CPM | പിണറായിയുടെ കണ്ണൂര്‍ കോട്ട പൊളിയുന്നുവോ, നേതാക്കള്‍ തമ്മില്‍ ചേരിപ്പോരും നിഴല്‍ യുദ്ധവുമോ?


ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) പിണറായി ഗ്രൂപ്പില്‍ പാളയത്തില്‍ പടയുണ്ടായതോടെ പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയില്‍ നേതാക്കള്‍ തമ്മിലുളള ചേരിപ്പോര് മൂര്‍ച്ഛിക്കുന്നു. ഇതോടെ പിണറായി വിഭാഗത്തിന്റെ ശക്തിദുര്‍ഗമായ കണ്ണൂര്‍ കോട്ട പൊളിയുന്നുവോയെന്ന ആശങ്കയും പുറത്തുവരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന പിണറായി വിഭാഗം ഔദ്യോഗികവിഭാഗവും ഇ.പിയും പി.കെ ശ്രീമതിയും നേതൃത്വം നല്‍കുന്ന എതിര്‍വിഭാഗവും പി.ജയരാജന്‍ നേതൃത്വം നല്‍കുന്ന വിമതവിഭാഗവുമായാണ് പാര്‍ട്ടി നേതൃത്വം ചേരിതിരിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതില്‍ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ ശൈലജ ടീച്ചര്‍ പി.ജയരാജനോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പരസ്യമായി രംഗത്തുവന്നിട്ടില്ല. പ്രായാധിക്യവും അസുഖങ്ങളും കാരണം വി.എസ് അച്യുതാനന്ദന്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞതോടെയാണ് സംസ്ഥാന സി.പി.എമ്മില്‍ വിഭാഗീയതയ്ക്ക് താല്‍ക്കാലിക ശമനമായത്. എന്നാല്‍ പാര്‍ട്ടി രൂപം കൊണ്ട കണ്ണൂരില്‍ നിന്നു തന്നെയാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉയരുന്നതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഒന്നോ രണ്ടോ നേതാക്കളില്‍ കേന്ദ്രീകരിച്ചായിരുന്നു ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍ തന്നെയുള്ള പ്രധാനനേതാക്കള്‍ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞാണ് പാര്‍ട്ടിയില്‍ പട നയിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതും കോടിയേരിയുടെ മരണത്തോടെ ഒഴിവുവന്ന സെക്രട്ടറി കസേരയില്‍ എം.വി ഗോവിന്ദനെ അവരോധിച്ചതും അടക്കമുള്ള കാരണങ്ങളാല്‍ കുറച്ചുകാലമായി മുഖ്യമന്ത്രി പിണറായിയുമായി അകല്‍ച്ചയിലാണ് ഇ.പി ജയരാജന്‍. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള ചെറുസംഘമാണ് ഇ.പിക്കൊപ്പം നിലയുറപ്പിക്കുന്നത്. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്ത മേഖലാതല അവലോകന യോഗം കണ്ണൂരില്‍ തുടങ്ങിയിട്ടുണ്ട്.
ജില്ലാ, ഏരിയാ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നത്. കീഴ്ഘടകങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ കേള്‍ക്കാനും വിലയിരുത്താനും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ കോഴിക്കോട്, എറണാകുളം മേഖലായോഗങ്ങളും നാലിന് കൊല്ലം മേഖലായോഗവും നടക്കും. ഇതിനു ശേഷമാണ് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കുക. കണ്ണൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ വിവാദം, മുഖ്യമന്ത്രിയുടെ ശൈലീമാറ്റം, ഭരണവിരുദ്ധവികാരം എന്നിവ തെറ്റുതിരുത്തല്‍ അവലോകനയോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നറിയുന്നു.
തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങള്‍ കീഴ്ഘടകങ്ങളില്‍ നിന്നും കേള്‍ക്കുന്നതിനായി കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മൂന്നിന് കോഴിക്കോട്, എറണാകുളം മേഖലായോഗങ്ങളും നാലാം തീയതി കൊല്ലം മേഖലായോഗവും നടക്കും. ഇതിനു ശേഷമാണ് തെറ്റു തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കുക. കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ മേഖലായോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രിയുടെ താന്‍പോരിമയും അനഭിമതരായ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ജില്ലാ സെക്രട്ടേറിയറ്റുകളിലും വിമര്‍ശമുയര്‍ന്നിരുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേഖലാ യോഗങ്ങളിലും സമാനവിഷയങ്ങള്‍ തന്നെയാവും ചര്‍ച്ചയാവുക. ഒപ്പം കണ്ണൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ക്വട്ടേഷന്‍ വിവാദവും സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തേമാസിന്റെ വെളിപ്പെടുത്തലുകളും യോഗത്തിലുയരുമെന്നുറപ്പ്.
പ്രാദേശികവിഭാഗീയതയും വോട്ടുചോര്‍ച്ചയ്ക്കു കാരണമായെന്നതിനാല്‍ അത്തരത്തിലുള്ള ചര്‍ച്ചകളിലേക്കും മേഖലായോഗങ്ങള്‍ വഴിതുറക്കും. പാര്‍ട്ടി കോട്ടകളിലെ വോട്ടൊഴുക്കിനുള്ള പ്രധാന കാരണം പ്രാദേശികതലത്തിലെ പ്രശ്‌നങ്ങളാണ്. ഒപ്പം തുടച്ചുമാറ്റിയെന്ന് കരുതിയ വിഭാഗീയത രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സജീവമായതും മേഖലാ യോഗങ്ങളില്‍ ഉയര്‍ന്നുവരാനിടയുണ്ട്. ഔചിത്യബോധമില്ലാത്തതെന്ന് ആക്ഷേപം ഉയർന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്റെ പ്രതികരണങ്ങളും മേഖലായോഗങ്ങളില്‍ ചര്‍ച്ചയായേക്കും.
മനു പുറത്തുപോകാന്‍ കാരണം ബിസിനസ് ബന്ധങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതാണ് എന്ന തരത്തിലായിരുന്നു പി ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്. ഈ വാദം ക്വട്ടേഷന്‍ സംഘങ്ങളെന്നു സിപിഎമ്മും മനുവും ആരോപിക്കുന്നവര്‍ ഏറ്റുപിടിച്ചു. ഇതു പിന്‍പറ്റിയാണ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയെ സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണമെല്ലാം ഉയര്‍ന്നത്. പി ജയരാജന്റേതു പാര്‍ട്ടി നിലപാടല്ലെന്നും അംഗത്വം പുതുക്കാത്തതിന്റെ പേരില്‍ മനു ഒഴിവായതാണെന്നും സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ചതിലൂടെ, ജയരാജന്റെ ഇടപെടല്‍ അനാവശ്യമായിരുന്നെന്നു പറയുകയാണു പാര്‍ട്ടി. മനുവിനെ പ്രകോപിപ്പിച്ചാല്‍ പാര്‍ട്ടി കുരുക്കിലാകുന്ന പലകാര്യങ്ങളും പുറത്തുവരുമെന്ന ആശങ്ക നേതൃനിരയില്‍ ചിലര്‍ക്കെങ്കിലുമുണ്ടെന്നും പ്രതിപക്ഷം പറയുന്നു. വിവാദങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ പി ജയരാജനോടു നിര്‍ദേശിച്ചത് അതുകൊണ്ടാണെന്നാണു വിലയിരുത്തല്‍.