Allegations | ഇവിടെ നടക്കുന്നത് മുസ്ലീം പ്രീണനമോ, മെത്രോപ്പോലീത്ത പറഞ്ഞുവെക്കുന്നതെന്ത്?

 
is muslim appeasement going on here what does the metropol
is muslim appeasement going on here what does the metropol


രാഷ്ട്രീയപരമായി നോക്കിയാൽ കോൺഗ്രസിൽ നിന്ന് രണ്ട് ക്രിസ്ത്യാനികൾ മുഖ്യമന്ത്രി ആയിട്ടുണ്ട്, പക്ഷേ ഒരു മുസ്ലിമും ആയിട്ടില്ല

കെ ആർ ജോസഫ് 

(KVARTHA) ഇങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കണം. ഒരു കളവ് 10 പ്രാവശ്യം ആവർത്തിച്ചാൽ അത് സത്യമാവുമോ? എന്നിട്ട് പറയണം അത് ഗോത്രവർഗങ്ങൾ തമ്മിലുള്ളതാണ് എന്ന്. എന്ത് കാര്യത്തിലാണ് പിന്നാക്കം, ഏറ്റവും സമ്പന്നതയിൽ കഴിയുന്ന നിങ്ങൾക്കോ എന്ന് പൊതുസമൂഹം വിളിച്ചു ചോദിച്ചാൽ അതിന് എന്ത് ഉത്തരം പറയാൻ സാധിക്കും? ശരിക്കും ഇതിന് പറയുന്ന പേരല്ലേ കുത്തിത്തിരുപ്പ്? ഇപ്പോൾ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറയുന്നു, ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നുവെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

'മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നാക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവർ. ജൂലൈ മൂന്നിനെ അവധി ദിവസമായി പ്രഖ്യാപിക്കാൻ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ആ ദിവസം പ്രധാനപ്പെട്ട പരീക്ഷകൾ പോലും വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി. എന്നാൽ എന്താണ് കമ്മീഷൻ റിപ്പോർട്ട് എന്ന് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ല'.

സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേയാണ് ബിഷപ്പ് ഇങ്ങനെ പറഞ്ഞത്. ഇത് കേട്ടാൽ ആർക്കും മനസിലാകും എപ്പോഴും ക്രൈസ്തവ സഭയും അതിൻ്റെ മേലധ്യക്ഷന്മാരും പറയുന്ന സ്ഥിരം പല്ലവിയുടെ തനിയാവർത്തനം ആണെന്ന്. ഇവിടുത്തെ സർക്കാർ മുസ്ലിംകൾക്ക് പ്രത്യേകം പരിഗണന കൊടുക്കുന്നു, അവരെ പ്രീണിപ്പിക്കാൻ നോക്കുന്നു, മുസ്ലിം വിഭാഗം എല്ലാം അടിച്ചോണ്ട് പോകുന്നു, ഇതല്ലേ വാക്കുകൾക്കിടയിൽ നിന്ന് വായിച്ചെടുക്കേണ്ടതെന്ന് ചിലർ ചോദിക്കുന്നു. 

കേരളത്തിൽ ക്രൈസ്തവ ജനസംഖ്യ 18 ശതമാനം, കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ 27 ശതമാനം ക്രൈസ്തവർ, കേരളത്തിലെ എയ്‌ഡഡ്‌ സ്കൂളുകൾ 35 ശതമാനം ക്രൈസ്തവ മാനേജ്‌മെന്റ്, കോളേജുകൾ 40 ശതമാനം, ഇങ്ങനെയാണ് കണക്കുകൾ പറയുന്നത്. ഈ വർഷത്തെ എസ്എസ്എൽസിക്ക് പാസായ കുട്ടികളുടെ എണ്ണം നോക്കിയാൽ അറിയാൻ പറ്റും അതിൽ എത്ര മുസ്ലിം കുട്ടികൾക്കാണ് പ്ലസ് വൺ പഠനത്തിന് സീറ്റ് കിട്ടാത്തത് എന്ന്. കേരളത്തിൽ സീറ്റ് കിട്ടാത്ത 86 ശതമാനവും മുസ്ലിം വിദ്യാർത്ഥികളാണ്.  ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ളത് പിതാവിൻ്റെ  സമുദായത്തിനാണെന്നതും മറക്കരുത്. 

ഇനി രാഷ്ട്രീയപരമായി നോക്കിയാൽ കോൺഗ്രസിൽ നിന്ന് രണ്ട് ക്രിസ്ത്യാനികൾ മുഖ്യമന്ത്രി ആയിട്ടുണ്ട്, പക്ഷേ ഒരു മുസ്ലിമും ആയിട്ടില്ല. ലോക് സഭയിൽ ഇവിടെ നിന്ന് അഞ്ച് ക്രിസ്ത്യൻ എംപിമാർ ഉണ്ട്. മുസ്ലിം എംപിമാർ മൂന്ന് മാത്രം. അതുപോലെ തന്നെ പാർട്ടിയുടെ മറ്റുള്ള അധികാര സ്ഥാനങ്ങൾ നോക്കിയാലും മുസ്ലിംങ്ങളേക്കാൾ കൂടുതൽ ക്രിസ്ത്യാനികൾ ആണ്. അത് പ്രീണനം അല്ലല്ലേ! പണ്ട് ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ അവരുടെ കൂടെ, കോൺഗ്രസ് ഭരിക്കുമ്പോൾ  അവരുടെ ഒപ്പം, ബിജെപി ഭരിക്കുമ്പോൾ അവരുടെ സ്വന്തക്കാർ, കേരളത്തിൽ ആരാണ് ഭരിക്കുന്നത് അവരെ കണ്ട് കാര്യങ്ങൾ നേടിയെടുക്കും അതി ബുദ്ധിമാന്മാർ എന്നും ആക്ഷേപമുണ്ട്. 

അത് മറ്റുള്ളവരെ അറിയിക്കാറില്ല.  കാര്യങ്ങൾ സൂക്ഷ്മതയോടെ പ്രവർത്തിക്കുന്നവർ. അതുകൊണ്ട് തന്നെ പിതാവിൻ്റെ ആൾക്കാർ തന്നെയാണ് ശരിക്കും ബുദ്ധിയുള്ളവർ. അതിനാൽ എല്ലാം നേടി. നല്ല അധ്വാനിച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സർക്കാറിന്റെ ഭൂമി വെട്ടിപ്പിടിച്ചു കൈക്കലാക്കിവർ സാമർത്ഥ്യക്കാർ! നിങ്ങളിൽ നിന്ന് എല്ലാവർക്കും പാഠം  ഉൾക്കൊള്ളാനുണ്ട്. ഇതും സത്യമാണ്. സമുദായത്തിൻ്റെ ഉന്നമനത്തിന് സഭയുടെ സംഭാവന എന്ത് എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്. പിതാവിന്റെ സ്വന്തം സമുദായത്തിൽ ആയിരക്കണക്കിന് ചെറുപ്പക്കാർ വിവാഹം കഴിക്കാതെ നിൽക്കുന്നതു. അതിന് ആദ്യം പരിഹാരം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. 

കൂടാതെ സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്നത് തടയാൻ കഴിയുമോ? ആദ്യം സഭയിലെയും വിശ്വാസികളിലേയും പ്രശ്നങ്ങൾ തീർക്കുകയാണ് സഭ ചെയ്യേണ്ടത്. ഒരേ അപ്പത്തിന്റെ അംശികളായ ദളിത്  ക്രൈസ്തവർക്ക് സഭയുടെ ഏത് മേഖലകളിലാണ് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമുള്ളത്? ഇത്രയേറെ കോളജുകൾ ഉണ്ടായിട്ടും ദളിത് ക്രിസ്ത്യാനികളിൽ നിന്നും എത്ര പ്രൊഫസർമാരുണ്ട്, എത്ര ടീച്ചർമാർ ഉണ്ട്. അനുബന്ധ സ്ഥാപനങ്ങളിൽ ഈ വിഭാഗത്തിൻറെ പ്രാതിനിധ്യം എത്രയാണ്? എന്തും മാത്രം ആശുപത്രികൾ ഉണ്ട്. ആ മേഖലകളിലുള്ള പ്രാതിനിധ്യം എത്രയാണ്. യോഗ്യതയുള്ളവർ ദളിത് ക്രൈസ്തവരിൽ ഒരുപാടുണ്ട് എങ്കിലും കൊടുക്കുകയില്ല. ജാതി ആണല്ലോ ഇവിടെയും വിഷയം. എന്നിട്ട് പറയുന്നു, ക്രൈസ്തവ സമൂഹം ഒരോ വർഷം തോറും വിവേചനം അനുഭവിക്കുന്നുവെന്ന്. 

സ്വന്തം സമുദായത്തിൽ തന്നെയുള്ള ആളുകളുടെ ഇടയിൽ തന്നെ വിവേചനം ഉണ്ടെന്നും പരാതിയുണ്ട്. മറ്റൊരിടത്ത് കുർബാനയുടെ പേരിൽ അടി നടക്കുന്നതും കാണാതെ പോകുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ആരാണ് അതിന് ഉത്തരവാദിയെന്ന് സ്വയം ആത്മ പരിശോധന നടത്തിയാൽ നന്നായിരിക്കും. പിന്നാക്കക്കാർക്ക് കിട്ടേണ്ടത് തട്ടിയെടുക്കാതിരിക്കാൻ ശ്രദ്ധ എന്നെങ്കിലും ഉണ്ടായിരുന്നോ?.  ജനസംഖ്യ അനുസരിച്ച് എല്ലാ സ്ഥാനമാനങ്ങളും പങ്കുവെയ്ക്കാമെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?. ഏതു കാര്യത്തിലാണ് പിന്നാക്കം എന്നു പൊതുസമൂഹത്തോടു തുറന്നു പറയുമോ? നാട്ടിലുള്ള മുന്നോക്കക്കാരെല്ലാ൦ കാര്യം നേടാനായി മാത്രം പിന്നാക്കക്കാരായി മാറിക്കൊണ്ടിരാക്കുകയല്ലേ?. അതാണ് ഇപ്പോൾ മെത്രോപ്പോലീത്ത പറഞ്ഞു വെയ്ക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia