കണ്ണൂരിൽ കെ.സുധാകരൻ്റെ പൊട്ടിത്തെറി, കോൺഗ്രസ്സിൽ ആഭ്യന്തര കലഹം രൂക്ഷം


● എം.എം. ഹസ്സന്റെ വസതിയിൽ എ ഗ്രൂപ്പിൻ്റെ രഹസ്യയോഗം ചേർന്നതായി സൂചന.
● മാത്യു കുഴൽനാടനെ തഴഞ്ഞതിൽ കെ.സി.യുടെ ഗ്രൂപ്പിലും ആഭ്യന്തര കലഹം.
● യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം. ഹസ്സനെ മാറ്റിയത് എ ഗ്രൂപ്പിനോടുള്ള അവഗണന.
● ഡി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ നിലപാട് കടുപ്പിക്കാൻ എ ഗ്രൂപ്പ്.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ഡൽഹിയിൽ സ്വാധീനമുള്ള ചില നേതാക്കളാണെന്ന് കെ.സുധാകരൻ തുറന്നടിച്ചതോടെ കോൺഗ്രസ്സിലെ ആഭ്യന്തര കലഹം രൂക്ഷമായി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ദീപാ ദാസ് മുൻഷിക്കുമെതിരെയാണ് സുധാകരൻ ഒളിയമ്പുകളെയ്തത്. കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തിയുള്ള മറ്റു നേതാക്കൾക്കും ദേശീയ നേതൃത്വത്തിനെതിരെ തിരിയാൻ സുധാകരൻ്റെ വാക്കുകൾ പ്രചോദനമായേക്കും.
‘സ്ഥാനം ഒഴിഞ്ഞപ്പോൾ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. എന്ത് യാത്രയയപ്പാണ് കിട്ടിയത്? യാത്രയയപ്പ് നമ്മൾ വാങ്ങിയിട്ടുമില്ലല്ലോ. പലരും പുതിയ സ്ഥാനമാനങ്ങൾ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പിൽ എനിക്ക് താത്പര്യവുമില്ല. അത് വലിയൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം ലളിതമായ ചടങ്ങാണ് എനിക്കിഷ്ടം. പദവിയിൽ നിന്ന് മാറ്റുന്നതിന് മുൻപ് നേതൃത്വവുമായി ഞാൻ ചർച്ച നടത്തുമ്പോൾ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തിൽ നിങ്ങളെ മാറ്റേണ്ടി വരും എന്നുപോലും രാഹുൽ ഗാന്ധിയോ ഖാർഗെയോ പറഞ്ഞിട്ടില്ല,’ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘അതുകൊണ്ട് എന്നെ മാറ്റില്ല എന്നാണ് ധരിച്ചത്. അതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞത്. പിന്നീട് മാറി. മാറ്റിയതിന് പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചർച്ചയും നടന്നു കാണണം. മാറിയപ്പോൾ എനിക്ക് പ്രശ്നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ല. എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാൻ പോയിട്ടില്ല. പറയാൻ അവർ വന്നിട്ടുമില്ല. തന്നെ മാറ്റുവാൻ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസിലായി. തന്നെ മാറ്റിയത് പാർട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാർട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്,’ സുധാകരൻ മുന്നറിയിപ്പ് നൽകി.
കെ.പി.സി.സി പുനഃസംഘടനയിൽ മുതിർന്ന നേതാക്കളും എ-ഐ ഗ്രൂപ്പുകളും കടുത്ത പ്രതിഷേധത്തിലാണ്. എം.എം. ഹസ്സന്റെ വസതിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേർന്നതായും വിവരമുണ്ട്. സമ്പൂർണ പുനഃസംഘടനയിലും തഴയപ്പെടുമെന്ന ആശങ്കയിലാണ് അതൃപ്ത വിഭാഗം. മതിയായ ചർച്ചയില്ലാതെയാണ് നേതൃമാറ്റ പ്രഖ്യാപനം നടത്തിയതെന്ന് വി.എം. സുധീരനും വിമർശിച്ചു.
കെ.സുധാകരനെ മാറ്റുമെന്ന ചർച്ചയിൽ നിന്ന് പൊടുന്നനെ അധ്യക്ഷനടക്കം മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും യു.ഡി.എഫ് കൺവീനറെയും മാറ്റുകയായിരുന്നു. ഇതോടെ യു.ഡി.എഫ് കൺവീനറെന്ന എം.എം. ഹസ്സന്റെ പദവിയും നഷ്ടമായി. എ ഗ്രൂപ്പിന്റെ നേതാവ് ബെന്നി ബെഹ്നാനെയും വെട്ടിനിരത്തി. വർക്കിംഗ് പ്രസിഡന്റ് പദവി പ്രതീക്ഷിച്ചിരുന്ന വി.എസ്. ശിവകുമാർ, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ തുടങ്ങിയവരെയും തഴഞ്ഞു.
പാർട്ടിയിൽ താരതമ്യേന ജൂനിയർമാരായ ഷാഫി പറമ്പിലും വിഷ്ണുനാഥും വർക്കിംഗ് പ്രസിഡൻ്റുമാരായതോടെ മുതിർന്ന നേതാക്കളുടെ സാധ്യതയും അടഞ്ഞു. കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, രാജ് മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, കെ.സി. ജോസഫ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദിഖ് എന്നിവർക്കും സാധ്യതകൾ മങ്ങിയിട്ടുണ്ട്.
ഇനി കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും സമ്പൂർണ പുനഃസംഘടന ഉടൻ ഉണ്ടാകും. 13 ഡി.സി.സി അധ്യക്ഷൻമാരെയും മാറ്റും. അവിടെയും തഴയപ്പെടുന്നവരുടെ നിര വർധിക്കും. കൂടിയാലോചനയില്ലാതെ കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ വെട്ടിനിരത്തലെന്നാണ് പരക്കെയുള്ള ആക്ഷേപം. മാത്യു കുഴൽനാടനെ തഴഞ്ഞതിൽ കെ.സി.യുടെ ഗ്രൂപ്പിനുള്ളിലും ആഭ്യന്തര കലഹമുണ്ട്.
എം.എം. ഹസ്സനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടത് എ ഗ്രൂപ്പിനോടുള്ള അവഗണനയായാണ് ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നത്. കെ.പി.സി.സി ഭാരവാഹികൾ ചുമതലയേറ്റതിന് പിന്നാലെ എം.എം. ഹസ്സന്റെ വസതിയിൽ ചേർന്ന എ ഗ്രൂപ്പിന്റെ രഹസ്യയോഗത്തിൽ പുനഃസംഘടനയിലെ വിയോജിപ്പ് ചർച്ചയായി. സ്വന്തം നില ഭദ്രമാക്കുന്നതിനായി ഗ്രൂപ്പ് സംവിധാനങ്ങളെ ഉപയോഗിച്ച കെ.സി. വേണുഗോപാലിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.
പുറമേ എ ഗ്രൂപ്പെന്ന് പ്രചരിപ്പിക്കുകയും രഹസ്യമായി അന്തർധാരകൾ ഉണ്ടാക്കുകയും ചെയ്യുന്ന നേതാക്കളോട് മൃദുസമീപനം വേണ്ടെന്നാണ് തീരുമാനം. വരാനിരിക്കുന്ന ഡി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.
കോൺഗ്രസ്സിലെ ഈ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.
Summary: K. Sudhakaran's open criticism of Delhi leaders for his removal as KPCC President has intensified internal conflicts within the Congress. Allegations against KC Venugopal and Deepa Das Munshi have sparked protests from senior leaders and A-I groups, with potential repercussions for upcoming DCC reorganizations.
#CongressKerala, #KSudhakaran, #InternalConflict, #KeralaPolitics, #KCVenugopal, #DeepaDasMunshi