനെയൊക്കെ നോക്കുമ്പോൾ വരുന്ന തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ തന്നെയാകും പിണറായി വിജയന് ശക്തനായ എതിരാളി. 

പണ്ട് ഒരിക്കലും തോൽക്കില്ലെന്ന് മേനി നടിച്ചു നടന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെ അപ്രതീക്ഷിതമായി ഇറങ്ങിയ കെ.ടി.ജലീൽ കുറ്റിപ്പുറത്ത് തോൽപ്പിച്ച ചരിത്രവും നമ്മുടെ മുൻപിലുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാൽ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വലിയ ആവേശമായി മാറും. യു.ഡി.എഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയാൽ കെ.സുധാകരനെ മുഖ്യമന്ത്രിയാക്കണമെന്ന മുറവിളി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുകയും ചെയ്യും. തന്നെ തഴഞ്ഞ കോൺഗ്രസ് നേതാക്കൾക്കിട്ട് കെ.സുധാകരൻ കൊടുക്കുന്ന അടികൂടിയാകും ഇത്. 

തുടർഭരണം നേടി ചരിത്രത്തിൽ ഇടം പിടിച്ച പിണറായി വിജയനെ കെട്ടുകെട്ടിച്ച ആളായി കെ.സുധാകരനെ ജനം വാഴ്ത്തുകയും ചെയ്യും... അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ രമേശ് ചെന്നിത്തലയോ, വി.ഡി.സതീശനോ, വേണുഗോപാലോ ഒന്നും ആയിരിക്കില്ല മുഖ്യമന്ത്രിയാവുക. കെ.സുധാകരൻ എന്ന ധീരനായ നേതാവ് തന്നെയായിരിക്കും.


കെ.സുധാകരൻ്റെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ധർമ്മടത്ത് സുധാകരൻ മത്സരിച്ചാൽ എന്താകും രാഷ്ട്രീയ ചിത്രം?


Article Summary: K. Sudhakaran, removed from KPCC President post, may contest against Pinarayi Vijayan in Dharmadam. This move could ignite new political debates in Kerala.

#KSudhakaran, #PinarayiVijayan, #Dharmadam, #KeralaPolitics, #Congress, #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia