Resignation | ജെഡിയുവിൽ ഭിന്നതയോ, കെ സി ത്യാഗി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് എന്തുകൊണ്ട്?
നിതീഷ് കുമാറിനോടുള്ള തന്റെ ബഹുമാനവും വളരെക്കാലത്തെ ബന്ധവും കണക്കിലെടുത്ത് ഉപദേഷ്ടാവ് എന്ന നിലയിൽ പാർട്ടിയിൽ തുടരാൻ തീരുമാനിച്ചതായി കെസി ത്യാഗി വ്യക്തമാക്കി
പട്ന: (KVARTHA) ജനതാദൾ (യുണൈറ്റഡ്) മുതിർന്ന നേതാവ് കെസി ത്യാഗി പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ചിരിക്കുകയാണ്. പകരം രാജീവ് രഞ്ജൻ പ്രസാദിനെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് ത്യാഗി രാജിവെച്ചതെന്ന് ജെഡിയു പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ത്യാഗിയെ 2023 മെയ് മാസത്തിലാണ് ദേശീയ വക്താവായും 'പ്രത്യേക ഉപദേഷ്ടാവായും' നിയമിച്ചത്.
അതേസമയം, ജെഡിയുവിൻറെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചെങ്കിലും, നിതീഷ് കുമാറിനോടുള്ള തന്റെ ബഹുമാനവും വളരെക്കാലത്തെ ബന്ധവും കണക്കിലെടുത്ത് ഉപദേഷ്ടാവ് എന്ന നിലയിൽ പാർട്ടിയിൽ തുടരാൻ തീരുമാനിച്ചതായി കെസി ത്യാഗി വ്യക്തമാക്കി. നിതീഷ് കുമാറിനെ ഒരു സോഷ്യലിസ്റ്റ് ആയി അദ്ദേഹം വിശേഷിപ്പിച്ചു. നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാം എന്നും അദ്ദേഹവുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്നും കെസി ത്യാഗി കൂട്ടിച്ചേർത്തു.
പ്രധാന വിഷയങ്ങളിൽ ത്യാഗിയുടെ പ്രസ്താവനകൾ ബിജെപി നേതൃത്വത്തിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. വഖഫ് ഭേദഗതി ബിൽ, ഏക സിവിൽ കോഡ്, ഗസ്സയിലെ യുദ്ധം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ത്യാഗി നടത്തിയ പരാമർശങ്ങൾ ചര്‍ച്ചയായിരുന്നു. ഇസ്രാഈലിന് ആയുധം നല്‍കുന്നത് ഇന്ത്യ നിര്‍ത്തണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം നിന്ന് സംയുക്ത പ്രസ്താവനയില്‍ കെ സി ത്യാഗി ഒപ്പിട്ടിരുന്നു.
നിരവധി വിഷയങ്ങളിൽ ത്യാഗി സ്വന്തം നിലപാട് സ്വീകരിക്കുകയും പാർട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ജെഡിയു വൃത്തങ്ങൾ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിനെ പിന്തുണച്ച പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് നിതീഷ് കുമാറിൻ്റെ ജെഡിയു. എൻഡിഎ മുന്നണിയിൽ ഏകോപനം നിലനിർത്താൻ ബിജെപി സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
#KCTyagi, #JD(U), #RajeevRanjanPrasad, #PoliticalChange, #NitishKumar, #IndianPolitics