Criticism | സന്ദീപ് വാര്യറെ കോൺഗ്രസ് സ്വീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻഎൽ നേതാവ് ഖാസിം ഇരിക്കൂർ
ADVERTISEMENT
● ലീഗ് അണികളും സാമാന്യ ജനങ്ങളും എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ഖാസിം ഇരിക്കൂർ
● തൻ്റെ അധികാര മോഹം ശമിപ്പിക്കാൻ കെ സുരേന്ദ്രൻ തടസ്സമായി നിന്നതാണ് കളംമാറ്റത്തിന് കാരണം
കണ്ണൂർ: (KVARTHA) സന്ദീപ് വാര്യറെ കോൺഗ്രസിൽ സ്വാഗതം ചെയ്ത നടപടിയെ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ രൂക്ഷമായി വിമർശിച്ചു. താൻ ഇതുവരെ പ്രവർത്തിച്ച ബിജെപി വെറുപ്പിൻ്റെ ഫാക്ടറിയാണെന്ന് തുറന്നു സമ്മതിക്കുന്ന സന്ദീപ് വാര്യരെ വാരിപ്പുണരുക വഴി കോൺഗ്രസ് അതിൻ്റെ ആശയ പാപ്പരത്തം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഐ എൻ എൽ. നേതാവ് ഖാസിം ഇരിക്കൂർ ആരോപിച്ചു. ബിജെപി ഫാക്ടറിയിൽ ഉത്പാദിപ്പിച്ച വെറുപ്പും വിദ്വേഷവും കേരള രാഷ്ട്രീയ മാർക്കറ്റിൽ നിർലജ്ജം വിറ്റഴിച്ച കൊടും വർഗീയ വാദിയായ സെയിൽസ്മാനാണ് സന്ദീപ് വാര്യർ. ബിജെപിയെ മടുത്തിട്ടല്ല, മറിച്ച് തൻ്റെ അധികാര മോഹം ശമിപ്പിക്കാൻ കെ സുരേന്ദ്രൻ തടസ്സമായി നിന്നതാണ് കളംമാറ്റത്തിന് കാരണമെന്ന് വാര്യർ തന്നെ തുറന്നു സമ്മതിക്കുന്നും അദ്ദേഹം പറഞ്ഞു.
വിഷലിപ്തമായ വാക്കുകളും ചെയ്തികളും കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തെ ഏറെ കാലം വർഗീയമയമാക്കിയ ഒരാളെ, നിയമസഭാ സീറ്റ് അടക്കമുള്ള ഓഫറുകൾ നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒരു ചുക്കും പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. രാഷ്ട പിതാവിൻ്റെ വധത്തെ പോലും നിസ്സാരവത്കരിച്ച് അവതരിപ്പിച്ച, ഗോദ്സെയുടെ ആരാധകനെയാണ് കോൺഗ്രസ് നേതൃത്വം ഭിന്നതകൾ മുഴുവൻ മറന്ന് വാരിപ്പുണരാൻ ആവേശം കാണിച്ചത്. കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും മുസ്‌ലിം വിരുദ്ധത കോൺഗ്രസിൽ വലിയൊരു യോഗ്യതയാണെന്നും തെളിയിക്കുമ്പോൾ അതിനെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിൻ്റെ വിവരക്കേടും ആശയ ദാരിദ്ര്യവും അണികൾ മനസ്സിലാക്കുന്നുണ്ടെന്നും ഖാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വാര്യരെ അഭിഷിക്തനാക്കാൻ പാണക്കാട്ടേക്ക് പറഞ്ഞയച്ച കോൺഗ്രസിൻ്റെ ബുദ്ധി അപാരമാണെങ്കിൽ കൂടി ലീഗ് അണികളും സാമാന്യ ജനങ്ങളും എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.
#KeralaPolitics #QasimIrikkur #SandeepWarrier #CongressKerala #INLCriticism #PoliticalControversy
