CPM | മനു തോമസ് പുറത്തുപോകുമ്പോൾ സിപിഎം നേരിടുന്നത് ആന്തരിക പ്രതിസന്ധിയോ? ചോദ്യങ്ങൾ ബാക്കിവെച്ച് യുവനേതാവിൻ്റെ പിൻമടക്കം
പാര്‍ട്ടി വേദികളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന മുന്‍ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും പേരിന് മാത്രം പാർട്ടി പ്രവർത്തനം നടത്തുന്ന സ്വയം വിരമിച്ച നേതാക്കളിലൊരാളാണ്
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) സിപിഎമ്മിൻ്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പാർട്ടിക്ക് വെല്ലുവിളിയാകുന്നു. ബി.ജെ.പി ക്രിസ്ത്യൻ വോട്ടുബാങ്കിലേക്ക് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കടന്നു കയറിയ സാഹചര്യത്തിൽ സി.പി.എമ്മിൻ്റെ തട്ടകമായ കണ്ണൂരിൽ സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്ന വിധമാണ് ക്രിസ്ത്യൻ പ്രാതിനിധ്യം കുറയുന്നത്. ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ് പാർട്ടിയിൽ നിന്നും ഒഴിവായതോടെ വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് സി.പി.എം നേരിടുന്നത്.
മനുവിന് പകരം ആലക്കോട് ഏരിയ സെക്രട്ടറിയായ സാജൻ ജോസഫിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപെടുത്തിയെങ്കിലും സി.പി.എം നേതാവായ കെ.എം ജോസഫിൻ്റെ മകനാണ് സാജൻ എന്ന പരിമിതിയും പാർട്ടി നേരിടുന്നുണ്ട്. മനുവിന് പകരം വയ്ക്കാൻ പാർട്ടിക്ക് മറ്റൊരു യുവ നേതാവിനെ കിട്ടിയില്ലെന്ന ദൗർബല്യമാണ് ഇവിടെ വ്യക്തമാകുന്നത്.
പാർട്ടിജില്ലാ കമ്മറ്റി അംഗമായിരുന്ന മനുതോമസിനെ പുറത്താക്കിയതോടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന് ജനകീയനായ ഒരു യുവ നേതാവിനെയാണ് നഷ്ടമായത്. ഇതോടെ ക്രിസ്ത്യൻ വിഭാഗത്തില്‍പെട്ട പ്രധാനപ്പെട്ട മൂന്ന് പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ സജീവമല്ലാതായത് കണ്ണൂരിലെ മലയോര മേഖലയിൽ സജീവ ചര്‍ച്ചയായി മാറിയിരിക്കയാണ്.
തലമുതിര്‍ന്ന നേതാവും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ദീര്‍ഘകാലം തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റും നടുവില്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന കെ.എം.ജോസഫാണ് ഇതില്‍ പ്രധാനി. തീപ്പൊരി പ്രസംഗകനായിരുന്ന ഇദ്ദേഹം വടക്കേമലബാറിലെ ഏറ്റവും സജീവമായ പാർട്ടിയുടെ ക്രിസ്ത്യൻ മുഖമായിരുന്നു. എന്നാൽ കെ.എം ജോസഫ് ഇപ്പോൾ പാർട്ടിയിൽ സജീവമല്ല. ഒരു വർഷം മുൻപ് ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയുമായി പള്ളിക്കുന്നിലെ വീട്ടിൽ നിന്നും രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് വിവാദത്തിൽപ്പെടുകയും ചെയ്തിരുന്നു.
പാര്‍ട്ടി വേദികളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന മുന്‍ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവും പേരിന് മാത്രം പാർട്ടി പ്രവർത്തനം നടത്തുന്ന സ്വയം വിരമിച്ച നേതാക്കളിലൊരാളാണ്. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ ജയിംസ് മാത്യു എൺപതംഗ ജില്ലാ കമ്മിറ്റിയിൽ ഒരാൾ മാത്രമായി ഒതുങ്ങുകയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍, ആലക്കോട് ഏരിയ സെക്രട്ടറി സാജന്‍ ജോസഫ് എന്നിവ മാത്രമാണ് ഇപ്പോൾ ജില്ലാ കമ്മിറ്റിയിലുള്ളത്.
നേതൃപദവിയിൽഎടുത്തുപറയാവുന്ന മറ്റൊരു പേര് കോണ്‍ഗ്രസില്‍ നിന്നും അടുത്തകാലത്ത് സിപിഎമ്മില്‍ എത്തിയ കൊട്ടിയൂരിലെ അഡ്വ. കെ.ജെ ജോസഫാണ്. കെ.എം ജോസഫിന് പിന്‍ഗാമിയായി ഇപ്പോള്‍ കര്‍ഷകസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അഡ്വ. കെ.ജെ ജോസഫ്. പുതുതായി പാര്‍ട്ടിയിലെത്തുന്ന ക്രിസ്ത്യൻ വിഭാഗക്കാരുടെ എണ്ണവും വളരെ കുറവാണെന്ന് കഴിഞ്ഞ പാർട്ടി ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ക്രഡൻഷ്യൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ബി.ജെ.പി ആഭിമുഖ്യമുള്ള ക്രിസ്ത്യൻ നേതാക്കളുടെ എണ്ണം സംസ്ഥാനമാകെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ന്യൂനപക്ഷ മോർച്ചയിലുടെയാണ് ഇവർ കടന്നു വരുന്നത്.