Controversy | മെക് 7ന് പിന്നിലാര്, ആരോഗ്യമോ അജണ്ടയോ? വിവാദം കൊഴുക്കുമ്പോൾ!

 
 Is MEC 7 Behind Healthy Living or Hidden Agendas? Controversy Sparks.
 Is MEC 7 Behind Healthy Living or Hidden Agendas? Controversy Sparks.

Logo Credit: Facebook/ Mec7 HEALTH CLUB

● സമസ്‌ത കാന്തപുരം വിഭാഗവും സിപിഎമ്മും മെക് 7നെതിരെ രംഗത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച കൊഴുക്കുകയാണ്.
● മലബാറിൽ മാത്രം ആയിരത്തോളം മെക് 7 യൂണിറ്റുകൾ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.
● മെക് 7 വളരെ വേഗത്തിൽ വളർന്നതും അതിന്റെ പ്രവർത്തനങ്ങളും ചില വിവാദങ്ങൾക്ക് വഴിതെളിച്ചു.

കോഴിക്കോട്: (KVARTHA) മലബാറിലെ ചെറിയൊരു ഗ്രാമത്തിൽ തുടക്കം കുറിച്ച ഒരു കൂട്ടായ്‌മ ഇന്ന് സംസ്ഥാനം മുഴുവൻ ചർച്ചയായിരിക്കുകയാണ്. മെക് 7 എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യായാമ കൂട്ടായ്മയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഉയർന്നുവരുന്നത്. 

ആരോഗ്യം ലക്ഷ്യമാക്കിയുള്ള ഒരു സംരംഭമാണോ ഇത്, അതോ മറ്റു ചില അജണ്ടകൾ നടപ്പിലാക്കാനുള്ള ഒരു മറയാണോ എന്ന ചോദ്യമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്. സമസ്‌ത കാന്തപുരം വിഭാഗവും സിപിഎമ്മും മെക് 7നെതിരെ രംഗത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച കൊഴുക്കുകയാണ്.

മെക് 7ന്റെ തുടക്കം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിൽ നിന്നുള്ള ഇൻഡ്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച പി സലാഹുദ്ദീൻ ആണ് മെക് 7 എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. സ്വന്തം നാട്ടുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2012 ൽ ആരംഭിച്ചതായി പറയുന്ന ഈ പ്രസ്ഥാനം 2022 മുതൽ വളരെ വേഗത്തിൽ വളർന്നു. ഇന്ന് മലബാറിൽ മാത്രം ആയിരത്തോളം മെക് 7 യൂണിറ്റുകൾ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

മെക് 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ എന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമായ, ഏഴ് വിഭാഗങ്ങളിൽ നിന്നായി 21 ഇനം വ്യായാമങ്ങൾ 21 മിനിറ്റിനുള്ളിൽ ചെയ്യുന്നതാണ്  എന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. എയ്‌റോബിക്‌സ്, ഫിസിയോതെറാപി, യോഗ, മെഡിറ്റേഷൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുവെന്നും ഏതു പ്രായക്കാർക്കും ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ഈ കുറഞ്ഞ സമയത്തിനുള്ളിൽ, ശരീരത്തിൽ ഏകദേശം 1750 ചലനങ്ങൾ ഉണ്ടാക്കുകയും ഒരു ഗ്രൂപ്പായി ചെയ്യുമ്പോൾ കൂടുതൽ ആസ്വാദ്യകരമായ അനുഭവം നൽകുകയും ചെയ്യുന്നുവെന്നും അവർ വിശദീകരിക്കുന്നു.

വിവാദങ്ങൾ

മെക് 7 വളരെ വേഗത്തിൽ വളർന്നതും അതിന്റെ പ്രവർത്തനങ്ങളും ചില വിവാദങ്ങൾക്ക് വഴിതെളിച്ചു. സുന്നികളുടെ ആദർശത്തിന് വിരുദ്ധമായ ആശയങ്ങൾ ഇത്തരം കൂട്ടായ്മകളിലൂടെ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ പുത്തൻ വിഭാഗങ്ങൾ ഒളിച്ചുകടത്താൻ ശ്രമിക്കുന്നുവെന്ന സംശയമാണ് സമസ്‌ത കാന്തപുരം വിഭാഗം ഉയർത്തുന്നത്. 

'മെക് സെവന് പിന്നില്‍ ചതിയാണ്. വിശ്വാസികള്‍ പെട്ടുപോകരുത്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കില്‍ എന്തിനാണ് ഇസ്‌ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നത്', കാന്തപുരം വിഭാഗം സമസ്ത സെക്രടറി പേരോട് അബ്ദുർ റഹ്‌മാന്‍ സഖാഫി ഒരു പ്രഭാഷണത്തിനിടെ പറഞ്ഞു. 

മെക് 7 പ്രവര്‍ത്തനം സംശയാസ്പദമാണെന്ന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രടറി മുഹമ്മദലി കിനാലൂരും നേരത്തെ ആരോപിച്ചിരുന്നു. മുസ്ലിം മുഖ്യധാരയിൽ ഇടം കിട്ടാത്ത ജമാഅത്തെ ഇസ്ലാമി, മുജാഹിദ് പോലുള്ള സംഘടനകൾ അവയിലേക്കുള്ള റിക്രൂടിങ് ഏജൻസികളായി ഇത്തരം കൂട്ടായ്‌മകൾ ഉപയോഗിക്കുന്നുണ്ടോയെന്നാണ് തങ്ങൾ സംശയിക്കുന്നതെന്ന് ഒരു ചാനൽ ചർച്ചയിൽ എസ് വൈ എസ് വക്താവ് കെ വി ബശീർ വ്യക്തമാക്കിയിരുന്നു. 

സുന്നികൾ ആരോഗ്യത്തിന് ഉതകുന്ന പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം കൂട്ടായ്‌മകളിലൂടെ ആദർശപരമായ ചില ഒളിച്ചുകടത്തലുകൾ നടത്തുന്നുണ്ടോയെന്ന സംശയമാണ് ഉയർത്തിയിരിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മെക് 7ന് പിന്നിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ സ്വാധീനം ഉണ്ടെന്ന ആരോപണമാണ് സിപിഎം ഉന്നയിച്ചിരിക്കുന്നത്. നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടിൽ പെട്ടവരാണ് മെക് 7ന് നേതൃത്വം നൽകുന്നതെന്നും ഇവർക്ക് പിന്തുണ നൽകുന്നത് ജമാഅതെ ഇസ്‌ലാമിയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രടറി പി മോഹനൻ ആരോപിച്ചു. 10 പൈസ ചിലവില്ലാതെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅതെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി എന്നിവക്കെതിരെ ആഞ്ഞടിച്ചും മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തിയും ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മെക് 7 വിവാദം ഉപയോഗിക്കുന്നുവെന്ന വിമർശനവും ഇതിനിടയിൽ ഉയർന്നുവന്നിട്ടുണ്ട്.

അതേസമയം മെക് 7 വൃത്തങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നു. മെക് 7 പൂർണമായും ആരോഗ്യത്തെ ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനമാണെന്നും ഇതിന് രാഷ്ട്രീയ അല്ലെങ്കിൽ മതപരമായ യാതൊരു ബന്ധവുമില്ല എന്നുമാണ് അവർ പറയുന്നത്. മെക് 7 എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൻസും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായും റിപോർടുണ്ട്.
 #MEC7 #Controversy #Kerala #Health #Politics #Fitness

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia