NEET UG | ഞെട്ടിക്കുന്ന നിരവധി പരീക്ഷാ ക്രമക്കേട് കേസുകളിൽ കുറ്റാരോപിതൻ; എന്‍ഡിഎ എംഎല്‍എയ്ക്ക് ക്ലീന്‍ ചിറ്റ് കിട്ടിയത് എങ്ങനെ?

 
Bedi Ram

Facebook / Bedi Ram

വിവിധ മത്സര പരീക്ഷകളുടെ  ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്ന സംഘത്തിന്റെ നേതാവാണ് ബേദിറാമെന്ന് ഉത്തരേന്ത്യയില്‍ പരസ്യമായ രഹസ്യമാണെന്ന് പൊലീസ് പറയുന്നു

അര്‍ണവ് അനിത

(KVARTHA) 'ഞാന്‍ പല സംസ്ഥാനങ്ങളിലായി 40-50 പേരെ റിക്രൂട്ട് (Recruit) ചെയ്യുന്നു. രാജസ്ഥാന്‍ (Rajasthan), ബിഹാര്‍ (Bihar), തെലങ്കാന (Telangana), മധ്യപ്രദേശ് (Madhya Pradesh) എന്നിവിടങ്ങളിലും റിക്രൂട്ട്‌മെന്റുണ്ട്. പരീക്ഷ (Exam) റദ്ദാക്കിയാലും ഇല്ലെങ്കിലും ഫലം വരുന്നതുവരെ മാത്രമേ എനിക്ക് ഉത്തരവാദിത്തമുള്ളൂ', യുപി എംഎല്‍എ (UP MLA) ബേദി റാം (Bedi Ram) പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ (Social media) വൈറലാണ് (Viral).  

നീറ്റ് യുജി (NEET-UG) മെഡിക്കല്‍ പ്രവേശന പരീക്ഷ, യുജിസി - നെറ്റ് (UGC-NET) പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തായത്.  റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷകളിലും മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷനിലെ (MPPSC) റിക്രൂട്ട്മെന്റിലും ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയെന്നും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നും  ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. അതിന് പിന്നാലെയാണ് നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ കൂടി പങ്കുണ്ടെന്ന ആക്ഷേപം ഉയരുന്നത്.

ഗാസിപൂര്‍ ജില്ലയിലെ ജഖാനിയനില്‍ (Jakhanian) നിന്നുള്ള എംഎല്‍എയാണ് ബേദി റാം. ബിജെപിയുടെ സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (SBSP) അംഗമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിലാണ് ഈ പാര്‍ട്ടി മത്സരിച്ചത്. എസ്ബിഎസ്പി തലവന്‍ ഓം പ്രകാശ് രാജ്ഭര്‍ ആദ്യ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു. തട്ടിപ്പ്, ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ എന്നീ കേസുകളില്‍ ഒമ്പത് എഫ്‌ഐആര്‍ (FIR) ബേദി റാമിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NEET UGC

ആരാണ് ബേദി റാം?

യുപിയിലെ ജൗന്‍പൂര്‍ സ്വദേശിയാണ് ബേദി റാം. ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുടെ ദളിത് മുഖമാണ്. അദ്ദേഹത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath), യുപി ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. 

പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍, എസ്ബിഎസ്പി മേധാവി ഒപി രാജ്ഭര്‍ പറയുന്നത് ഇങ്ങിനെയാണ്, 'നിങ്ങള്‍ക്ക് ഏതെങ്കിലും വകുപ്പില്‍ ജോലി വേണമെങ്കില്‍, ഫോം പൂരിപ്പിച്ച ശേഷം ബേദി റാമിനെ വിളിക്കുക. അവന്‍ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പാണ്'. (വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ ആരും പരിശോധിച്ചിട്ടില്ല). ബേദി റാമിനെതിരെ ലഖ്നൗവില്‍ നാല്, ജൗന്‍പൂരില്‍ രണ്ട്, മധ്യപ്രദേശിലെ ഭോപ്പാലില്‍ രണ്ട്, രാജസ്ഥാനില്‍ ഒന്നും കേസുകളുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

1992ലെ രാജസ്ഥാന്‍ പബ്ലിക് എക്‌സാമിനേഷന്‍ (അന്യായമായ മാര്‍ഗങ്ങള്‍ തടയല്‍) നിയമത്തിന്റെ 4/6 വകുപ്പുകള്‍ പ്രകാരം ചോദ്യപേപ്പര്‍ അനധികൃതമായി കൈവശം വയ്ക്കുകയോ ചോര്‍ത്തുകയോ ചെയ്തതിനും യുപി ഗുണ്ടാ നിയമം (UP-Gangster Act) 1986-ലെ  2/3  വകുപ്പുകള്‍  അനുസരിച്ച് കുറ്റകൃത്യത്തിന് മുമ്പോ ശേഷമോ ഒരു സംഘാംഗത്തെ നിയമവിരുദ്ധമായി സഹായിക്കുകയോ മറ്റ് കാര്യങ്ങള്‍ ചെയ്യുകയോ ചെയ്തതിനും പൊതുപ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ ചുമത്തിയ കേസും നിലവിവുണ്ട്.  

2022ല്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് (Returning Officer) സമര്‍പ്പിച്ച ബേദി റാമിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, ഈ കേസുകള്‍ രാജസ്ഥാനിലെയും ലഖ്നൗവിലെയും റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ടതാണ്. എം.പി.പി.എസ്.സി റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഭോപ്പാലിലും പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ജൗന്‍പൂരിലുമാണ് നടന്നത്.  2006 നും 2016 നും ഇടയിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബേദി റാം അറസ്റ്റില്‍

2006-ല്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB)  ഗ്രൂപ്പ്-ഡി റിക്രൂട്ട്മെന്റ് പരീക്ഷ ഇന്ത്യയിലുടനീളം മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്നു. പരീക്ഷയുടെ രണ്ടാം ഘട്ടം 2006 ഫെബ്രുവരി 26 ന് നടത്തേണ്ടതായിരുന്നു.  എന്നാല്‍, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് എസ്. ഭഗത്തിന്, ചിലര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയതായി രഹസ്യ വിവരം ലഭിച്ചു.  അന്വേഷണ സംഘം ലഖ്നൗവിലെ (Lucknow) കൃഷ്ണ നഗര്‍ ഏരിയയിലെ മുഹമ്മദ് അസ്ലമിന്റെ (16 പ്രതികളില്‍ ഒരാള്‍) വീട്ടില്‍ റെയ്ഡ് (Raid) നടത്തി, ചോദ്യപേപ്പറിന്റെ (Question paper) കൈകൊണ്ട് എഴുതിയ പകര്‍പ്പുകള്‍ കണ്ടെത്തി. ഇതിനൊപ്പം ഉത്തരസൂചികകളും ഉണ്ടായിരുന്നു. 

പണം വാങ്ങിയ ശേഷം ഉത്തരങ്ങള്‍ കാണാതെ പഠിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.  കൈയെഴുത്തു ചോദ്യങ്ങള്‍ ഡിവിഷണല്‍ റെയില്‍വേ (Railway) മാനേജര്‍ക്ക് അയച്ചു, 150 ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായി കണ്ടെത്തി. പേപ്പര്‍ ചോര്‍ന്നതായി നിരീക്ഷിച്ച റെയില്‍വേ ബോര്‍ഡ് പരീക്ഷ റദ്ദാക്കി. 16 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ബേദി റാം ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പത്രകുറിപ്പ് പുറത്തുവിട്ടു. 

ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒന്ന് മുതല്‍ ഒന്നര ലക്ഷം രൂപ വീതം കൈപ്പറ്റിയതായി ചോദ്യം ചെയ്തപ്പോള്‍ സംഘത്തലവന്‍ ബേദി റാം സമ്മതിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തിന് ശേഷമാണ് പണം വാങ്ങുന്നത്. അതുവരെ ഉദ്യോഗാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കൈവശം വയ്ക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അഡ്മിറ്റ് കാര്‍ഡുകളുടെ ഫോട്ടോകോപ്പികളും ചോദ്യപേപ്പറിന്റെ പകര്‍പ്പുകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

റെയില്‍വേ ലോക്കോ പൈലറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് ബേദി റാമിനെ 2014 ജൂലൈ 17ന് ലഖ്നൗവില്‍ നിന്ന് യുപി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (STF) അറസ്റ്റ് ചെയ്തിരുന്നു. ലഖ്നൗവിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരസൂചികയുമായി അറസ്റ്റിലായ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം ചെയ്യലില്‍ ബേദി റാമും അനന്തരവന്‍ ദീപക്കും ഫോണിലൂടെ തട്ടിപ്പ് നടത്തിയതായി പോലീസിനെ അറിയിച്ചതായി എസ്എസ്പി അമിത് പഥക് പറഞ്ഞു.  'ബേദി റാം പഴുതുകള്‍ മുതലെടുക്കുന്നതില്‍ സമര്‍ത്ഥനാണ്. അദ്ദേഹത്തിന് റെയില്‍വേയുമായി നല്ല ബന്ധമുണ്ട്, കൂടാതെ പരീക്ഷാ പേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ ടെന്‍ഡര്‍ നല്‍കുന്ന പ്രിന്റിംഗ് ഹൗസുകളെ കുറിച്ച് അറിവുണ്ടെന്ന് തോന്നുന്നു.' എന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഓഫീസര്‍ ത്രിവേണി സിംഗ് പറഞ്ഞു. 

വിവിധ മത്സര പരീക്ഷകളുടെ  ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്ന സംഘത്തിന്റെ നേതാവാണ് ബേദിറാമെന്ന് ഉത്തരേന്ത്യയില്‍ പരസ്യമായ രഹസ്യമാണെന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകളിലൂടെ നേടിയ പണം കൊണ്ട് ലഖ്നൗവിലും ജൗന്‍പൂരിലുമായി ബേദി റാം  വീടുകള്‍, കൃഷിഭൂമി, തോട്ടങ്ങള്‍, ഇഷ്ടിക ചൂളകള്‍ തുടങ്ങി എട്ട് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി ഐജി (IG) പി സുജിത് പാണ്ഡേയ 2014 ഓഗസ്റ്റ് 21 ന് അധികൃതരെ അറിയിച്ചിരുന്നു.  അറസ്റ്റിലായി ഏതാനും മാസങ്ങള്‍ക്ക് ശേഷം, ബേദി റാം ജാമ്യത്തിലിറങ്ങി, 2016 ല്‍ ഗുഡ്ഗാവില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ ഒളിവിലായിരുന്നുവെന്ന് എസ്ടിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

ബേദി റാമിനെതിരായ പഴയ കത്തുകളും രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റ് വിഷയങ്ങളില്ലാത്തതിനാല്‍  പ്രതിപക്ഷം പഴയ കേസുകള്‍ കുത്തിപ്പൊക്കുകയാണെന്ന് എസ്ബിഎസ്പി ദേശീയ വക്താവ് അരുണ്‍ രാജ്ബര്‍ പറഞ്ഞു. ബേദി റാമിന് എല്ലാ കേസുകളിലും സിബിഐയും (CBI) സുപ്രീം കോടതിയും (Supreme Court) ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഇത് പ്രതിപക്ഷ ഗൂഢാലോചനയാണ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു. നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബേദി റാമിന് ബന്ധമില്ല. ദളിതനായത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഈ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് എല്ലാ പരീക്ഷകളുടെയും വിശ്വാസ്യത ഇല്ലാതാക്കിയെന്നുമുള്ള വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia