Khairana | ഹിന്ദു മേഖലയിൽ നിന്ന് ഒരു മുസ്ലിം യുവതി എംപി ആയതെങ്ങനെ? 10 വർഷം നീണ്ടുനിന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ഇടമില്ലാത്ത സ്ഥലമായി കൈറാന മാറിയപ്പോൾ 

 
Khairana
Khairana


'ജാട്ടുകൾക്ക് ഇടയിൽ ശക്തമായ മുസ്ലിം വിരുദ്ധത വളർത്തിയാണ് യുപിയിൽ ബിജെപി വളർന്നത്'

ഡോണൽ മുവാറ്റുപുഴ 

(KVARTHA) ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധയാകർഷിക്കുകയാണ്. സംഘ്പരിവാറിന് ബലവും ആഴവും ഉള്ള യു.പിയിലെ കൈറാന എന്ന ലോക് സഭാ മണ്ഡലത്തിൽ നിന്ന് ഇഖ്‌റ ഹസൻ  എന്ന 29 കാരിയായ മുസ്ലിം പെൺകുട്ടി ലോക് സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ചർച്ചയാകുന്നത്. കൈറാൻ എന്നാൽ ശരിക്കും ബി.ജെ.പിയുടെ കേന്ദ്രമായിരുന്നു. അവർ ആയിരുന്നു അവിടെ നിന്ന് ലോക് സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മറ്റൊരു സമുദായത്തിൽപ്പെട്ടവർക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല ലോക് സഭാ മെമ്പർ സ്ഥാനം. അവിടെ നിന്നാണ് ഇഖ്‌റ ഹസൻ എന്ന യുവതി സകല വെല്ലുവിളികളെയും അതിജീവിച്ച് ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് കാരണമായ സാഹചര്യങ്ങളാണ് ഈ പോസ്റ്റിൽ പറയുന്നത്. അത് ഇങ്ങനെയാണ്:

Khairana

'കൈറാന ലോക്സഭമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എസ് പി എംപി ഇഖ്‌റ ഹസൻ ആദ്യമായി പങ്കെടുക്കുന്ന രാഷ്ട്രീയസമരം സിഎഎക്ക് എതിരായ സമരമാണ്. ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ സമരം നടത്തിയ വിഭ്യാർത്ഥികളെ പോലീസുകാർ നേരിട്ട രാത്രിയാണ് അവർ പ്രതിഷേധവുമായി വന്നത്. കൈറാന ലോക്സഭാമണ്ഡലം സംഘിന് ബലവും ആഴവുമുള്ള മണ്ഡലമാണ്. 2019 ൽ ബിജെപി ജയിച്ച മണ്ഡലം. നിലവിൽ എസ് പിക്ക് ഒരു എംഎൽഎയും ബിജെപിക്ക് രണ്ടും എൻഡിഎ കക്ഷിക്ക് രണ്ടും എംഎൽഎമാരുള്ള മണ്ഡലം. ബിഎസ്‌പിയുടെയും ആർഎൽഡിയുടെയുംബിജെപിയുടെയും പ്രധാന വോട്ട് ബാങ്ക് ഹിന്ദു പിന്നോക്കകാരും ജാട്ടുകളായ കർഷകരും.

ജാട്ടുകൾക്ക് ഇടയിൽ ശക്തമായ മുസ്ലിം വിരുദ്ധത വളർത്തിയാണ് യുപിയിൽ ബിജെപി വളർന്നത്. ലോക്സഭ മണ്ഡലത്തിലെ കൈറാന നിയമസഭയിലെ ഒരു ഗ്രാമ- നഗര പ്രദേശമാണ് കൈറാന. ഉത്തരേന്ത്യയിൽ വളരെ കുപ്രസക്തി നേടിയ ഗ്രാമം. യൂപിയിലും ഡൽഹിയിലും ഹരിയാനയിലും ബോംബെയിലും ട്രെയിൻ യാത്ര ചെയ്യുന്ന കൈറാനക്കാരൻ നാടിന്റെ സ്വത്വം മറച്ച് വെച്ച് യാത്ര ചെയ്യുന്ന കാലം ഉണ്ടായിരുന്നു. അഡ്രസ് പറയുമ്പോൾ കൈറാന എന്ന് പതുക്കെ പറഞ്ഞ് കൊടുത്തിരുന്ന കൈറാനയിലെ ന്യൂനപക്ഷങ്ങൾ. പാലാ ബിഷപ്പിനെ കടം എടുത്താൽ പലവിധ മരുന്നുകൾ കൊണ്ട് ഹിന്ദുക്കളെ 'കൈകാര്യം ചെയ്യുന്ന മുസ്ലിങ്ങളുടെ' ഗ്രാമമായിരുന്നു കൈറാന. 

ബിജെപി കൈറാനയെ ലക്ഷ്യമാക്കി 2014 ൽ പ്രചാരണം ആരംഭിച്ചു. ഞെട്ടിക്കുന്ന കള്ളങ്ങൾ കൊണ്ട് നാടിനെ ഒറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ കമ്മീഷനെ വെച്ച് കൈറാനയിൽ പഠനം എന്ന പേരിൽ കള്ളങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദുക്കളെ കൂട്ടത്തോടെ ഓടിക്കുന്ന മുസ്ലിങ്ങൾ എന്ന വ്യാജം യു പിയിലെ ജാട്ടുകൾക്ക് ഇടയിൽ പരത്തി. മറ്റ് പലവിധ വിഭ്യാഭ്യാസ- വ്യവസായ കാരണങ്ങൾ കൊണ്ട് ഡൽഹിയിലേക്ക് പോയ കൈറാനയിലെ ഹിന്ദുകളുടെ എണ്ണം എടുത്ത് വലിയ കളവുകൾ പ്രചരിപ്പിച്ചു. ബിജെപി മന്ത്രിമാരും എംഎൽഎമാരും നേതൃത്വം കൊടുത്തു. അക്ഷരാർത്ഥത്തിൽ മുസ്ലിങ്ങളുടെ രാജഭരണമുള്ള ഹിന്ദു വിരുദ്ധകേന്ദ്രമാക്കി കൈറാനയെ സംഘ് ചിത്രീകരിച്ചു. 

അതിന്റെ റിസൾട്ട് 2019 ൽ ഗംഭീരമായി അവിടെ നിന്ന് ലഭിച്ചു. ഏക എസ് പി എംഎൽഎയും ഇഖ്‌റയുടെ സഹോദരനുമായ നഹ്ദി ഹസനെ യു പി പോലീസ് ജയിലിലാക്കിയിരുന്നു. ഹിന്ദുക്കളെ നേരിടുന്ന മുസ്ലിം ഗുണ്ട എന്ന ഇമേജ് ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. 2024 ൽ അഖിലേഷ് സിഎഎ വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മുസ്ലിം പെൺകുട്ടിയെ എൻ ഡിഎക്ക് 80 ശതമാനം തദ്ദേശപ്രതിനിധികളുള്ള ലോക്സഭയിലേക്ക് മത്സരിക്കാൻ കൊണ്ട് വന്നു. പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തി പ്രചാരണം നടത്തി. കർഷകരെ അഡ്രസ് ചെയ്തു. മുസ്ലിം പൗരത്വവിഷയങ്ങൾ ഉയർത്തി കാണിച്ചു. വിലക്കയറ്റം, അഴിമതി, ഭരണഘടന ഒക്കെയും വിഷയമായി. 

പണ്ട് അപകടത്തിൽ മരണപ്പെട്ട - ഇപ്പോഴും സംഘ് മുസ്ലിം ഭീകരനായി കാണുന്ന- ജനപ്രതിനിധിയായിരുന്ന പിതാവിനെ ഓർത്തും അനുസ്മരിച്ചും ഇഖ്‌റ രാഷ്ട്രീയം ആവർത്തിച്ച് പറഞ്ഞു. ബിജെപി ഉറപ്പിച്ച മണ്ഡലമായിരുന്നു കൈറാന. സ്ഥാനാർത്ഥിയുടെ സമര ചരിത്രത്തെ എടുത്ത് കാണിച്ച് ജാട്ടുകൾക്ക് ഇടയിൽ പ്രചാരണം നടത്തി. എസ് ടിക്കാരെ പുറത്താക്കി പാകിസ്ഥാനിൽ നിന്ന് മുസ്ലിങ്ങളെ കൊണ്ട് വന്ന് പൗരത്വം കൊടുക്കുമെന്ന് പ്രചരിപ്പിച്ചു. മുസാഫിർ നഗറിലെ 'വർഗീയവാദികൾക്ക്' ഇടം നൽകിയ പോലെ ഹിന്ദു വിരുദ്ധർക്ക് കൈറാനയിൽ ഇഖ്‌റ വീട് നിർമിക്കുമെന്ന് പ്രചരിപ്പിച്ചു. അവസാനം, 29 കാരിയായ ഇഖ്‌റ ഹസൻ ഇത്തവണ ഡൽഹിക്ക് കയറി. 

കൈറാനയിലെ ബിജെപി കേന്ദ്രങ്ങളിൽ ജാട്ടുകളും പിന്നോക്കക്കാരും മുസ്ലിങ്ങളും ഒരുമിച്ച് തിരഞ്ഞെടുപ്പ്  ആഘോഷങ്ങളിൽ പങ്ക് ചേർന്നു. 10 വർഷം നീണ്ട് നിന്ന മുസ്ലിം വിരുദ്ധതക്ക് സ്പേസ് ഇല്ലാത്ത ഇടമായി കൈറാന മാറി. സിഎഎ വിരുദ്ധ ബാനർ ഉയർത്തിയ എത്രയോ മുസ്ലിം ചെറുപ്പക്കാർ ഇപ്പോഴും ജയിലിൽ കഴിയുന്ന ഉത്തരേന്ത്യയിൽ നിന്ന് ഒരു പെൺകുട്ടി പാർലമെന്റിലേക്ക് വരുന്നു. കേരളത്തിൽ ഗംഭീരമായ സോഷ്യൽ എഞ്ചിനീയറിംഗ് സംഘ് നടപ്പിലാക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. 

കൈറാനയെ കുറിച്ച് സംഘ് 10 കൊല്ലം പറഞ്ഞത് വെള്ളാപ്പള്ളി മലബാറിനെ കുറിച്ച് പറയ്യുന്നു. മാപ്പിളകൾ പെൺകുട്ടികളെ മയക്കുന്നു എന്ന പ്രചാരണം നടത്തിയ ബിഷപ്പും മറ്റും സോഷ്യൽ എഞ്ചിനീയറിങിന്റെ ഭാഗമാവുന്നു. കൈറാനയിൽ ബിജെപി സ്ഥാനാർഥി പ്രദീപ് കേന്ദ്രമന്ത്രി ആകുമെന്ന പ്രചാരണം ജാട്ടുകൾക്ക് ഇടയിൽ നടത്തിയിരുന്നു. അതിനെ രാഷ്ട്രീയം കൊണ്ട് തള്ളിക്കളഞ്ഞ കൈറാനക്കാരെ തൃശൂർകാർക്ക് ഓർക്കാവുന്നതാണ്. രാഷ്ട്രീയപരമായി- കേരളം മറ്റ് എന്തിനേക്കാളും മികച്ചതാണ് എന്ന പൊങ്ങച്ചങ്ങളെ നോക്കി യു പിയിലെ ജാട്ടുകളും പിന്നോക്കക്കാരും ചിരിക്കുന്നുണ്ട്. അഖിലേഷ് യാദവിന്‌ അഭിവാഭ്യങ്ങൾ'.

ഇതാണ് പോസ്റ്റ്. ശരിക്കും ജനങ്ങളെ മണ്ടന്മാരാക്കി ഇവിടെ വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ മതപരമായി തമ്മിലടിപ്പിച്ച് അധികാരത്തിൽ എത്തുന്ന നയമാണ് സംഘ്പരിവാർ പോലുള്ള സംഘടനകൾ സ്വീകരിച്ചു പോരുന്നതെന്ന ആക്ഷേപമുണ്ട്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം തന്നെ അതിന് ഉദാഹരണം. മുസ്ലിങ്ങളോടുള്ള എതിർപ്പ് ഒന്നുകൊണ്ട് മാത്രമാണ് തൃശൂരിൽ ക്രിസ്ത്യാനികളെ ബിജെപിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച ഘടകമെന്നാണ് വിലയിരുത്തൽ. ഒരു സംഘം ക്രിസ്ത്യാനികൾ അതിലെ കപടത തിരിച്ചറിഞ്ഞില്ലെന്ന് മാത്രമെന്നും വിമർശനം ഉയരുന്നു. ബിജെപിയുടെയും സംഘ്പരിവാറിൻ്റെയും കപടത തിരിച്ചറിഞ്ഞ കൈറാനയിലെ ജനങ്ങൾ ഒന്നിച്ച് നിന്ന് ഈ മുസ്ലിം പെൺ കുട്ടിയെ ലോക് സഭയിലേയ്ക്ക് വിജയിപ്പിക്കുകയായിരുന്നു. ഇത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവർക്ക് ഒരു പാഠമാകട്ടെ. നന്നായി ചിന്തിച്ചാൽ ഇനിയും ഒരു മണിപ്പൂർ ഒഴിവാക്കാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia