Bar Bribery | ബാർ ഉടമകളെ നമുക്ക് വിശ്വസിക്കാം! സർക്കാരിനെതിരെ പൊലീസ് അന്വേഷണം നടത്തിയാൽ കുറ്റവാളിയെ എങ്ങനെ കിട്ടും?


സോണി കല്ലറയ്ക്കൽ
(KVARTHA) കാട്ടിലെ തടി തേവരുടെ ആന. പിണറായി പോലീസ് പിണറായി സർക്കാരിന് എതിരെ അന്വേഷണം നടത്തിയാൽ പിന്നെ കള്ളനെ കിട്ടുമോ? ഇങ്ങനെ ഈ പൊതുസമൂഹത്തിൽ നിന്ന് ആരെങ്കിലും ഒരു ചോദ്യം ഉന്നയിച്ചാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും. ഒന്നുകിൽ ഇതുപോലെയുള്ള കാര്യങ്ങൾ പൊതുവിൽ വാർത്തയാക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ ഇതൊക്കെ പരസ്യപ്പെടാതിരിക്കാനാണ് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്. ഈ വിഷയം ഒക്കെ ഇങ്ങനെയല്ലെ വരൂ എന്ന് ആർക്കാണ് അറിയാത്തത്. അല്ലാതെ ആരാ ഇവിടെ വെറുതെ മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത്. ബാർ ഉടമകളെ നമുക്ക് വിശ്വസിക്കാം. പക്ഷേ, ഇതിൻ്റെ ഉടയോൻ എന്ത് നിരപരാധി. അല്ലെങ്കിൽ ഇപ്പോൾ അച്ഛൻ പത്തായത്തിൽ പോലും ഇല്ല എന്ന് സാരം.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വാർത്തയാണ് ശ്രദ്ധയാകർഷിക്കുന്നത്. മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്‍റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ട്. മദ്യനയം മാറ്റാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോൻെറ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അനിമോന്‍റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാർ കോഴ വിവാദത്തിൽ കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ് അന്വേഷണസംഘത്തിന്‍റേത്. കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസിഡൻറ് അനി മോൻ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി രാജേഷ് പരാതി നൽകിയിരുന്നു. തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിൻെറ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്.
ശബ്ദ സന്ദേശമയച്ച അനി മോൻ ശബ്ദം തൻെറതല്ലെന്ന് നിഷേധിച്ചില്ല. കെട്ടിട നിർമ്മാണത്തിന് പണം പിരിക്കുന്നതിൽ ഇടുക്കി ജില്ല വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലിട്ടതാണെന്നാണ് അനിമോൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. മദ്യ ലഹരിയിലായിരുന്നുവെന്നും പറഞ്ഞു. ശബ്ദരേഖ പുറത്തുപോയതിന് പിന്നാലെ ഗ്രൂപ്പിൽ നിന്നും അനിമോൻ ശബ്ദരേഖ ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പും ഇല്ലാതാക്കി. അതിനാൽ ചോർച്ച എവിടെ നിന്നുമെന്ന കണ്ടെത്തണമെങ്കിൽ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ബാറുമടകള്‍ക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും അതാണ് ശബ്ദ രേഖ ചോർച്ചക്കു കാരണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മദ്യ നയമാറ്റത്തിന് പണ പരിവ് നടത്തിയതായി അസോസിയേഷൻിൽ അംഗങ്ങളായ ബാറുടമകള്‍ മൊഴി നൽകിയതുമില്ല. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിൽ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനറെ മകൻ അർജുൻ രാധകൃഷ ഉപയോഗിക്കുന്ന മൈബൈൽ നമ്പർ ബാറുടമകളുടെ ഗ്രൂപ്പിൽ കണ്ടെത്തിയിരുന്നു. അർജുനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പരിശോധനയിൽ ആ നമ്പർ ഉപയോഗിക്കുന്നത് അർജുൻറെ ഭാര്യാമാതാവാണെന്ന് കണ്ടെത്തി.
ഭാര്യാപിതാവിൻറെ പേരിലുണ്ടായിരുന്ന ബാർ ലൈസൻസ് പിതാവിൻറെ മരണശേഷം അമ്മക്ക് കൈമാറുകയായിരുന്നു. ഈ മാസം 31ന് മുമ്പ് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും. ഇതാണ് പുറത്തുവരുന്ന വാർത്ത. ഇത് എത്രമാത്രം വിശ്വസിക്കാമല്ലേ. പ്രമാദമാനമായ കണ്ടുമിടുത്തം തന്നെ എന്ന് സംശയിക്കുന്നു. ആരെയും ജയിലിൽ പിടിച്ച് ഇടരുതെന്ന് അപേക്ഷിക്കുകയാണ്. കണ്ടുപിടിക്കാതെ തന്നെ ഇതാണ് കണ്ടു പിടിക്കേണ്ടത് എന്ന് വേണ്ടപ്പെട്ടവർ പറഞ്ഞിട്ടുണ്ടല്ലോ? എന്തൊരു ദീർഘദർശികൾ. എന്തായാലും ഒരു കാര്യം സത്യം, വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ ഹാസ്യ രചന പ്രതിഭകൾ തോറ്റു പോകും ഇവരുടെ റിപ്പോർട്ടിനു മുന്നിൽ.
ഈ റിപ്പോർട്ട് തയാറാക്കിയ ക്രൈംബാഞ്ചിനെ നമിക്കുക തന്നെ വേണം. എത്ര സത്യ സന്ധമായ അന്വേഷണം. നമ്മുടെ നാട് മാറി. എന്തൊരു മാറ്റം! ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. കുട്ടിയുടെ അമ്മയുടെ നാട് പാലക്കാട് തന്നെയാണ് കേട്ടോ. ഇത് എക്സൈസ് മന്ത്രിയുടെ റിപ്പോർട്ട് എന്നു പറയുന്നതാണ് ഏറ്റവും ഉചിതമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. തലക്കുത്തിമറിഞ്ഞ് അത് കെട്ടിടത്തിൽ എത്തിച്ചു. ക്രൈംബ്രാഞ്ചിന് എല്ലാവിധ ആശംസകളും. ബാർ ഉടമകൾ എല്ലാവരും ചേർന്ന് പണം പിരിച്ചു. അപ്പോൾ ഈ ബാർ എല്ലാം ഷെയർ ബിസിനസ് ആണോ. ജനങ്ങൾ എല്ലാം അർജുൻ വാർത്തയ്ക്കു പിറകെ പോയപ്പോൾ ഇതുപോലുള്ള എന്തൊക്കെ കാര്യങ്ങൾ ഇവിടെ നടത്തിക്കാണും. ടി പി പ്രതികൾ ജയിലിൽ ഉണ്ടോ എന്നും ഈ അവസരത്തിൽ പരിശോധിക്കുന്നത് നല്ലതായിരിക്കും.
ക്രൈംബ്രാഞ്ച് കേരള ആഭ്യന്തരവകുപ്പിന്റെ കീഴിൽ വരുന്ന ഒരു ഡിപ്പാർട്ട്മെന്റ് ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അപ്പോൾ ഈ വിഷയത്തിൽ സത്യസന്ധവും സുതാര്യവുമായ ഒരു അനേഷണം എങ്ങനെ നടക്കുമെന്നാണ് വിവിധ കോണുകളിൽ നിന്ന് പ്രത്യേകിച്ച് കേസ് ഭരിക്കുന്ന സർക്കാരിനെതിരെ ആകുമ്പോൾ. അങ്ങയെയാകുമ്പോൾ ഇത് അല്ലേ സംഭവിക്കുക. സർക്കാർ വീണാൽ ക്രൈംബ്രാഞ്ച് തലപ്പത്ത് മാറ്റം സംഭവിക്കും.
ഈ വാർത്തയും വിശ്വസിക്കാതിരിക്കുന്നില്ല. അതിനും ഒരു കാരണമുണ്ട്. ഈ പറയുന്നത് ഒക്കെ ശരിയായിരിക്കാം. കോഴ വാങ്ങുന്നതിന്നുമുന്നേ ദുഷ്ടൻമാർ ചതിച്ചില്ലേ! ഇരുന്നൂറ് കോടിയുടെ സ്വപ്നമാണ്. നശിപ്പിച്ചത് അല്ലെ. ഇങ്ങനെ എല്ലാരംഗത്ത് തഴക്കവും പഴക്കവും കഴിവും മുള്ള ആളുകളെ ജയിപ്പിച്ചു വിട്ടാൽ ജനങ്ങൾ തോറ്റുപോകും. അതുകൊണ്ടു നമ്മൾ തോൽക്കാതിരിക്കാൻ പാവങ്ങളായ, നമ്മളെ അറിയുന്ന ആളുകളെ ജയിപ്പിച്ചു വിടുക. അതായിരിക്കും ഇനിയുള്ള കാലം ഇവിടെ ജീവിക്കാൻ നല്ലത്.