K Muraleedharan | കെ മുരളീധരനെ തോൽപ്പിച്ചത് സ്വന്തം പാർട്ടിയോ, തൃശൂരിൽ ബിജെപിക്ക് വോട്ട് മറിച്ചതാര്?

 
Muraleedharan

സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ഒരു സീറ്റ് ബി.ജെ.പി യ്ക്ക് നേടിക്കൊടുക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന തരത്തിലുള്ള കിംവദന്തികളും ഉണ്ടായി

സോണി കല്ലറയ്ക്കൽ 

(KVARTHA) സ്വന്തം തട്ടകത്തിൽ ഒരിക്കലും കെ മുരളീധരന് ജയിക്കാൻ യോഗമില്ലെന്നതാണ് വിധി. മുൻപ് ഒരിക്കൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ കെ.പി.സി.സി പ്രസിഡൻ്റു കൂടിയായ കെ മുരളീധരൻ തൃശൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചതാണ്. അന്നും ഇവിടെ തോൽക്കാനായിരുന്നു വിധി. ആ തെരഞ്ഞെടുപ്പിൽ മുരളീധരനെ തോൽപ്പിച്ചത് സി.പി.ഐ യിലെ വി.വി.രാഘവൻ ആയിരുന്നു.  ആ ആക്ഷേപം ഇക്കുറി മറികടക്കാനാവുമെന്നാണ് കെ മുരളീധരൻ വടകര വിട്ട് തൃശൂരിൽ മത്സരിക്കാനെത്തിയപ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും കരുതിയത്. പ്രമുഖ സർവേകളും അങ്ങനെതന്നെയായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കെ മുരളീധരനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻ തള്ളി ബി.ജെ.പി യുടെ നടൻ സുരേഷ് ഗോപി വിജയത്തിലേക്ക് നീങ്ങുകയാണ്.

രണ്ടാം സ്ഥാനത്ത് കഴിഞ്ഞ തവണത്തെപ്പോലെ എൽ.ഡി.എഫും വന്നു. എന്നാൽ ഇക്കുറി കെ മുരളീധരൻ തൃശൂരിൽ എത്തിയത് സുരേഷ് ഗോപിയിലൂടെ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് തടയാൻ എന്നുള്ള ഖ്യാതി പരന്നിരുന്നു. നിലവിലെ എം.പി ടി.എൻ പ്രതാപൻ മത്സരിച്ചാൽ സുരേഷ് ഗോപി ഈസിയായി വിജയിക്കുമെന്നുള്ള രീതിയുള്ള വാർത്തകളും വന്നിരുന്നു. കൂടുതൽ യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പി പാളയത്തിലെത്തുന്നത് തടയാനുള്ള നീക്കമെന്ന രീതിയിലാണ് വടകര എം.പി ആയിരുന്ന കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കാൻ എത്തിയത്. ഇവിടുത്തെ സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ഒരു സീറ്റ് ബി.ജെ.പി യ്ക്ക് നേടിക്കൊടുക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന തരത്തിലുള്ള കിംവദന്തികളും ഉണ്ടായി. 

അങ്ങനെവരുമ്പോൾ യു.ഡി.എഫ് കോട്ടയായ തൃശൂരിൽ മുരളീധരൻ വരുന്നത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിലെ സീനിയർ നേതാക്കൾ അഭിപ്രായപ്പെട്ടത്. എന്നാൽ വലിയൊരു പാളിച്ചയാണ് തൃശൂരിൽ യു.ഡി.എഫിന് സംഭവിച്ചത്. കെ മുരളീധരൻ ഇക്കുറി തൃശൂരിൽ ജയിച്ചതുമില്ല, മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. ബി.ജെ.പിയ്ക്ക് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമരവിരിയിക്കാനും സാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ മുരളീധരൻ തൃശൂരിൽ മത്സരിക്കാൻ എത്തുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് അല്ലെങ്കിൽ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രവചിച്ചവരാണ് ഏറെയും. അതിൽ കോൺഗ്രസുകാർ തന്നെയായിരുന്നു ഏറെയും പേർ. 

ഇനി സുരേഷ് ഗോപി വിജയിച്ചാൽ തന്നെ അത് എൽ.ഡി.എഫ് വോട്ട് മറിച്ചിട്ടായിരിക്കും. അങ്ങനെയെങ്കിൽ കെ മുരളീധരൻ രണ്ടാമതും ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വി.എസ് സുനിൽ കുമാർ മൂന്നാം സ്ഥാനത്ത് എത്തുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. വി.എസ് സുനിൽ കുമാർ ഒരിക്കലും രണ്ടാമത് എത്തുമെന്ന് ഒരു യു,ഡി.എഫ് നേതാക്കൾ പോലും ചിന്തിച്ചു കാണില്ല. പക്ഷേ, ഫലം നേരെ മറിച്ചായിരുന്നു. ഈ വശം വെച്ച് നോക്കുമ്പോൾ തൃശൂരിൽ ബി.ജെ.പിയ്ക്ക് വോട്ട് മറിച്ചത് യു.ഡി.എഫോ അതോ എൽ.ഡി.എഫോ? ഇത് ചിന്തിക്കേണ്ട വസ്തുതയാണ്. 

നിലവിലെ എം.പി ടി.എൻ പ്രതാപനെ മാറ്റിയാണ് കെ മുരളീധരനെ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രതാപൻ താൻ സ്ഥാനാർത്ഥിയാണെന്ന പേരിൽ ചുവരെഴുത്തൊക്കെ തുടങ്ങിയ നേരത്താണ് മുരളി എത്തിയത്. ഇതിൽ അസ്വാരസ്യം ഉണ്ടായ ചില നേതാക്കൾ തൃശൂരിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു. കൂടാതെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളിൽ  അഭിപ്രായ വ്യത്യാസം ഉണ്ടായെന്ന പേരിലാണ് മുൻ കോൺഗ്രസ് നേതാവും തൃശൂരിലെ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ മുരളീധരൻ്റെ സഹോദരിയുമായ പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്. ലീഡർ കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന തൃശൂരിലെ മുരളീ മന്ദിരത്തിൽ വെച്ച് അനേകം കോൺഗ്രസ് നേതാക്കൾക്ക് പത്മജ ബി.ജെ.പി മെമ്പർഷിപ്പ് കൊടുക്കുകയും ചെയ്തിരുന്നു. 

അങ്ങനെ അനേകം സംഭവ വികാസങ്ങൾ കോൺഗ്രസ് പാളയത്തിൽ നിന്ന് ഇതുപോലെ ഉണ്ടായി. ഇങ്ങനെയൊക്കെ നോക്കുമ്പോൾ മുരളീധരനെ തൃശൂരിൽ തോൽപ്പിച്ചതിന് പിന്നിൽ ആരുടെയോ കറുത്ത കരങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഇത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയായി പുറത്തുവരുമെന്ന് പ്രതിക്ഷിക്കാം. എന്തായാലും ഇത് മുരളീധരൻ്റെ സമയദോഷം എന്നല്ലാതെ, എന്താണ് പറയേണ്ടത്. അദ്ദേഹം വീണ്ടും വടകരയിൽ തന്നെ മത്സരിച്ചിരുന്നെങ്കിൽ ഇതിലും എത്രയോ നല്ലതായിരുന്നു. ഇക്കുറിയും വടകരയിൽ ജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥി തന്നെ. അത് മറ്റാരുമല്ല ഷാഫി പറമ്പിൽ തന്നെ. ശരിക്കും ഇത്തവണത്തെ കെ മുരളീധരൻ്റെ പരാജയം കരുതിക്കൂട്ടി ആരോ ചെയ്തതുപോലെ തോന്നുന്നു. മുരളീധരൻ പാർലമെൻ്റിൽ എത്തരുതെന്ന് ചിന്തിക്കുന്ന ആരോ ചിലർ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia