നേതാക്കളുടെ കൊലവിളി പ്രസംഗം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കും: മന്ത്രി കെ മുരളീധരൻ
ADVERTISEMENT
● പയ്യന്നൂർ കൈവിടാൻ കാരണം അക്രമവും കൊലവിളിയുമാണെന്ന് മന്ത്രി ആരോപിച്ചു.
● ആരാച്ചാരുടെ ചുമതല ആരും ആർക്കും നൽകിയിട്ടില്ലെന്നും സർക്കാർ നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്.
● വിധി എതിരായാൽ ജഡ്ജിയെ ചീത്തവിളിക്കുന്നത് വിലപ്പോവില്ല; കോടതിയോട് ബഹുമാനം വേണം.
● ഷുക്കൂർ കേസിൽ യഥാർഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിലാണെന്ന് വിശ്വസിക്കുന്നതായി പരാമർശം.
കണ്ണൂർ: (KVARTHA) നേതാക്കളുടെ കൊലവിളി പ്രസംഗം സിപിഎമ്മിൻ്റെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്ന് ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പയ്യന്നൂരിൽ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി ബുധനാഴ്ച (നവംബർ 25) നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കാലത്തിൻ്റെ മാറ്റം ആ പാർട്ടി മനസ്സിലാക്കണം. പയ്യന്നൂർ പോലും കൈവിടാൻ കാരണം അക്രമവും കൊലവിളിയുമാണ്. ജെൻ സി കാലഘട്ടത്തിൽ ചെലവാകാത്ത മുദ്രാവാക്യമാണിത്. ആരെങ്കിലും എന്തെങ്കിലും കൊലവിളി നടത്തിയാൽ കൈയും കെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ലിത്. ആരാച്ചാരുടെ ചുമതല ആരും ആർക്കും നൽകിയിട്ടില്ല. കൊലവിളി ഏത് പാർട്ടിയുടെയും നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഒരു കേസിൽ വിധി എതിരായാൽ ജഡ്ജിയെ ചീത്തവിളിക്കുന്നത് വിലപ്പോവില്ല. കോടതിയോട് ബഹുമാനം വേണം. ഷുക്കൂർ കേസിൽ യഥാർഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിലാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി. ഗോവിന്ദന് മറുപടി; കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളില്ല
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിൻ്റെ തത്വം പറച്ചിൽ അദ്ദേഹത്തിന് മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് കെ. മുരളീധരൻ വിമർശിച്ചു. എൽഡിഎഫ് ഭരിച്ച 10 വർഷക്കാലയളവിലും ഭരണകൂടം തങ്ങളുടേതല്ലെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ കോൺഗ്രസിൻ്റേതാണോ ഭരണകൂടമെന്നത് അദ്ദേഹം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജ്മോഹൻ ഉണ്ണിത്താൻ്റെ വിമർശനങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇനി അഥവാ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നേതൃത്വം അതിനുള്ളിൽ തന്നെയുണ്ടെന്നും പറഞ്ഞു.
തൃശ്ശൂർ, മഞ്ചേരി മെഡിക്കൽ കോളജ് വിഷയങ്ങളിൽ വ്യക്തത
തൃശ്ശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയോടൊപ്പം കൂട്ടിരിപ്പുകാരനില്ലായിരുന്നുവെന്നും, രോഗിയോടൊപ്പമുണ്ടായിരുന്ന ആൾ ഇറങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിലെ നേത്രവിഭാഗത്തിലെ മാറ്റം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാണ്. വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രവർത്തിക്കുന്നതുവരെ താൽക്കാലിക സംവിധാനം നിലനിർത്തുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Health and Devaswom Minister K. Muraleedharan criticized CPM over former MLA T.I. Madhusoodanan's Payyannur speech, stating that violent rhetoric will only lead to the party's downfall and warning that the government will not remain silent.
#Kvartha #KMuraleedharan #PayyannurSpeech #KannurNews #KeralaPolitics #CPIM #MalayalamNews #AmmuNews
