Kerala Leadership | കേരളാ ഘടകം ഒറ്റക്കെട്ടായി വാദിച്ചാൽ എംഎ ബേബി തന്നെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാവും; ഇഎംഎസിന് ശേഷം മറ്റൊരു മലയാളി സിപിഎമ്മിൻ്റെ അമരത്തേക്ക്?

 
MA Baby, the potential candidate for CPI(M) All India General Secretary
MA Baby, the potential candidate for CPI(M) All India General Secretary

Photo Credit: Facebook/ Communist Party of India

● കേരള ഘടകത്തിന്റെ പിന്തുണ എം.എ ബേബിക്ക് നിർണായകമാകും.
● പ്രായപരിധി മാനദണ്ഡം മറ്റു നേതാക്കൾക്ക് വെല്ലുവിളിയാകുന്നു.
● അശോക് ധാവ്ളെയുടെ പേരിനും സാധ്യതയുണ്ട്.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) 24-ാം പാർട്ടി കോൺ​ഗ്രസ് ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്നാട്ടിലെ മധുരയിൽ ചേരാനിരിക്കവെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാരാവുമെന്ന ചോദ്യം സി.പി.എമ്മിനുള്ളിൽ നിന്നുയരുന്നു. കേരളാ ഘടകത്തിന് ആധിപത്യമുള്ള പാർട്ടി പൊളിറ്റ്ബ്യൂറോയിൽ മലയാളിയായ എം.എ ബേബിയുടെ പേരാണ് ശക്തമായി ഉയർന്നു കേൾക്കുന്നത്. ബേബിയെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാക്കണമെന്ന് കേരളാ ഘടകം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ മറ്റൊരു പേരിന് സാധ്യതയില്ല. എന്നാൽ സിപിഎം കേരളാഘടകത്തിൽ മുഴുവൻ നേതാക്കളും എം എ ബേബിയെ അനുകൂലിക്കുന്നില്ല.

പിണറായി വിഭാഗത്തോട് അനുഭാവമുള്ള നേതാവാണെങ്കിലും പൂർണമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ  ബേബിയെ പിൻതുണക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ പൊളിറ്റ്ബ്യൂറോയുടെ കടിഞ്ഞാൺ തങ്ങളിലേക്ക് തന്നെ എത്തണമെന്നത് ഇന്ത്യയിൽ അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിന് താൽപര്യമുണ്ട്. 
മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് സിപിഎമ്മിൻ്റെ ദേശീയ ജനറൽ സെക്ര‍ട്ടറി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിൽ പ്രകാശ് കാരാട്ട് പി ബി കോ ഓ‍ർഡിനേറ്റർ എന്ന നിലയിൽ ചുമതലകൾ നിർവ്വഹിച്ച് വരികയാണ്. ഇതോടെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന ദൗത്യം കൂടി മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺ​ഗ്രസിനുണ്ട്.

MA Baby, the potential candidate for CPI(M) All India General Secretary

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് നിലവിലെ പ്രായപരിധി മാനദണ്ഡപ്രകാരം പോളിറ്റ്ബ്യൂറോയിൽ നിന്ന് മാറി നിൽക്കേണ്ടി വരും. പോളിറ്റ് ബ്യൂറോ അം​ഗങ്ങൾക്കും പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കാനാണ് സിപിഎം തീരുമാനമെന്ന് ബൃന്ദാ കാരാട്ട് പരസ്യമായി പറഞ്ഞിരുന്നു. നിലവിലെ സവിശേഷ സാഹ​ചര്യത്തിൽ പ്രകാശ് കാരാട്ടോ ബൃന്ദാ കാരാട്ടോ നേതൃപദവി ഏറ്റെടുക്കണമെന്ന നിലയിലുള്ള ചർച്ചകൾ ഇടക്കാലത്ത് സിപിഎമ്മിൽ ഉണ്ടായിരുന്നു. 

എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കണമെന്ന നിലപാടുകാരായ ഇരുവരും അത്തരം നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതുമുഖ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. എംഎ ബേബിക്ക് പുറമേ നിലവിലെ സാഹചര്യത്തിൽ അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷൻ അശോക് ധാവ്ളെയുടെ പേരിനാ‌ണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മുൻതൂക്കം. മഹാരാഷ്ട്ര പോലെ സിപിഎമ്മിന് അത്രയേറെ ശക്തിയില്ലാത്ത ഒരു ഘടകത്തിൽ നിന്നുള്ള നേതാവെന്നത് മാത്രമാണ് അശോക് ധാവ്ളെയ്ക്ക് എതിരായ ഘടകം. 

എന്നാൽ കർഷക സമരവുമായി ബന്ധപ്പെട്ട് ഹിന്ദി ബെൽറ്റിൽ മികച്ച ഇടപെടലുകൾ നടത്തിയതും സംഘാടന മികവും അശോക് ധാവ്ളെയ്ക്ക് അനുകൂലമാണ്. എന്നാൽ എം.എ ബേബിയെ ഒഴിവാക്കി കൊണ്ടു ഇത്തരമൊരു തീരുമാനത്തിലെത്തുകയെന്നത് പാർട്ടിക്ക് ദുഷ്കരമാണ്. എം എ ബേബിക്ക് വേണ്ടി കേരള ഘടകം ബേബിയ്ക്ക് വേണ്ടി വാദിച്ചാൽ ഇഎംഎസിന് ശേഷം സിപിഎമ്മിന് മറ്റൊരു മലയാളി ജനറൽ സെക്രട്ടറിയുണ്ടാവും. നിലവിൽ സിപിഎമ്മിൻ്റെ അന്താരാഷ്ട്ര വിഭാഗത്തിൻ്റെ പ്രധാന ചുമതലക്കാരൻ കൂടിയാണ് എം എ ബേബി. 

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അം​ഗങ്ങൾക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതിൽ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കിൽ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ ഇത്തരത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിവായി ഉൾപ്പെടുത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയിൽ ഉണ്ടാകുന്ന അഞ്ചോളം ഒഴിവിലേയ്ക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അന്താരാഷ്ട്ര വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ചുമതല നിർവഹിക്കുന്ന മുൻ എസ്എഫ്ഐ നേതാവ് അരുൺ കുമാർ എന്നിവരെ പരിഗണിച്ചേക്കും. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതോടെ പൊളിറ്റ്ബ്യൂറോയിൽ ആകെയുള്ള രണ്ട് വനിതാ പ്രാതിനിധ്യവും നികത്തേണ്ടതുണ്ട്. 

തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് യു വാസുകി പൊളിറ്റ്ബ്യൂറോയിൽ ഉറപ്പായും എത്താൻ സാധ്യതയുള്ള നേതാവാണ്. കെ ഹേമലത, മറിയം ധാവ്ളെ, കെ കെ ശൈലജ എന്നിവരും വനിതാ പ്രാതിനിധ്യത്തിൻ്റെ ഭാഗമായി പരി​ഗണിക്കപ്പെട്ടേക്കാം. സുര്യകാന്ത് മിശ്ര ഒഴിവാകുന്ന സാഹചര്യത്തിൽ ബംഗാളിൽ നിന്നും സുജൻ ചക്രബർത്തി പോളിറ്റ്ബ്യൂറോയിൽ ഇടം നേടിയേക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


The question of MA Baby becoming CPI(M)'s All India General Secretary arises ahead of the 24th Party Congress. Kerala's support crucial for his rise.

#CPI #GeneralSecretary #MABaby #KeralaPolitics #CPIPartyCongress #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia