Conflict | ഇറാന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു എസ്; ഏത് സാഹചര്യവും നേരാടാന്‍ തയാറാണെന്ന മറുപടിയുമായി ഇസ്രാഈല്‍
 

 
Israel, Iran, US, attack, war, Netanyahu, Middle East, tension, conflict, retaliation

Photo Credit: Facebook / Benjamin Netanyahu

തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

ടെല്‍ അവീവ്: (KVARTHA) ഇറാന്റെ ആക്രമണമുണ്ടാകുമെന്ന യു എസിന്റെ മുന്നറിയിപ്പിന്  ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന മറുപടിയുമായി ഇസ്രാഈല്‍. ഇസ്രോഈലിന് നേരെയുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയും ആക്രമണത്തിന് തിങ്കളാഴ്ച മുതല്‍ തുടക്കമാകുമെന്നാണ് യു എസിന്റെ മുന്നറിയിപ്പ്. എന്നാല്‍ തങ്ങള്‍ എന്തിനും തയാറാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നുമുള്ള മറുപടിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയത്. 


'ഏത് സാഹചര്യത്തിനും ഞങ്ങള്‍ തയാറാണ്- അത് ആക്രമണമായാലും പ്രതിരോധമായാലും', ഇസ്രാഈല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രാഈല്‍ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'ശത്രുക്കളോട് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തുനിന്നായാലും കനത്ത വില ഈടാക്കും'- എന്നും നെതന്യാഹു പ്രഖ്യാപിച്ചു.


ഹമാസ് നേതാവ് ഇസ്മഈല്‍ ഹനിയെയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ ഇസ്രാഈലിന് ആക്രമണ മുന്നറിയിപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രാഈല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ തലവന്‍മാരടക്കം പങ്കെടുത്ത യോഗത്തില്‍ പ്രത്യാക്രമണത്തിന് സജ്ജമാകാന്‍ തീരുമാനിച്ചു. ഈ മാസം ആദ്യമാണ് ഹമാസ് നേതാവ് ഇസ്മഈല്‍ ഹനിയ കൊല്ലപ്പെട്ടത്.


ഏത് ആക്രമണത്തിനും വളരെ വേഗത്തില്‍ മറുപടി നല്‍കാന്‍ തങ്ങള്‍ സര്‍വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു. 'ഞങ്ങള്‍ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്, ആക്രമണത്തിനോ പ്രതികരിക്കാനോ വേഗത്തില്‍ നീങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങളെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന് അവര്‍ വലിയ വിലകൊടുക്കേണ്ടി വരും', എന്നും ഗാലന്റ് പറഞ്ഞു.

ഹിസ്ബുള്ളയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ നെതന്യാഹു അടക്കമുള്ള ഇസ്രാഈലിലെ ഉന്നത നേതാക്കള്‍ക്ക് യുദ്ധസമയത്ത് ദീര്‍ഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗര്‍ഭ ബങ്കര്‍ തയാറായതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രാഈലി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഇതിനിടെ, ഫലസ്തീന്‍ അധിനിവേശ മേഖലയില്‍ ഇസ്രാഈല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഹിസ്ബുല്ല രംഗത്തെത്തി. നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരുക്കേറ്റതായും ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia