Election | പോളിങ് കുറഞ്ഞത് തിരിച്ചടിയാകുമോ? കേരളത്തിലെ ജനവിധിയില്‍ യുഡിഎഫിന് ആശങ്ക ശക്തം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പോളിങ് ഇടിഞ്ഞ ആദ്യത്തെ 20 മണ്ഡലങ്ങളില്‍ ആറെണ്ണം കേരളത്തിലാണ്
കണ്ണൂര്‍: (KVARTHA) രാജ്യത്ത് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ അഞ്ച് ഘട്ടത്തിലെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തുന്നു. പോളിങ് കുറഞ്ഞത് ഭരണകക്ഷിയായ ബി.ജെ.പിയെയാണ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതു ബി.ജെ.പി കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ 428 മണ്ഡലങ്ങളില്‍ 284 ഇടത്തും വോട്ട് താഴേക്ക് പോയിരുന്നു. ഇതു ദേശീയതലത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് പൊതുവെയുളള സര്‍വേകളില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ പോളിങ് കുറഞ്ഞത് ഏറ്റവും ക്ഷീണം ചെയ്യുക പ്രതിപക്ഷമായ യു.ഡി.എഫിനാണെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പോളിങ് ഇടിഞ്ഞ ആദ്യത്തെ 20 മണ്ഡലങ്ങളില്‍ ആറെണ്ണം കേരളത്തിലാണ്. 2019 ല്‍ യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളാണ് ഇവ.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ ഇടിഞ്ഞത്. 10.87 ശതമാനം വോട്ടാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മാത്രം ഇടിഞ്ഞത്. കനത്ത ചൂടും, യുവാക്കള്‍ വോട്ട് ചെയ്യുന്നതില്‍ കാട്ടിയെ വിമുഖതയും, വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് പോളിങ് കുറയാന്‍ കാരണമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കോട്ടയം മണ്ഡലത്തില്‍ 2019 ല്‍ 75.4 ശതമാനം പോളിങ് നടന്നിരുന്നു. ഇവിടെ ഇത്തവണ 65.60 ആണ് പോള്‍ ചെയ്ത വോട്ട്. ഇടുക്കിയില്‍ 66.53 ശതമാനം പേരേ ഇത്തവണ വോട്ട് ചെയ്തുള്ളൂ. കഴിഞ്ഞ തവണ ഇവിടെ 76.3 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം മണ്ഡലത്തില്‍ കഴിഞ്ഞ തവണ 77.6ശതമാനം വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 68.27 ശതമാനമാണ് പോളിങ്. ചാലക്കുടിയില്‍ കഴിഞ്ഞ തവണ 80.5 ശതമാനം എന്ന കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ഇവിടെ ഇത്തവണ 71.84 ശതമാനം പേരേ വോട്ട് ചെയ്തുള്ളൂ. കൊടിക്കുന്നില്‍ സുരേഷ് ഒന്‍പതു തവണ ജയിച്ചു കയറിയ മാവേലിക്കര മണ്ഡലത്തിലും പോളിങ് ഇടിഞ്ഞു. ഇവിടെ 74.3 ശതമാനം പോളിങ് 65.91 ശതമാനമായാണ് കുറഞ്ഞത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ സിറ്റിങ് എം.പി ആന്റോ ആന്റണിക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക യു.ഡി.എഫിനുണ്ട്.