Outrage | 30 വയസ് തികയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യണം; ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വേറിട്ട മാര്‍ഗം നിര്‍ദേശിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്; വിവാദം പുകയുന്നു
● നേരത്തെ തന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഇത് സഹായിക്കും
● 18 വയസ്സിനു ശേഷം സ്ത്രീകള്‍ക്ക് സര്‍വകലാ വിദ്യാഭ്യാസം പരിമിതപ്പെടുത്തണം
● അതുവഴി അവര്‍ക്ക് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും
● നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ട് സ്ത്രീകള്‍
ടോക്കിയോ: (KVARTHA) ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വേറിട്ട മാര്‍ഗം നിര്‍ദേശിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്.
30 വയസ്സ് തികയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നാണ് പാര്‍ലമെന്റ് അംഗം നഓകി ഹ്യകുത നിര്‍ദേശിച്ചത്. പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജാപ്പനീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ നഓകി ഹ്യകുത വിചിത്രമായ നിര്‍ദേശം മുന്നോട്ട് വച്ചത്.
25 വയസ്സിന് ശേഷം സ്ത്രീകള്‍ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും 30-ാം വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നുമാണ് മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിലൂടെ നേരത്തെ തന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 18 വയസ്സിനു ശേഷം സ്ത്രീകള്‍ക്ക് സര്‍വകലാ വിദ്യാഭ്യാസം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവഴി അവര്‍ക്ക് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നുമുള്ള വിചിത്രവാദവും നഓകി ഉന്നയിച്ചു.
ഇദ്ദേഹം മുന്നോട്ടുവെച്ച സ്ത്രീവിരുദ്ധ ആശയങ്ങളെ തള്ളിക്കളഞ്ഞ രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, ഹ്യകുതയോട് നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയ മന്ത്രി, ജനനനിരക്ക് കുറയുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച ആരംഭിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു തന്റെ നിര്‍ദേശങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നതെന്നും വ്യക്തമാക്കി.
ഇത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാതെ നമുക്ക് സാമൂഹികഘടനയെ മാറ്റാന്‍ കഴിയില്ലെന്നുള്ള കാര്യം അറിയിക്കാനാണ് അത്തരത്തിലുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നുവെന്നും നഓകി ഹ്യകുത പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജപ്പാനിലെ പ്രത്യുദ്പാദന നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹ്യകുതയുടേതുപോലെയുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹം ചെയ്യാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ നേരത്തെ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
ജാപ്പനീസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 350,074 കുട്ടികളാണ് ജനുവരി മാസം മുതല്‍ ജൂണ്‍വരെ ജപ്പാനില്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5.7 ശതമാനത്തിന്റെ കുറവാണ് ഇത്.
#JapanControversy, #WomensRights, #PopulationPolicy, #NaokiHyakuta, #BirthRateCrisis, #SocialOutrage