NTA  | വിവാദങ്ങളുടെ കുരുക്കിലകപ്പെട്ട എന്‍ ടി എ സര്‍ക്കാര്‍ സ്ഥാപനമോ, സ്വകാര്യ ഏജന്‍സിയോ? പുറത്തുവരുന്ന വിവരങ്ങൾ അമ്പരപ്പിക്കുന്നത്!

 
NTA

NTA Website 

സാമ്പത്തിക വിവരങ്ങള്‍ എന്‍ടിഎ പുറത്തുവിടുന്നില്ലെന്നും ആരോപണം 

ആദിത്യൻ ആറന്മുള 

(KVARTHA) ദേശീയ പരീക്ഷ ഏജന്‍സി (NTA)  പൊതുസ്ഥാപനമോ, സ്വകാര്യ ഏജന്‍സിയോ? നീറ്റ് യുജി (NEET-UG), നെറ്റ് (UGC-NET) പരീക്ഷകളുടെ ക്രമക്കേടിനെ തുടര്‍ന്ന് പലരും ഉന്നയിക്കുന്ന പ്രധാന ചോദ്യമാണിത്. 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് (Societies Registration Act) പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റി എന്ന നിലയില്‍, കേന്ദ്ര സര്‍ക്കാരിന്റെ (Central Govt) ചിഹ്നം ഉപയോഗിക്കാനുള്ള അനുമതിയുണ്ടെങ്കിലും ഏജന്‍സി ഒരു സ്വകാര്യ സ്ഥാപനമാണെന്ന് പത്രപ്രവര്‍ത്തകരും അക്കാദമിക് വിദഗ്ധരും വാദിക്കുന്നു. ഏജന്‍സിയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

NTA

എൻ.ടി.എയുമായി ഏതെങ്കിലും കരാറില്‍/അസൈന്‍മെന്റില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, സ്ഥാപനത്തിന്റെ ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങള്‍ അന്വേഷിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എൻ.ടി.എ, സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധവുമായി രംഗത്തെത്തി. എൻ.ടി.എ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പ്രധാന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (FIB) എക്സില്‍  പോസ്റ്റിട്ടു. 

രണ്ട് ദിവസത്തിന് ശേഷം, എൻ.ടി.എ മറ്റൊരു പോസ്റ്റിട്ടു, ഏജന്‍സി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം സുസ്ഥിര സ്ഥാപനമായി മാറിയെന്നും അതില്‍ അറിയിച്ചു. എൻ.ടി.എ സര്‍ക്കാര്‍ സ്ഥാപനമാണോ, സ്വകാര്യ ഏജന്‍സിയാണോ എന്ന് ചര്‍ച്ച നടന്നതല്ലാതെ, ഇത്രയും പൊതുപ്രവേശന പരീക്ഷകള്‍ നടത്തുന്ന സ്ഥാപനം പാലിക്കേണ്ട സുതാര്യത, ഉത്തരവാദിത്തം എന്നിവ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ലെന്നാണ് വിമർശനം.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിര്‍ണായക പരീക്ഷകള്‍ നടത്തുന്നതിനാല്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെപ്പോലെ തന്നെ എൻ.ടി.എ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന്  തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നുള്ള ലോക്സഭാ അംഗവും മുന്‍ ഐഎഎസ് (IAS) ഉദ്യോഗസ്ഥനുമായ  ശശികാന്ത് സെന്തില്‍ (Sasikanth Senthil) പറഞ്ഞു. എൻ.ടി.എയുടെ  പ്രവര്‍ത്തനവും അവരുടെ സാമ്പത്തിക സ്ഥിതിയും പൂര്‍ണമായും സുതാര്യമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

എൻ.ടി.എയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം ഏജന്‍സികളെ സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്യുന്നത് അസാധാരണ നടപടിയല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും കൂടുതല്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍ വിശദീകരിച്ചു.

സര്‍ക്കാരിന് പുതിയ പ്രതിഭകളെ നിയമിക്കാനും പുതിയ ചിന്താ രീതികളെ പ്രോത്സാഹിപ്പിക്കാനും കോര്‍പ്പറേറ്റ് അല്ലെങ്കില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പങ്കാളികളാക്കാനും വേണ്ടി സ്വയംഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം ഇത്തരത്തിലുള്ളവരെ നിയമിക്കുന്നതിന് അതാണ് എളുപ്പവഴിയെന്ന് മദ്രാസ് ഹൈക്കോടതി അഭിഭാഷകനും ഡി എം കെ (DMK) വക്താവുമായ മനുരാജ് എസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഘടനയെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം എന്നേ പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സ്വയംഭരണ സ്ഥാപനമാണെങ്കിലും സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ചൂണ്ടിക്കാട്ടി.   

സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്  തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആന്റ് എജ്യുക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍, സ്പോര്‍ട്സ് , തമിഴ്‌നാട് വികസന അതോറിട്ടി എന്നിവ പോലുള്ള നിരവധി , സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തമിഴ്നാട്ടില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മനുരാജ് കൂട്ടിച്ചേര്‍ത്തു. എൻ.ടി.എ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് സംശയകരമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ധാര്‍മ്മികമായി ഇത് ശരിയല്ലെന്നും ഇക്കാര്യം ഉന്നയിക്കുന്നവരോട് സ്വയം പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതും ശരിയല്ലെന്നും എംപി ശശികാന്ത് സെന്തില്‍  പറഞ്ഞു.

എൻ.ടി.എയ്ക്ക് ദേശീയ ചിഹ്നം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അധികാരം നല്‍കിയപ്പോള്‍, സുതാര്യത, ഉത്തരവാദിത്തം, ധാര്‍മ്മികത, ആന്തരിക നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോഡി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് സൂചിപ്പിക്കുന്ന എന്‍ടിഎയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് എല്ലാവരും ധരിക്കും- സെന്തില്‍ പറഞ്ഞു. ഈ ഉറപ്പുകള്‍ നല്‍കാതെ ചിഹ്നം ഉപയോഗിക്കുന്നത് അങ്ങേയറ്റം അധാര്‍മികമാണെന്നും അദ്ദേഹം വാദിച്ചു.  

എൻ.ടി.എയുടെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ ഒരാളായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (JNU) പ്രൊഫസര്‍ ആയിഷ കിദ്വായിയും ഇതേ അഭിപ്രായമാണ് പറഞ്ഞത്.  
നാഷണല്‍ ബോഡി ഓഫ് അക്രഡിറ്റേഷന്‍ (NBA), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE), സെന്‍ട്രല്‍ മെഡിക്കല്‍ സര്‍വീസസ് സൊസൈറ്റി തുടങ്ങിയ നിരവധി സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സൊസൈറ്റികളായി പ്രവര്‍ത്തിക്കുന്നു. 

അവരുടെ വെബ്സൈറ്റുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെല്ലാം  സ്ഥാപനത്തിന്റ രൂപീകരണത്തിലും രജിസ്‌ട്രേഷന്‍ പ്രക്രിയയിലും തയ്യാറാക്കിയ നിയമപരമായ രേഖകള്‍ കാണാം. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും ഘടനയും അതില്‍ വിശദമായി പറയുകയും സ്ഥാപനത്തെ നിയന്ത്രിക്കുന്ന പ്രധാന നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കകയും ചെയ്യുന്നു.

എൻ.ടി.എ വെബ്സൈറ്റിലെ വിവരാവകാശം (RTI) വിഭാഗത്തില്‍ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ അതിലെ വിവരങ്ങളില്‍ ഭൂരിഭാഗവും ഉപയോഗപ്രദമല്ല. വെബ്‌സൈറ്റിലെ മാനദണ്ഡങ്ങളില്‍, കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കഴിയുന്നത്ര വേഗത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കൂടാതെ  തീരുമാനമെടുക്കുന്ന നാല് അധികാരികളെ പട്ടികപ്പെടുത്തുകയും ചെയ്യുന്നു എന്ന് മാത്രം പറയുന്നു.  

പൊതുജനങ്ങളുമായുള്ള കൂടിയാലോചനയ്ക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച്  വെബ്സൈറ്റ് അപൂര്‍ണമായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻ.ടി.എയുടെ നയം രൂപീകരണം, അവ നടപ്പിലാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി കൂടിയാലോചിക്കുന്നതിനോ പ്രാതിനിധ്യം നല്‍കുന്നതിനോ ഉള്ള ഏതെങ്കിലും ക്രമീകരണത്തിന്റെ വിശദാംശങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ പരിശോധിച്ചാലത് മനസിലാകും.

വറും മൂന്ന്-നാലു വര്‍ഷത്തിനുള്ളില്‍, എൻ.ടി.എ നിരവധി പരീക്ഷകള്‍ ഏറ്റെടുത്തു നടത്തി. ഇത്രയധികം പരീക്ഷകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി അവര്‍ക്കുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാമെന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (JNU) ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മൗഷുമി ബസു ചോദിച്ചു. എൻ.ടി.എയുടെ പ്രവര്‍ത്തനത്തില്‍  അധ്യാപകരെയും വിദ്യാഭ്യാസ വിദഗ്ധരെയും പോലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നില്ല.  എന്‍ടിഎയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. അവരുടെ യോഗങ്ങളുടെ മിനിറ്റ്‌സുകള്‍ പോലും ലഭ്യമല്ല. എന്നാല്‍ യുജിസി മീറ്റിംഗുകളുടെ മിനിറ്റ്‌സ് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എൻ.ടി.എയുടെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതയില്ലെന്ന് അക്കാദമിക് വിദഗ്ധര്‍ വിമര്‍ശനം ഉന്നയിക്കുന്നു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) എന്നിവ പോലുള്ള മറ്റ് ഓര്‍ഗനൈസേഷനുകള്‍ക്ക് അവരുടെ സാമ്പത്തിക ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍,  ബജറ്റിനെയും ചെലവുകളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയും ലഭിക്കും. 

കൂടാതെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അതിന്റെ സാമ്പത്തികം, ഓഡിറ്റുകള്‍, ഫിനാന്‍സ് കമ്മിറ്റികള്‍ എന്നിവയുടെ വിശദാംശങ്ങളും നല്‍കുന്നു. അതേസമയം, സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വെബ്സൈറ്റില്‍ ബോഡിക്കായി വിശദമായ വാര്‍ഷിക ബജറ്റും ഓര്‍ഗനൈസേഷന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നയങ്ങള്‍ വിശദീകരിക്കുന്ന ഒരു ഫിനാന്‍സ് മാനുവലും ഉണ്ട്.
 
എൻ.ടി.എവെബ്സൈറ്റ്, ആർടിഐ വിഭാഗത്തില്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വളരെ കുറച്ച് വിശദാംശങ്ങളെ നല്‍കുന്നുള്ളൂ. എൻ.ടി.എയുടെ ചട്ടങ്ങളില്‍ നല്‍കിയിരിക്കുന്ന നഷ്ടപരിഹാരം പറയുന്ന  രേഖയില്‍, അതിന്റെ വിശദാംശങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല, പകരം ഡയറക്ടര്‍ ജനറലും മറ്റ് ഡയറക്ടര്‍മാരും സൂപ്രണ്ടുമാരും ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പ്രതിഫലം കാണാം. സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വെബ്സൈറ്റില്‍ ചെയര്‍പേഴ്സണ്‍, സെക്രട്ടറിമാര്‍, സൂപ്രണ്ടുമാര്‍, അക്കൗണ്ടന്റുമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള 1,000-ത്തിലധികം ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.

ഇത്തരത്തില്‍ അടിമുടി സുതാര്യവും ഉത്തരവാദിത്തവും ഇല്ലാത്ത ഏജന്‍സിയാണ് എൻ.ടി.എ എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിക്രമങ്ങളിലെ വീഴ്ച പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പല വീഴ്ചകളിലും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia