Lynching | ആള്‍ക്കൂട്ട കൊലപാതകത്തിന്റെ രൂപം മാറുന്നുവോ? പുതിയ സംഭവങ്ങൾ പറയുന്നത്


അര്‍ണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Lok Sabha elections) ബിജെപിക്ക് (BJP) ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യകക്ഷികളായ തെലുങ്കുദേശം പാര്‍ട്ടി (TDP), ജനതാദള്‍ യുണൈറ്റഡ് (JDU) എന്നിവരുടെ പിന്തുണയോടെ ഭരണം തുടരുകയും ചെയ്യുന്നത് രാജ്യത്തിന് വലിയൊരു പ്രതീക്ഷയാണ് നൽകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള വിഭാഗീയവും ആക്രമണാത്മകവുമായ ഹിന്ദുത്വ അജണ്ടയ്ക്ക് ഒരു പരിധിവരെയെങ്കിലും അറുതിവരുത്താനാകുമെന്നായിരുന്നു ഇവർ ഇതിന് കാരണം പറഞ്ഞത്. ടിഡിപിയും ജെഡിയുവും മുസ്ലിങ്ങളുടെയും പിന്നാക്ക-ദളിത് വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ആള്‍ക്കൂട്ട കൊലപാതകം 2014ല്‍ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ (Modi Govt) ശേഷമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഹിന്ദുത്വ ശക്തികളായിരുന്നു ആരോപണ വിധേയരായത്. ഇത്തരം ഹീനകൃത്യങ്ങളിലൂടെ ഹിന്ദുക്കളെ ഒന്നിപ്പിക്കണമെന്ന്, ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്വാനങ്ങളും മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് മാധ്യമങ്ങളും പൊതുസമൂഹവും നിരവധി മനുഷ്യാവകാശ (Human rights) പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ജൂണ്‍ നാല് മുതല്‍ പശ്ചിമ ബംഗാള്‍ (West Bengal) , ഗുജറാത്ത് (Gujarat), ഛത്തീസ്ഗഡ് (Chhattisgarh), ഉത്തര്‍പ്രദേശ് (UP) എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആള്‍ക്കൂട്ട ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച് വന്നപ്പോള്‍, അതെങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായി.
ഹിന്ദുസ്ഥാന്‍ ടൈംസും വാര്‍ത്താ പോര്‍ട്ടലായ 'ഇന്ത്യ-സ്പെന്‍ഡും' ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും നടത്തുവന്നവരെ പിന്തുടര്‍ന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും രണ്ടും 2019 ഓടെ അത് നിര്‍ത്തി. അന്നുമുതല്‍, കൊലപാതകവും വിദ്വേഷ കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകവും തമ്മിലുള്ള വ്യത്യാസം എന്താണെന്നുള്ള ചര്‍ച്ചകള്‍ (Debate) കുറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പലതും അങ്ങനെയല്ല എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
യുപിയിലെ ജാട്ട് വിഭാഗക്കാരായ ഹിന്ദുക്കളും മുസ്ലിംകളിലെ ഖുറേഷികളും തമ്മിലുള്ള പ്രാദേശിക പ്രശ്‌നങ്ങൾ കൊലപാതകത്തിലേക്കും കലാപങ്ങളിലേക്കും നയിച്ചത് 2013 മുതലാണ്. അന്ന് മുതല്‍ ഷാംലി, മുസാഫര്‍നഗര്‍ ജില്ലകള്‍ ഹിന്ദു - മുസ്ലീം വിദ്വേഷത്തിന്റെ അടയാളമായി മാറി. 11 വര്‍ഷം മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ 90-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000-ത്തോളം മുസ്ലിംകള്‍ പലായനം ചെയ്യുകയും ചെയ്തു.
ഹിന്ദുക്കള്‍ അപകടത്തിലാണെന്നും മുസ്ലിംകള്‍ക്കെതിരെ ഒന്നിക്കണമെന്നുമുള്ള പ്രചാരണം യുപിയിലുടനീളം നടത്താന്‍ ബിജെപിക്ക് അവസരം ലഭിച്ചു. എന്നാല്‍ ഒരു പതിറ്റാണ്ടിനുശേഷം ഷംലിയില്‍ വിതച്ച വിഷവിത്ത് കരിഞ്ഞുപോകുന്ന കാഴ്ചയാണ് കണ്ടത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. 2024 ജൂണില്‍ അവസാനിച്ച പൊതുതിരഞ്ഞെടുപ്പില്‍, വിജയിച്ചത് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുസ്ലീം യുവതിയായിരുന്നു - ഇഖ്‌റ ഹസന്‍.
യുപിയില്‍ ഹിന്ദുത്വ അജണ്ട പൊളിഞ്ഞ് പാളീസാവുകയും ദളിത്പിന്നാക്ക-മുസ്ലിം ഐക്യം ശക്തമാവുകയും ചെയ്തതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പരാജയപ്പെട്ടത് വലിയ നാണക്കേടായി. അതുകൊണ്ട് യുപിയെ വീണ്ടും കലാപഭൂമിയാക്കി മാറ്റാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ജൂലൈ നാലിന് ഷാംലിയിലെ ജലാലാബാദ് ഗ്രാമത്തില്‍ കശ്യപ് വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ അധിവസിക്കുന്ന കോളനിയില്‍ ഫിറോസ് എന്ന മുസ്ലീമിനെ തുടര്‍ച്ചയായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. സംഭവത്തില്‍ കശ്യപ് കുടുംബത്തിലെ മൂന്ന് പേരുടെ പേരുകള്‍ ഉള്‍പ്പെടുത്തി പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) ഫയല്‍ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, ഫിറോസിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് മറ്റൊരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
സ്പെയര്‍പാര്‍ട്സ് കച്ചവടം നടത്തിയിരുന്ന ഫിറോസ് രാത്രി എട്ട് മണിയോടെ ആര്യ നഗര്‍ കോളനിയിലേക്ക് പോയതായി പറയുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കശ്യപ് സമുദായത്തിലെ മൂന്ന് പേര്‍ ഫിറോസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവനെ കൊല്ലുകയും ചെയ്തു എന്നാണ് കേസ്. ഫിറോസ് തന്റെ വാഹനത്തില്‍ ഘടിപ്പിച്ച ഉച്ചഭാഷണിയിലൂടെ, കച്ചവട സാധനങ്ങളെ കുറിച്ച് പ്രചരണം നടത്തിയിരുന്നു. ഇത് ഇഷ്ടപ്പെടാത്ത ചിലരാണ് ഫിറോസിനെ കൊലപ്പെടുത്തിയതെന്ന് സഹോദരന്മാരില്‍ ഒരാള്‍ പറയുന്നു. ഉച്ചഭാഷിണിയിലെ ശബ്ദത്തെ ചൊല്ലിയായിരുന്നു തര്‍ക്കം ഉടലെടുത്തത്.
ഷാംലി നിവാസികളും സര്‍ഫരോഷി ഫൗണ്ടേഷന്‍ എന്ന പൗരാവകാശ സംഘടനാ പ്രവര്‍ത്തകരുമായ അശ്വനി സിങ്ങും ഫുര്‍കാന്‍ അലിയും ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യമറിയാനായി ജൂലൈ ഒമ്പതിന് ജലാലാബാദിലേക്ക് പോയി. ഫിറോസിനെ കൊലപ്പെടുത്തിയത് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ ആണെന്ന് വ്യക്തമായി. എല്ലാവരുടെയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഫിറോസിനെ കൊലപ്പെടുത്തിയത്. അവരെ ഫിറോസിന് അറിയാമായിരുന്നു. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയതയുണ്ടോ എന്നും സംഘം അന്വേഷിച്ചു. എന്നാല്‍ അതിന് വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഒന്ന്, ഫിറോസ് രാത്രി എട്ട് മണിക്ക് മുമ്പ് വ്യാപാരം അവസാനിപ്പിക്കുമായിരുന്നു. അയാള്‍ മാത്രമല്ല മറ്റാരും ഷാംലി പോലൊരു ഗ്രാമത്തില്‍ ആ സമയത്ത് കച്ചവടം നടത്തില്ല, ഫിറോസിന്റെ സഹോദരന്‍ അംജദ് ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നെ എന്തിനാണ് ആര്യ നഗറില്‍ ഫിറോസ് പോയത്?
ഫിറോസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഇല്ലെന്നും പറയുന്നുണ്ട്. ഗല്ലിയിലെ ചിലര്‍ ഫിറോസ് സന്ദര്‍ശിച്ചിരുന്നെന്നും കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നവര്‍ ഇടപാടുകാരാകാമെന്നും ഒരു സഹോദരന്‍ ആരോപിച്ചു. കൊലപാതകം നടന്നതായി പറയപ്പെടുന്ന ഗല്ലിയിലെ ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ശേഷമേ ഫിറോസിന്റെ ശരീരം എങ്ങനെ നീലനിറമായി, എന്തുകൊണ്ടാണ് വായില്‍ നിന്ന് നുര വന്നത് എന്നീ കാര്യങ്ങള്‍ അറിയാനാകൂ. ഫിറോസിന് അപസ്മാരമുണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നു.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതായും പൊതുജന വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതായും പറഞ്ഞാണ് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഫിറോസിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നെന്ന് കരുതാന്‍ ഒന്നുമില്ലെന്ന് പോലീസ് പറയുന്നു. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ എന്താണുള്ളതെന്ന് പോലീസിനോട് മാധ്യമങ്ങള്‍ ചോദിക്കണമെന്ന് പ്രതിപക്ഷവും പറയുന്നു. കേസെടുത്ത നടപടിയെ അപലപിക്കുന്ന ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ് (IWPC) തുടങ്ങിയ കൂട്ടായ്മകളോടൊപ്പം പൗരാവകാശ സംഘടനകളുമുണ്ട്.
ഫിറോസിന്റെ കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ്, അതായത് 2024 ജൂണ്‍ 21 ന്, കശ്യപ് വിഭാഗത്തില്‍ നിന്നുള്ള റാം നിവാസ് എന്ന യുവാവിനെ, ഷെയ്ഖ് സമുദായത്തില്‍ നിന്നുള്ള ആറ് മുസ്ലീംങ്ങള്‍ കൊലപ്പെടുത്തിയതായി കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ അശ്വനി സിങ്ങിന്റെയും ഫുര്‍കാന്‍ അലിയുടെയും സഹപ്രവര്‍ത്തകരായ സഹദേവ് ഗൗതമും രാജന്‍ സിങ്ങും അയല്‍ ജില്ലയായ മുസാഫര്‍നഗറിലെ ഖേദി ഗാനി ഗ്രാമത്തിലുള്ള, റാം നിവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഫിറോസിന് എന്ത് സംഭവിച്ചു അതേ അനുഭവമാണ് റാം നിവാസിനും ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തിന്റെ രൂപം മാറുന്നുവെന്നും തമ്മിലടിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്നുമാണ് ഉയരുന്ന ആരോപണം.