Imran Khan | ഇമ്രാൻ ഖാൻ ജയിലിന് പുറത്തേക്കോ? 'ഇദ്ദ' ആചാരം പാലിക്കാതെ വിവാഹം കഴിച്ചുവെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയെയും ഭാര്യയെയും വെറുതെവിട്ട് കോടതി


ഇമ്രാൻ ഖാനെ തടവിലാക്കിയ ഒരേയൊരു കേസായതിനാൽ ഈ വിധി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു
ഇസ്ലാമാബാദ്: (KVARTHA) രണ്ട് വിവാഹങ്ങൾക്കിടയിലുള്ള നിശ്ചിത ഇടവേള അഥവാ 'ഇദ്ദ:' (Iddat) എന്ന ഇസ്ലാമിക ആചാരം പാലിക്കാതെ വിവാഹം കഴിച്ചുവെന്ന കേസിൽ പാകിസ്താൻ (Pakistan) മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും (Imran Khan) ഭാര്യ ബുഷ്‌റ ബീബിയെയും (Bushra Bibi) ഇസ്ലാമാബാദ് കോടതി വെറുതെവിട്ടു (Acquitted). ഫെബ്രുവരിയിൽ ഇസ്ലാമാബാദ് കോടതിയിലെ സീനിയർ സിവിൽ ജഡ്‌ജ് ഈ കേസിൽ ഇരുവരെയും ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ ദമ്പതികളുടെ അപ്പീൽ ഹർജി (Appeal) അംഗീകരിച്ചുകൊണ്ടാണ് ഇസ്‌ലാമാബാദ് അഡീഷണൽ സെഷൻസ് ജഡ്‌ജ് മുഹമ്മദ് അഫ്‌സൽ മജൂക്ക വിധി പുറപ്പെടുവിച്ചത്. ഇമ്രാൻ ഖാനും ബുഷ്‌റ ബീബിയും മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവരെ വിട്ടയക്കണമെന്ന് അഡിയാല ജയിൽ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചു.
ബുഷ്‌റ ബീബിയുടെ ആദ്യ ഭർത്താവ് ഖവാർ മേനക ഇവരെ വിവാഹമോചനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇമ്രാൻ ഖാനുമായി വിവാഹം നടന്നത്. രണ്ട് വിവാഹങ്ങൾക്കിടൽ 'ഇദ്ദ:' എന്ന ഇസ്ലാമിക ആചാരം പാലിച്ചില്ലെന്നാണ് കേസ്.
വിധി പ്രധാനം
ഇമ്രാൻ ഖാനെ തടവിലാക്കിയ ഒരേയൊരു കേസായതിനാൽ ഈ വിധി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു. ഈ വർഷമാദ്യം, തോഷഖാന കേസ് ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ അദ്ദേഹം ആശ്വാസ വിധികൾ നേടിയിരുന്നു. ഈ മാസം ആദ്യം, സൈഫർ കേസിൽ ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.
ലാഹോർ, റാവൽപിണ്ടി, ഫൈസാബാദ് എന്നിവിടങ്ങളിൽ മെയ് ഒമ്പതിന് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. കോടതി വിധിയോടെ ജയിലിൽ നിന്ന് ഇമ്രാൻ ഖാന് പുറത്തിറങ്ങാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നിരുന്നാലും, ഇമ്രാൻ ഖാൻ്റെ ഭാര്യയ്‌ക്കെതിരെ മറ്റ് കേസുകൾ ഇല്ലാത്തതിനാൽ അവരെ വിട്ടയക്കുമെന്ന് റിപ്പോർട്ടുകൾ.