Controversy | ആരോഗ്യ ഇന്‍ഷുറന്‍സിന് ഇനി 18% ജിഎസ്‌ടി: ജനങ്ങളെ എങ്ങനെ ബാധിക്കും?
ഈ നടപടി ദരിദ്രരെയും സാധാരണക്കാരെയും ബാധിക്കുമെന്നാണ് വിമർശകർ പറയുന്നത്.
ദക്ഷ മനു
(KVARTHA) എല്ലാ മനുഷ്യനും സംഭവിക്കുമെന്ന് ഉറപ്പുള്ള മരണത്തിനും എപ്പോള്‍ വേണമെങ്കിലും വരാവുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും 18 ശതമാനം ചരക്ക് സേവനനികുതി വ്യവസ്ഥചെയ്യുന്ന ധനബില്‍ ലോക്സഭ പാസാക്കിയത് രാജ്യം അമ്പരപ്പോടെയാണ് കണ്ടത്. മഹാഭൂരിപക്ഷം ജനങ്ങളുടെയും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെയും അതിശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് നരേന്ദ്ര മോദി സര്‍ക്കാര്‍, വലിയൊരു വിഭാഗം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് ഭാരിച്ച ജിഎസ്ടി വ്യവസ്ഥചെയ്യുന്ന ധനബില്‍ പാസാക്കിയത്.
ജിഎസ്ടി മുന്‍കൂറായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഉപഭോഗവസ്തുക്കളായ പെര്‍ഫ്യൂമുകള്‍ ചോക്ലേറ്റുകള്‍ എന്നിവയുടെ ഗണത്തിലാണ് ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സുകളെയും 18 ശതമാനം നികുതിയുമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഔഷധങ്ങള്‍ എന്നീ അവശ്യവസ്തുക്കള്‍ക്ക് അഞ്ച് മുതല്‍ 15 ശതമാനം വരെ ജിഎസ്ടിയേ ചുമത്തിയിട്ടുള്ളു എന്നത് നികുതിഘടനയിലെ അന്തരമാണ് തുറന്നുകാട്ടുന്നത്.
സര്‍ക്കാരിന് ജനങ്ങളോട് കരുതലില്ലെന്നും ക്ഷേമപ്രവര്‍ത്തനങങളില്‍ നിന്ന് പിന്‍മാറുകയാണെന്നും ഇത് വ്യക്തമാക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രരും സാധാരണക്കാരും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ചികിത്സയ്ക്കാണ് ചെലവഴിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലൂടെ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നു. മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തില്‍ പോലും ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല.
മഹാഭൂരിപക്ഷത്തിനും വേണ്ട സൗജന്യ ചികിത്സാ സംവിധാനങ്ങളോ സാമൂഹിക സുരക്ഷാ പദ്ധതികളോ ഇല്ലാത്ത രാജ്യത്ത്, വലിയൊരുവിഭാഗം ജനങ്ങള്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത, ആരോഗ്യ സുരക്ഷയ്ക്കായി ആശ്രയിക്കുന്നത് ഇന്‍ഷുറന്‍സിനെയാണ്. അതില്‍ നിന്ന് അവരെ അകറ്റാന്‍ ഉയര്‍ന്നതോതിലുള്ള ജിഎസ്ടി കാരണമാകുമെന്ന ആശങ്ക ഗുണഭോക്താക്കളും ഇന്‍ഷുറന്‍സ് കമ്പനികളും പങ്കുവയ്ക്കുന്നു. 2047 ആകുമ്പോഴേക്കും രാജ്യത്തെ പൗരന്മാരെയെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരണമെന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതാേറിറ്റി പറയുന്നത്.
അപ്പോഴേക്കും രാജ്യം വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് നരേന്ദ്രമോദി പറയുന്നത്. ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ദ്ധിച്ച ചികത്സാ ചെലവുകളുടെയും സൗജന്യ പൊതുആരോഗ്യ സംവിധാനങ്ങളുടെയും അഭാവത്തില്‍ കൂടുതല്‍ ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെ ആശ്രയിക്കാന്‍ തയ്യാറാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് രംഗത്തെ ആഗോള പ്രമുഖരില്‍ ഒന്നായ സ്വിസ് റീ സിഗ്മയുടെ ഒരു പഠനം ഇന്ത്യയുടെ ജീവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ചുരുങ്ങിവരുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടി ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് മേല്‍ നികുതി ചുമത്തിയിരുന്നു എന്ന ന്യായീകരണമാണ് ധനമന്ത്രി നിരത്തുന്നത്. അതിനേക്കാള്‍ ഭാരിച്ച നികുതി് ഈടാക്കുന്ന വ്യവസ്ഥകളാണ് ഇപ്പോള്‍ പാസാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഈ ഇനത്തില്‍ 24,000 കോടി രൂപ സമാഹരിച്ചതായി മന്ത്രി പറയുന്നു. അതിന്റെ 73-74 ശതമാനവും സംസ്ഥാന വിഹിതമായി തിരിച്ചുനല്‍കുകയാണത്രെ. എന്നാല്‍, ധനമന്ത്രി പറയുന്നതില്‍ നിന്നും വ്യത്യസ്തമായ കണക്കുകളാണ് ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യ മുന്നോട്ടുവയ്ക്കുന്നത്.
അതിലുപരി ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കല്‍ കുമിഞ്ഞുകൂടുന്ന ലക്ഷക്കണക്കിനുകോടി നിക്ഷേപം ഏതാണ്ട് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇന്‍ഷുറന്‍സില്‍, പ്രത്യേകിച്ച് ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്ന പണം ജീവിതത്തില്‍ ഒരുപക്ഷെ മാത്രം സംഭവിച്ചേക്കാവുന്ന രോഗാവസ്ഥയ്ക്കുള്ള മുന്‍കരുതലാണ്. അതുകൊണ്ട് തന്നെ ആ നിക്ഷേപം അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങള്‍ക്കായി ദീര്‍ഘകാലത്തേക്ക് വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. വസ്തുത ഇതായിരിക്കെ സംസ്ഥാന വിഹിതത്തെ മറയാക്കി ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന നികുതിഭാരത്തെ ന്യായീകരിക്കാനാണ് ശ്രമം.
നികുതി സംബന്ധിച്ച് ജിഎസ്ടി കൗണ്‍സിലാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടതെന്നപേരില്‍ ധനമന്ത്രി കേന്ദ്രത്തിന്റെ നയപരമായ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുകയാണ്. ബജറ്റില്‍ ആരോഗ്യ കുടുംബക്ഷേമ വിഹിതം കഴിഞ്ഞ ബജറ്റിനെക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ 97 ശതമാനവും മന്ത്രാലയ ചെലവുകള്‍ക്കാണ് നീക്കിവച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും പ്രസക്തിയും വിലയിരുത്തപ്പെടാന്‍.
ആരോഗ്യ പരിരക്ഷയ്ക്കായുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും പൗരന്മാര്‍ സ്വന്തമായി ചികിത്സാ ആവശ്യങ്ങള്‍ക്കായി നടത്തുന്ന നിക്ഷേപത്തിന്മേല്‍ നികുതിഭാരം ചുമത്തുകയും ചെയ്യുന്നത് പകല്‍ക്കൊള്ളയാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിന്‍ ഗഡ്കരി ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കുമേല്‍ പ്രഖ്യാപിച്ച 18 ശതമാനം നികുതി പിന്‍വലിക്കണമെന്ന് ധനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും പല സംസ്ഥാന മുഖ്യമന്ത്രിമാരും എന്‍ഡിഎ സഖ്യകക്ഷികള്‍ തന്നെയും സമാന ആവശ്യം ഉന്നയിക്കുകയുണ്ടായി. 'ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെമേല്‍ ചുമത്തുന്ന ഭാരിച്ച നികുതി ജീവിതത്തിന്റെ അനിശ്ചിതത്തിനുമേല്‍ ചുമത്തുന്ന നികുതി'യാണെന്ന് ഗഡ്ഗരി തന്റെ കത്തില്‍ പറയുന്നു.
പ്രതിപക്ഷ ഇന്ത്യ സഖ്യം പാര്‍ലമെന്റിനകത്തും കവാടത്തിലും വിഷയത്തില്‍ പ്രതിഷേധിക്കുകയുണ്ടായി. ഇതിനൊന്നും യാതൊരുവിലകൊടുക്കാതെയാണ് ജനവിരുദ്ധവും ദ്രോഹകരവുമായ നികുതിനിര്‍ദേശം പാസാക്കിയിരിക്കുന്നതെന്നാണ് വിമർശനം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നപേരില്‍ ജനങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്ക് പിഴയീടാക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മരണത്തിനും രോഗാവസ്ഥയ്ക്കും നികുതി ഈടാക്കാനും മുതിര്‍ന്നിരിക്കുന്നു. രാജ്യത്തെ ബാങ്കുകള്‍ 8000 കോടി രൂപയാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കവര്‍ന്നെടുത്തത്. അതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സിന് ജിഎസ്ടി ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുകയും ചെയ്തു.