Kallakurichi Tragedy | കുടുംബം രക്ഷപ്പെടണമെങ്കിൽ കുടുംബനാഥന് മദ്യം കൊടുത്താൽ മതിയോ? നടി ചോദിച്ചത് വളരെ കൃത്യമായ ചോദ്യം

 
is it enough to give alcohol to save the family?
is it enough to give alcohol to save the family?


കുടിച്ച് മരിച്ചവർക്ക് പണം നൽകുന്നതാണോ പുതിയ ദ്രാവിഡ മോഡലെന്നും കസ്തൂരി എക്സിൽ കുറിക്കുകയുണ്ടായി

മിന്റാ മരിയ തോമസ് 

(KVARTHA) ഇപ്പോഴത്തെ ട്രെൻഡ് ലക്ഷങ്ങൾ, കോടികൾ ഒക്കെയാണ്. ഇത് ഒരു പ്രയാശ്ചിത്തം മാത്രം. വിഷമദ്യവും വാറ്റും തടയാനുള്ള സർക്കാർ സംവിധാനം പ്രവർത്തിക്കാത്തതിന് എന്ന് വിചാരിച്ചുകൊള്ളു. തമിഴ് നാട് കള്ളിക്കുറിശ്ശിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി രംഗത്ത് വന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്വന്തം കുടുംബത്തെപ്പോലും നോക്കാതെ വ്യാജമദ്യം കുടിച്ചവർക്ക് എന്തിനാണ് 10 ലക്ഷം നൽകുന്നതെന്നാണ് നടി ചോദിക്കുന്നത്. കുടിച്ച് മരിച്ചവർക്ക് പണം നൽകുന്നതാണോ പുതിയ ദ്രാവിഡ മോഡലെന്നും കസ്തൂരി എക്സിൽ കുറിക്കുകയുണ്ടായി. 

10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ യുദ്ധത്തിൽ മരിച്ച ജവാനോ ശാസ്ത്രജ്ഞനോ കർഷകനോ ആണോ ഈ തുക നൽകുന്നത്. അല്ല തൻ്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവർക്കാണ് . ജോലിയെടുക്കേണ്ട നിങ്ങൾ കുടിക്കു, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡൽ, ദയവായി കുടിക്കരുത്, ആസക്തി ജീവിതത്തിൽ മാത്രമല്ല മരണത്തിലും മാന്യത കവർന്നെടുക്കുന്നു എന്നാണ് കസ്തൂരി കുറിച്ചത്. പരാമർശത്തിൽ നടിയെ അനൂകൂലിച്ചും എതിർത്തും ധാരാളം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കുടുംബം രക്ഷപ്പെടണമെങ്കിൽ ഇനി വിഷമദ്യം കൊടുത്താൽ മതിയല്ലോ എന്ന് പറഞ്ഞ് നടിയെ അനൂകൂലിച്ച് രംഗത്ത് എത്തിയവർ ഏറെയാണ്. 

Kallakurichi Tragedy

അവർ പറയുന്നു, ഇപ്പറഞ്ഞതിനോട് യോജിക്കാതിരിക്കുന്നതെന്തിനെന്ന്. കാരണം അവർ രാജ്യത്തിനു ത്യാഗം ചെയ്തിട്ടൊന്നുമല്ലല്ലോ മരണപ്പെട്ടത്. ദിവസവും അധ്വാനിക്കുന്നവർ അപകടപ്പെട്ട് എത്രയോ പേർ മരിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊക്കെ എന്ത് ധനസഹായമാണു സർക്കാർ പ്രഖ്യാപിക്കാറുള്ളത്? അങ്ങിനെയെങ്കിൽ ഇനിയങ്ങോട്ട് വീട്ടിൽ വരുമാനം കൊണ്ടുവരുന്നവരായാലും, ഇല്ലെങ്കിലും ആണായിട്ടുള്ളവൻ ഒരാൾ മരണപ്പെട്ടാൽ പത്ത് ലക്ഷം നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കട്ടെ. മദ്യപാനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് സർക്കാർ 10 ലക്ഷം രൂപ അനുവദിക്കുമ്പോൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന സൈനികർക്ക് ലഭിക്കുന്നത് കുറഞ്ഞ പിന്തുണയാണ്. 

നമ്മുടെ സുരക്ഷയ്ക്ക വേണ്ടി പരമമായ ത്യാഗം സഹിച്ച നമ്മുടെ ദേശീയ നായകന്മാർക്കും അവരുടെ കുടുംബങ്ങൾക്കും മുൻഗണന നൽകുന്നതിന് കൂടുതൽ ഊന്നൽ നൽകണം. കുടിച്ചു മാത്രമല്ല ആളുകൾ മരിക്കുന്നത്, അപകടം വന്നും രോഗം വന്നും ചികിത്സ കിട്ടാതെയും പട്ടിണി കിടന്നും മരിക്കുന്നു. അവർക്ക് കുടുംബം ഇല്ലേ? അവരെ രക്ഷിക്കാൻ വേണ്ടി ഈ ധനം ഉപയോഗിക്കണം. അല്ലാതെ കുടിച്ചു ചാവുന്നവന്മാർക്ക് ഉള്ളതല്ല. പബ്ലിക് മുതൽ എല്ലാവർക്കും അവകാശം ഉണ്ട്. എല്ലാവരും നികുതി കൊടുക്കുന്നതാണ്. ചിലർക്ക് വീടില്ല വാടക കൊടുത്തു മുടിയുന്നു. ചിലർക്ക് ചികിത്സ വേണം. പക്ഷേ ക്യാഷ് ഇല്ല. ചിലർക്ക് അപകടം പറ്റി അനാഥമാകുന്നു. അവർക്കും അവകാശം ഉണ്ട് സർക്കാർ ധനത്തിൽ. 

അധ്വാനിക്കാൻ തയ്യാർ ഉള്ളവരെയും മറ്റുള്ളവർക്ക് പ്രയോജനം ഉള്ളവരെയും സഹായിക്കുക. കുടിച്ചു മരിച്ച ആളുടെ ഭാര്യമാർ അധ്വാനിച്ചു ജീവിക്കട്ടെ. അല്ലാതെ അവർക്ക് മേലനങ്ങാതെ തിന്നാൻ ഉള്ളതല്ല ഇത്. ഒരു കാരണവശാലും വ്യാജമദ്യം കുടിച്ച് മരിക്കുന്നവർ ഒരു സഹായത്തിനും അർഹരല്ല. കാരണം അവർ നികുതി വെട്ടിക്കാൻ വേണ്ടി മാത്രമാണ് വ്യാജമദ്യം കുടിക്കുന്നത്. അവർ നികുതി വെട്ടിപ്പുകാരും അങ്ങനെ വെട്ടിക്കുന്നവരുടെ സഹായികളും ആണ്. ഇങ്ങനെയൊക്കെയാണ് ഈ വിഷയത്തിൽ നടിയെ അനൂകൂലിക്കുന്നവർ നിരത്തുന്ന വാദഗതികൾ. 

എന്നാൽ നടിയെ എതിർക്കുന്നവർ പറയുന്ന കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞാൽ അവർ പറയുന്ന പ്രധാന കാരണങ്ങൾ ഇതാണ്. ക്യാഷ് വാങ്ങി നൽകുന്നത് ഗുണമേന്മ ഉള്ളത് ആകണം, അത് മദ്യം ആയാലും അമൃത് ആയാലും. രാജ്യത്തെ അബ്കാരി നിയമപ്രകാരം മദ്യം വിൽക്കുവാൻ സർക്കാർ ലൈസൻസ് വേണം. അത് ഇല്ലാതെ വിൽക്കുന്നത് ശിക്ഷാർഹം ആണ്.  അങ്ങനെ വിറ്റാൽ പോലീസ് പിടിക്കും.  അകത്ത് ഇടും.  ഇതൊക്കെ ഏതു കുട്ടികൾക്കും അറിയുന്ന കാര്യം ആണ്. ചാണകം തലയിൽ കൊണ്ട് നടന്നാൽ ഇതൊന്നും മനസിലാകണം എന്നില്ല. ഈ അഭിപ്രായത്തെ സപ്പോർട്ട് ചെയ്യുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ഇവർ ആരും സ്വന്തമായി കള്ള് ഉണ്ടാക്കി കുടിച്ച് അല്ല  മരിച്ചത്.  സർക്കാർ ലൈസൻസ് കൊടുത്ത ഒരു ബാറിൽ നിന്നും 200 അല്ലേൽ 300 ശതമാനം ടാക്സ് കൊടുത്ത് ആണ് മദ്യപിച്ചത്. 

സർക്കാർ  ലൈസൻസ് കൊടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിൽക്കുന്ന മദ്യത്തിൻ്റെ ഗുണനിലവാരം സർക്കാർ  ഉറപ്പാക്കണം. അങ്ങനെ ഉറപ്പ് വരുത്താതെ വിൽക്കാൻ അനുവദിച്ചത് കൊണ്ട് ആണ് ഈ ദുരന്തം ഉണ്ടായത്. അപ്പോൾ  നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ ബാധ്യസ്തർ ആണ്. നൂറു രൂപയുടെ മദ്യത്തിന് 400 രൂപാ ലാഭത്തിൽ വിൽക്കുന്നു. അത് വാങ്ങി കുടിച്ച് സർക്കാരിനെ തന്നെ നിലനിർത്തുന്നത്  കുടിയൻമാർ ആണ്. ഈ കുടിച്ചു മരിച്ചവരിൽ ഭൂരിഭാഗവും 20 ലക്ഷത്തിന്റെ മദ്യമെങ്കിലും കുടിച്ചു സർക്കാരിന് ലാഭം ഉണ്ടാക്കിയിട്ടുണ്ടാവും. പിന്നെ സർക്കാറിന് 10 ലക്ഷം കൊടുത്താൽ എന്താ കുഴപ്പം. 

ഈ സഹായം മരിച്ചവർക്ക് അല്ല, അവരുടെ കുടുംബത്തിനാണ്. പിന്നെ കുടുംബം നശിച്ചത് അയാളുടെ തലയിൽ ആണെങ്കിൽ വിധവാ പെൻഷൻ അടക്കം, കുടുംബത്തിൽ ഒരാൾ സർക്കാർ ജോലിയിൽ ഇരിക്കെ മരിച്ചാൽ കുടുംബത്തിൽ ഒരാൾക്കു ജോലി അടക്കം എല്ലാം എടുത്ത് കളയണം. ഡിപെൻഡൻസി ഗൃഹനാഥന്റെ തലയിൽ അല്ലെങ്കിൽ ഒരു കാര്യത്തിനും പാടില്ല. ഇങ്ങനെ പോകുന്നു നടിയുടെ അഭിപ്രായത്തെ എതിർക്കുന്നവരുടെ വാദഗതികൾ. എന്തായാലും ഒരു കാര്യം സത്യമാണ്. ഈ വിഷയം നാടിൻ്റെ പൊതു വിഷയം തന്നെയാണ്. അതിനാൽ ഈ വിഷയം ചർച്ചയാക്കപ്പെടേണ്ടത് തന്നെയാണ്. നടി എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം വിസ്മരിക്കരുത്. മരിച്ചവർക്ക് ഇനി ഒരിക്കലും 10 ലക്ഷം വേണ്ട. ഇത് അവരുടെ കുടുംബത്തിനാണ്. മരിച്ചവരുടെ ആശ്രിതർക്ക് ആണ് സഹായം നൽകുന്നത്. 

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. അല്ലാതെ സ്കോച്ച്, വിസ്കി അടിക്കുന്നവനല്ല. അവരുടെ ആശ്രിതരുടെ മുന്നോട്ടുള്ള ജീവിതം സർക്കാർ സുരക്ഷിതമാക്കുന്നതാണ് ഇത്. എന്നാൽ ഇതുപോലെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാർ ഇതിലും അർഹരായവരെ അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരെ അവഗണിച്ചുകൊണ്ടാകരുത്. അങ്ങനെയെങ്കിൽ ഇതുപോലെയുള്ള പാരിതോഷികങ്ങൾ രാജ്യത്ത് ദുർമാതൃക സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. അതുമാത്രമാകാം നടി ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയതും. ഈ പാരിതോഷികം ഇനിയും കുറെ കള്ള് കുടിയന്മാരെ സൃഷ്ടിക്കുന്നതിനുതകരുത്, അത്രമാത്രം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia