Muslim League | ബിജെപിയെ പോലൊരു പാർട്ടിയാണോ മുസ്ലീംലീഗ്? എ കെ ആൻ്റണിയും മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ട്


ADVERTISEMENT
/ കെ ആർ ജോസഫ്
(KVARTHA) ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ദേശീയ തലത്തിൽ പ്രതീക്ഷിക്കാത്ത തളർച്ചയുണ്ടാകാൻ കാരണം പ്രധാനമന്ത്രി അടക്കമുള്ളവരുടെ നാവിൽ നിന്ന് വന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തിരുവനന്തപുരത്ത് തന്നെ ആദ്യ ഘട്ടത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുമെന്ന പ്രതീതി വന്നതാണ്. എന്നാൽ വോട്ടർമാരുടെ ചിന്താഗതി തന്നെയാണ് രാജീവ് ചന്ദ്രശേഖര്‍ അവസാന നിമിഷം തോൽക്കാൻ കാരണം. തീരദേശ മേഖലയില്‍ വോട്ട് കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. നഗരത്തിലെ ഭൂരിപക്ഷം മറ്റൊരു രീതിയില്‍ ചിന്തിച്ചു എന്ന് വേണം കരുതാൻ.

ഇല്ലെങ്കിൽ ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ഒരു വികാരം ആളിക്കത്തുമ്പോൾ ഇവിടെ രണ്ട് ലോക് സഭാ മണ്ഡലങ്ങളിൽ താമര വിരിയാൻ കാരണമായേനെ. തൃശൂരിൽ ഒരു വിഭാഗം ക്രൈസ്തവർ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തെങ്കിൽ തിരുവനന്തപുരത്ത് മറ്റൊരു വിഭാഗം ക്രൈസ്തവർ ബി.ജെ.പിയ്ക്ക് എതിരായി വോട്ട് ചെയ്യുകയായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വലിയൊരു വിഭാഗം ബി.ജെ.പിയെപ്പോലെ മുസ്ലിം ലീഗിനെയും താരതമ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മുസ്ലിം സമുദായത്തിൻ്റെ നിലപാടുകൾക്ക് എതിരെ നിന്നതിൻ്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടത് എന്ന് വിശ്വസിക്കുന്ന സംഘപരിവാരങ്ങളാണ് ഇതിനു പിന്നിൽ.
പേരിൻറെ മുമ്പില്‍ കാണുന്ന മുസ്ലീം ആണ് ചിലരുടെ പ്രശ്നം. ജനങ്ങളെ വെറുപ്പിക്കുന്ന രീതിയിൽ, ഭിന്നിപ്പിക്കുന്ന രീതിയിൽ എവിടെയാണ് മുസ്ലിം ലീഗ് സംസാരിച്ചിരിക്കുന്നതെന്ന് മാത്രം ഇവർ പറയുന്നില്ല. മുസ്ലീം ലീഗ് അവരുടെ ഏതെങ്കിലും മേഖലയിൽ മറ്റ് മതങ്ങളുടെ അമ്പലമോ പള്ളിയോ പൊളിച്ചിട്ടുണ്ടോ?അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷമായ ഒരു വിഭാഗത്തിനിടയിൽ ആ വിഭാഗത്തിന്റെ ഉയർച്ചക്ക് വേണ്ടി പിറവിയെടുത്ത ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്. വർഗീയത പരത്തുന്ന, ജയ്ശ്രീരാം വിളിക്കാത്തതിന് കൊല നടത്തുന്ന, ബീഫ് കഴിക്കരുതെന്ന് പറയുന്ന, ബീഫ് കഴിച്ചവരെ കൊലപ്പെടുത്തുന്ന, പള്ളി പൊളിച്ച് അമ്പലം പണിയുന്ന, ഹിന്ദുരാജ്യം ആക്കണമെന്ന് പറയുന്ന, ഭരണ ഘടന മാറ്റി എഴുതുമെന്ന് പറഞ്ഞവരെ ലീഗുമായല്ല ഉപമിക്കേണ്ടത്.
അതുപോലെ സംഘ്പരിവാർ സംഘടനകളുടെ മറ്റൊരു വാദമാണ് ലീഗ് വർഗീയത പറഞ്ഞാണ് മലബാറിൽ വോട്ട് പിടിക്കുന്നതെന്നത്. വർഗീയത പറഞ്ഞാൽ വോട്ട് കിട്ടുമെങ്കിൽ, കേരളത്തിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ എങ്ങനെ എൽ.ഡി.എഫ് വിജയിക്കുന്നു? ബോംബും വെട്ടും കൊലയും തീർത്തും ലീഗിന്റെ ഐഡിയോളജിക്ക് എതിരായി കാണുന്ന ലീഗിനെ ബി.ജെ.പി യുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അറിവില്ലായ്മ എന്നല്ലേ പറയേണ്ടത്? മുസ്ലീംലീഗിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ചരിത്രമെങ്കിലും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
മുസ്ലിം ഭൂരിപക്ഷം ഉള്ള ഇടങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിക്കുന്നു എന്ന് പറയുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മുസ്ലിം സ്ഥാനാർത്ഥികൾ മാത്രമല്ല വിജയിച്ചിട്ടുള്ളത്. ക്രിസ്ത്യാനിയും ഹിന്ദുവും ഒക്കെ വിജയിച്ചിട്ടുണ്ട്. ഒരിക്കൽ എ കെ ആന്റണിയെ മലപ്പുറത്ത് കൊണ്ടുവന്ന് മത്സരിപ്പിച്ച് വിജയിപ്പിച്ചിട്ട് വിട്ടിട്ടുണ്ട്. മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണ് ക്രിസ്ത്യൻ നാമധാരിയായ എ കെ ആൻറണി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് എതിർ സ്ഥാനാർത്ഥിയായിരുന്ന എൽഡിഎഫിൻ്റെ മുസ്ലിം നാമധാരി തിരൂരങ്ങാടിയിൽ പരാജയപ്പെടുകയായിരുന്നു. മുസ്ലിംലീഗിന്റെ മതേതര കാഴ്ചപ്പാടാണ് ഇതിലൂടെ വെളിവാകുന്നത്. ഇതിനാൽ ഒക്കെ തന്നെ മുസ്ലിം ലീഗ് എവിടെയും വർഗീയത പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുക.