Crisis | കെ മുരളീധരനെ കോൺഗ്രസിൽ വേട്ടയാടുന്നത് ആര്, വി ഡി സതീശന് പണികിട്ടുമോ?

 
K Muraleedharan and VD Satheesan

Photo Credit: Facebook/ K Muraleedharan, V D Satheesan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ മുരളീധരന്‍ പാര്‍ട്ടിയില്‍ മികച്ച സംഘാടകനായി അറിയപ്പെടുന്നു.
● പാർട്ടിയിൽ കെ മുരളീധരനെ നിരന്തരം ബലിയാടാക്കുന്നു. 
● സതീശനും സുധാകരനും മുരളീധരനെ ഒഴിവാക്കുന്നു.

അർണവ് അനിത 

(KVARTHA) കെ മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും മികച്ച സംഘാടകനാണ്. കെ.പി.സി.സി പ്രസിഡന്റ് എന്നനിലയില്‍ ഇത്രയും മികവുറ്റ പ്രവര്‍ത്തനം നടത്തിയ മറ്റൊരു നേതാവില്ല. ഭാവിയില്‍ മുഖ്യമന്ത്രി വരെയാകാന്‍ സര്‍വാത്മനാ യോഗ്യനാണ്. സംസ്ഥാനത്തെ ഏത് പാര്‍ലമെന്റ്-നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ ശേഷിയുള്ള മറ്റൊരു നേതാവ് കോണ്‍ഗ്രസിലെന്നല്ല, മറ്റൊരു പാര്‍ട്ടിയിലുമില്ല. അത് നന്നായി അറിയാവുന്നവരാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും. 

Aster mims 04/11/2022

അതുകൊണ്ടാണ് മുരളീധരനെ നിരന്തരം ബലിയാടാക്കിക്കൊണ്ടിരിക്കുന്നത്. നേമത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വടകര എംപിയായി. രണ്ടാമതും അവിടെ നിന്ന് വിജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി തൃശൂരില്‍ കുരുതികൊടുത്തത്. യുഡിഎഫിന്റെ എണ്‍പതിനായിരം വോട്ടാണ് ചോര്‍ന്നു പോയത്. കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അതോടെ അദ്ദേഹം സജീവ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ്. 

സതീശനെ കെപിസിസി പ്രസിഡന്റ് പരസ്യമായി തെറിവിളിക്കുന്ന് വരെ കേരളം കണ്ടു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൈക്കിന് വേണ്ടി രണ്ട് പേരും കടിപിടി കൂടുന്ന ദൃശ്യങ്ങള്‍ ഏവരെയും ലജ്ജിപ്പിക്കുന്നതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സുധാകരന്റെ കസേര തെറുപ്പിക്കാനും നീക്കംനടന്നു. സതീശന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തലയിടുന്നെന്ന വാര്‍ത്ത ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറി തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. 

K Muraleedharan and VD Satheesan

പുതുപ്പള്ളി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും വിജയിച്ചത് കൊണ്ട് മുഖ്യമന്ത്രിയാകാമെന്ന വ്യാമോഹത്തില്‍ നടക്കുകയാണ് സതീശന്‍. അതിനായി, വിജയസാധ്യത പോലും നോക്കാതെ തന്റെ ഇഷ്ടക്കാര്‍ക്ക് സീറ്റ് വരെ നല്‍കാന്‍ തുടങ്ങി. പാലക്കാട് സംഭവിച്ചതും അതാണ്. അവിടുത്തെ ജില്ലാ കമ്മിറ്റി ഏകകണ്‌ഠേന കെ മുരളീധരനെ മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അതിന് മുമ്പ് ജാതി, മത സംഘടനകളുമായി അവര്‍ ആശയവിനിമയം നടത്തിയിരുന്നു. മാത്രമല്ല മുരളീധരന്‍ കളത്തിലിറങ്ങിയാല്‍ ബിജെപി വിജയിക്കാതിരിക്കാന്‍ വേണ്ടി ഇടത് വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിക്കും എന്നവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നിട്ടും സതീശനും ഷാഫി പറമ്പിലും ചേര്‍ന്ന് രാഹുല്‍മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കുകയായിരുന്നു. അതുകൊണ്ടാണ് പി സരിനും മുനീബും ഷാനിബും കോണ്‍ഗ്രസ് വിട്ടത്, ഒരു ഡിസിസി ജനറല്‍ സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ പരസ്യമായി രംഗത്ത് വന്നത്. ജില്ലാ ഘടകം ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളെ പോലും മത്സരിപ്പിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കിയിരിക്കുന്നത് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്നാണ് നിലവിലെ വിലയിരുത്തല്‍. തുടക്കത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടായിരുന്നെങ്കിലും കെ മുരളീധരനെ പോലൊരാളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. 

കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യണമെന്ന് തീരുമാനിച്ച ന്യൂനപക്ഷങ്ങളും മാറിച്ചിന്തിക്കാന്‍ ഇടയുണ്ട്. പി സരിന്‍ ഉന്നയിച്ച വാദങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ശനിയാഴ്ച രാത്രി പുറത്തുവന്ന വിവരങ്ങള്‍. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എംപിയും സ്ഥിരീകരിച്ചു. അതുകൊണ്ട് കെ. മുരളീധരനെ ഒഴിവാക്കാന്‍ വലിയ അട്ടിമറിയാണ് നടന്നതെന്ന് വ്യക്തമായി. തൃക്കാക്കരയും പുതുപ്പള്ളിയും കോണ്‍ഗ്രസ് മണ്ഡലങ്ങളായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമികവ് കൊണ്ടല്ല 18 സീറ്റുകള്‍ ലഭിച്ചത്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള അന്ധമായ എതിര്‍പ്പും ബിജെപി അധികാരത്തിലെത്തരുത് എന്നതും കാരണമാണ് ജനം യുഡിഎഫിനെ വിജയിപ്പിച്ചത്. അത് സ്വന്തം മിടുക്കായി വി.ഡി സതീശന്‍ കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് തെറ്റി. കാരണം നിലവില്‍ സിപിഎമ്മിനെതിരെ സംസ്ഥാനത്ത് വലിയ ജനരോഷമുണ്ടെങ്കിലും അവര്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒപ്പം കോണ്‍ഗ്രസിനെ ചത്തകുതിരയോട് അദ്ദേഹം ഉപമിക്കുകയും ചെയ്തു. അത് വെറുതെയല്ല. യുഡിഎഫ് എന്ന സംവിധാനം നിശ്ചലമായിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. യുഡിഎഫ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ഭരണം നടത്തിയത്. അതിന് ഉമ്മന്‍ചാണ്ടി പല കുത്സിതശ്രമങ്ങളും നടത്തി. 2016ലും 2021ലും യുഡിഎഫ് തോറ്റ് തുന്നംപാടി. 

ഇതിനിടെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും അത് ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ജനവികാരം സിപിഎമ്മിന് എതിരായത് കൊണ്ടുമാത്രമാണ്. അതുകൊണ്ടാണ് തൊട്ടുപിന്നാലെ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയത്. ഇതൊക്കെ അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയാകാനുള്ള തത്രപ്പാടില്‍ പാര്‍ട്ടിയെ പോലും പ്രതിസന്ധിയിലാക്കുകയാണ് വിഡി സതീശന്‍, അതിന് വലിയ വില നല്‍കേണ്ടിവരും.

#KMuraleedharan #VDSatheesan #KeralaPolitics #Congress #LeadershipCrisis #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia